കോഴിക്കോട്: കാഴ്ചയില്ലെന്ന പരിമിതികളെ സംഗീത തപസ്യകൊണ്ട് മറികടന്ന അവര്‍ പ്രശസ്തരായ സംഗീതജ്ഞന്മാരോടൊപ്പം പാടി ഭക്തകവി സൂര്‍ദാസ് ജയന്തി മഹോത്സവത്തെ സാര്‍ത്ഥകമാക്കി, അന്ധതയെ മറികടന്ന മഹാനുഭാവന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഭിന്നശേഷിയുള്ളവരുടെ ദേശീയപ്രസ്ഥാനമായ സക്ഷമ കോഴിക്കോട് സംഘടിപ്പിച്ച സൂര്‍ദാസ് ജയന്തി ആഘോഷത്തില്‍ താമരക്കാട് കൃഷ്ണന് നമ്പൂതിരി, ഗീതാദേവി വാസുദേവന്‍, കെ.എസ്. മഹതി, കെവിഎസ് ബാബു എന്നിവരോടൊപ്പം മറിയപ്പള്ളി എന്‍. ഗോപകുമാര്‍, ചന്ദ്രപ്രസാദ്, എം.കെ. ബാബു മാസ്റ്റര്‍ എന്നിവരാണ് പഞ്ചരത്നകീര്ത്തനാലാപനത്തില് പങ്കെടുത്തത്. സൗരാഷ്ട്ര രാഗത്തില്‍ ശ്രീ ഗണപതേ സേവിന്പതരെ എന്ന സ്തുതിയോടെ ആരംഭിച്ച കീര്‍ത്തനാലാപനത്തില്‍ ത്യാഗരാജരുടെ ഘനരാഗ പഞ്ചരത്നകീര്ത്തനങ്ങളാണ് ആലപിച്ചത്.
നാട്ടരാഗത്തിലുള്ള ജഗദാനന്ദകാരക, ഗൗളരാഗത്തിലുള്ള ദുടുക്കുഗല, ആരഭിരാഗത്തിലുള്ള സാധിഞ്ജനേ വരാളി രാഗത്തിലുള്ള ഘനഘനരുചിര തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിച്ച് ശ്രീരാഗത്തിലുള്ള ത്യാഗരാജ സ്വാമികളുടെ സുപ്രസിദ്ധമായ എന്തരോ മഹാനുഭാവലു എന്ന കീര്‍ത്തനത്തോടെയാണ് ആലാപനം അവസാനിച്ചത്.
സംഗീതമധുരമായ ആലാപനത്തില്‍ ലയിച്ച സദസ്സിലുള്ളവര്‍ക്ക് ഈ യുവസംഗീതജ്ഞരുടെ പരിമിതി തിരിച്ചറിഞ്ഞിരുന്നില്ല. കീര്‍ത്തനാലാപനത്തില്‍ മതിമറന്ന് പാടിയവര്‍ക്ക് വേദിയില്‍ നിന്നിറങ്ങാന്‍ സഹായികളെത്തിയപ്പോഴാണ് യുവസംഗീതജ്ഞന്മാര്ക്ക് കണ്ണു കാണില്ലെന്നവരറിയുന്നത്.
കോട്ടയം ഈരാറ്റുപേട്ടയില്‍ താമസമാക്കിയ മറിയപ്പള്ളി എന്‍. ഗോപകുമാര്‍ കാഞ്ഞിരപ്പള്ളി അസിസി അന്ധവിദ്യാലയത്തില്‍ സംഗീതാധ്യാപകനാണ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍നിന്നും ബിരുദമെടുത്ത ഗോപകുമാര്‍ സക്ഷമയുടെ പൂര്‍വ്വ രൂപമായ ദൃഷ്ടിഹീന്‍ കല്യാണ്‍ സംഘിന്റെ സ്ഥാപകനാണ്.
അന്ധവിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതിന്റെ പേരില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വെച്ച് എസ്എഫ്ഐക്കാരുടെ ക്രൂരമായ ആക്രമണത്തിനും ഗോപകുമാര്‍ വിധേയനായിട്ടുണ്ട്. ദൃഷ്ടിഹീന്‍ കല്ല്യാണ്സംഘിന്റെ സംഘനാസെക്രട്ടറി, സക്ഷമ ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച ഗോപകുമാര്‍ ഇപ്പോള്‍ സക്ഷമയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കൊല്ലം തേവലക്കര സ്വദേശിയായ ചന്ദ്രപ്രസാദ് സക്ഷമയുടെ പാലക്കാട് കേന്ദ്രമായ കൃഷ്ണജ്യോതിയില് ദീര്‍ഘകാലം സേവനമനുഷ്ടിച്ചിരുന്നു. ഇപ്പോള്‍ സക്ഷമയുടെ ഭജന സംഘത്തിന് നേതൃത്വം നല്കുന്നു. മണാശ്ശേരി ഹൈസ്കൂളിലെ സംഗീതാധ്യാപകനായ എം.കെ. ബാബു മാസ്റ്റര്‍ സക്ഷമ കോഴിക്കോട് ജില്ലാ ഉപാധ്യക്ഷനുമാണ്.
27 പേര് സംഗീതാരാധനയില്‍ പങ്കെടുത്തു. തുടര്‍ന്ന് സംഗീതാര്‍ച്ചന നടന്നു. മൃദംഗവിദ്വാന്‍ പുതുക്കോട് എസ്. കൃഷ്ണയ്യര്‍ ദീപം തെളിയിച്ചു. വൈകീട്ട് നടന്ന സൂര്‍ദാസ് അനുസ്മരണ സമ്മേളനം പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ടി.പി. രാജന് മാസ്റ്റര്‍, സി. കൃഷ്ണന് നമ്പൂതിരി, എന്‍. ബാബു സാമി, ഡോ. ഡി. ആത്മദേവ്, പി. സുഭാഷ്, പി. പ്രകാശന് എന്നിവര്‍ സംസാരിച്ചു. കനറാബാങ്ക്, കോഴിക്കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ഹരിഹരന് സ്മാര്‍ട്ട് വൈറ്റ് കെയിന്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: