സൈന, സിന്ധു ക്വാര്‍ട്ടറില്‍; കശ്യപ് പുറത്ത്

Thursday 23 April 2015 11:31 pm IST

ഹുവാന്‍: ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ട് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയ പി.വി. സിന്ധുവും ക്വാര്‍ട്ടിലെത്തിയിട്ടുണ്ട്. അതേസമയം പുരുഷവിഭാഗം സിംഗിള്‍സില്‍ പി. കശ്യപ് പുറത്തായി. മൂന്നാം റൗണ്ടില്‍ ജപ്പാന്റെ നോസോമി ഒകുഹാരയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ലോക ഒന്നാം നമ്പര്‍ താരമായ സൈന അവസാന എട്ടിലേക്ക് കുതിച്ചത്. ഒരുമണിക്കൂറും എട്ട് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 21-14, 10-21, 21-10 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ അഞ്ചാം സീഡ് താരം സു യിങ് തായിയാണ് സൈനയുടെ എതിരാളി. മറ്റൊരു മത്സരത്തില്‍ മക്കാവു താരം മക്കാവു താരം ടെന്‍ ലോക് യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം പി.വി. സിന്ധു ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 20 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 21-8, 21-9 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. ഒന്നാം സീഡ് ചൈനയുടെ ലി സുറേയിയാണ് സിന്ധുവിന് ക്വാര്‍ട്ടറില്‍ എതിരാളി. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി. കശ്യപ് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. ഒരു മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഏഴാം സീഡ് ചൈനയുടെ ഷെങ്മിങ് വാങിനോടാണ് കശ്യപ് പരാജയപ്പെട്ടത്. സ്‌കോര്‍: 21-23, 21-17, 21-8. ആദ്യ ഗെയിം നേടി കശ്യപ് എതിരാളിയെ അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും അടുത്ത രണ്ട് ഗെയിമുകളില്‍ മികച്ച ഫോമിലേക്കുയര്‍ന്ന ചൈനീസ് താരത്തിന് മുന്നില്‍ കശ്യപിന് അടിതെറ്റുകയായിരുന്നു. പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും മൂന്നാം റൗണ്ടില്‍ പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ അരുണ്‍ വിഷ്ണു-അപര്‍ണ ബാലന്‍ സഖ്യവും രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.