ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു: കെ. സുരേന്ദ്രന്‍

Wednesday 22 April 2015 10:14 pm IST

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും കുടുങ്ങി പരിഹരിക്കപ്പെടാതെ കിടക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസമ്പര്‍ക്കപരിപാടിയിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. സാധാരണക്കാരായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്ന മട്ടില്‍ കോടികളാണ് ചെലവഴിക്കപ്പെടുന്നത്. ജനസമ്പര്‍ക്ക പരിപാടിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ക്കായി എത്ര രൂപയാണ് ചെലവഴിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. പല ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടിക്കായി ചെലവഴിച്ച തുകയും ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്ത തുകയും തമ്മില്‍ വലിയ അന്തരമില്ല. ഈ സാഹചര്യത്തില്‍ കൃത്യമായ ഓഡിറ്റിംഗ് നടത്തി സത്യം പുറത്തുവിടണം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ കൃത്യമായ വിവരം നല്‍കാന്‍ ജനസമ്പര്‍ക്കപരിപാടി നോഡല്‍ ഓഫീസറുടെ ഓഫീസോ ജില്ലാ കലക്‌ട്രേറ്റുകളോ തയ്യാറായിട്ടില്ല. മിക്ക ജില്ലകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പൂര്‍ണ്ണമല്ല. കാസര്‍കോഡ് നടത്തിയ ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ച് വിവരം ആരാഞ്ഞപ്പോള്‍ വിവരാവകാശ നിയമപ്രകാരം ഇതിനെക്കുറിച്ച് വിവരം നല്‍കേണ്ടതില്ല എന്നാണ് മറുപടി ലഭിച്ചത്. വിവരാവകാശ നിയമത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അട്ടിമറിച്ചതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ജനങ്ങള്‍ക്ക് നീതി നല്‍കാനെന്ന് പറഞ്ഞു നടത്തുന്ന മുഖ്യമന്ത്രി കൊട്ടിഘോഷിച്ച് നടത്തുന്ന ജനസമ്പര്‍ക്കപരിപാടി ജനസമ്പര്‍ക്കത്തട്ടിപ്പായി മാറിയിരിക്കുകയാണ്. സാധാരണക്കാരെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പ്രതിപക്ഷനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഈ വിഷയം രാഷ്ട്രീയപരമായും നിയമപരമായും പാര്‍ട്ടി നേരിടും. പ്രശ്‌നം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. വി. പി. ശ്രീപത്മനാഭനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.