സൌദിയില്‍ വ്യോമാക്രമണം പുനരാരംഭിച്ചു

Thursday 23 April 2015 2:05 pm IST

സന: ഒരു മാസത്തോളമായി യെമനില്‍ നടത്തി വരുന്ന ആക്രമണത്തിന് താത്കാലിക വിരാമമിട്ട സൗദി അറേബ്യ മണിക്കൂറുകള്‍ക്കുള്ളില്‍ വ്യോമാക്രമണം പുനരാരംഭിച്ചു. തെയ്‌സില്‍ യെമനി സേനാവിഭാഗം ഹൂതി വിമതരുടെ ആക്രമണത്തിന് ഇരയായതോടെയാണ് സൗദി സേന പ്രത്യാക്രമണം ആരംഭിച്ചത്. ഹൂതികള്‍ ഉപയോഗിച്ചിരുന്ന ടാങ്കുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഏദന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ നായക് അല്‍ ബക്രി അറിയിച്ചു. ഏദനിലും ഹൂതികളുടെ നിയന്ത്രണത്തിലുള്ള തായിസ് നഗരത്തിലും വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹൂതികള്‍ക്കെതിരെയുള്ള ആദ്യഘട്ട ആക്രമണം നിര്‍ത്തിയെന്നും റിന്യൂവല്‍ ഓഫ് ഹോപ്പ് എന്ന രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും നേരത്തെ സൗദി അറേബ്യ അറിയിച്ചിരുന്നു. അതിനിടെ, കഴിഞ്ഞ മാസം യെമനിലെ വിമതസൈന്യത്തിന്റെ പിടിയിലായ പ്രതിരോധമന്ത്രിയെയും പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹദിയുടെ സഹോദരനെയും ഒരു ജനറലിനെയും സ്വതന്ത്രരാക്കിയതായി മധ്യസ്ഥര്‍ വ്യക്തമാക്കി. വിദേശത്തേക്കു കടന്ന പ്രസിഡന്റ് ഹാദിയുടെ സഹോദരനായ ജനറല്‍ നാസര്‍ മന്‍സൂര്‍ ഹാദി, പ്രതിരോധ മന്ത്രി ജനറല്‍ മഹ്മൂദ് അല്‍ സുബൈഹി, ജനറല്‍ ഫൈസല്‍ റജബ് എന്നിവരെയാണ് മോചിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.