പ്രശസ്ത സംഗീത ഗ്രന്ഥകാരന്‍ എ.ഡി. മാധവന്‍ അന്തരിച്ചു

Thursday 23 April 2015 11:03 pm IST

കോഴിക്കോട്: പ്രശസ്ത സംഗീത ഗ്രന്ഥകാരനായ എ. ഡി. മാധവന്‍ (73) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പൊറ്റമ്മല്‍ സംഗീതം വീട്ടില്‍ വെച്ച് ഇന്നലെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍ എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ഭാരതീയ സംഗീതത്തെക്കുറിച്ച് ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന സമകാലിക സംഗീതം മാസികയുടെ എഡിറ്ററാണ്. തൃശൂര്‍ വടക്കാഞ്ചേരി ആലത്തൂര്‍ മനയില്‍ എ.ഡി. നമ്പൂതിരിപ്പാടിന്റെയും കാളി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ച മാധവന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് പിജി ബിരുദവും നേടി. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിലെ സേവനത്തിന് ശേഷം കെഎസ്‌ഐഡിസിയില്‍ നിന്നും ജനറല്‍മാനേജറായി വിരമിച്ചു. സംഗീതവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മാധവന്‍. സംഗീത വാചസ്പതി പുരസ്‌കാരം, ഇലവുംമൂട്ടില്‍ ശിവരാമപിള്ള പുരസ്‌കാരം, പ്രവാസി ഭാരതിപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോര്‍ ഓഫ് കര്‍ണാടിക് മ്യൂസിക് (ഇ-ബുക്ക്), സംഗീതശാസ്ത്രാമൃതം, ചുപ്‌കെ ചുപ്‌കെ രാത്ദിന്‍, രവീന്ദ്രനാഥ് ടാഗോറിന്റെ മൂന്ന് വിശ്രുത പ്രേമകാവ്യങ്ങളുടെ മലയാള പരിഭാഷ, കര്‍ണാടസംഗീതമാലിക, ഹിന്ദുസ്ഥാനി സംഗീതം, 101 രവീന്ദ്രസംഗീതം തുടങ്ങിയവ ഇതില്‍പെടും. പ്രശസ്ത വെണ്‍മണി കുടുംബാംഗവും എഴുത്തുകാരിയുമായ രാധാമാധവനാണ് ഭാര്യ. മക്കള്‍: ലാവണ്യരഞ്ജിത്(കഥകളി കലാകാരി, സീനിയര്‍ മാനേജര്‍ ന്യൂഇന്ത്യ ഇന്‍ഷൂറന്‍സ് മുംബൈ), പരേതനായ വികാസ് മാധവന്‍. മരുമകന്‍: രഞ്ജിത് മുണ്ടയൂര്‍(സീനയര്‍ മാനേജര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം മുംബൈ). സഹോദരങ്ങള്‍: എ.ഡി.ദാമോദരന്‍(സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി മുന്‍ചെയര്‍മാന്‍), ഡോ. എ.ഡി.കൃഷ്ണന്‍(വൈശാലി ഫാര്‍മസ്യൂട്ടിക്കല്‍സ്), പ്രൊഫ. എ.ഡി.നാരായണന്‍ (റിട്ട.എസ്എന്‍കോളേജ് ചേളന്നൂര്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.