എസ്എസ്എല്‍സി ഫലം ഇന്ന് പുനഃപ്രസിദ്ധീകരിക്കും

Friday 24 April 2015 1:05 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയുടെ പടുകുഴിയിലാക്കിയ പാളിച്ചകളുടെ പശ്ചാത്തലത്തിലും എസ്എസ്എല്‍സി ഫലം പുനഃപ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ മുതിരില്ല. നാണക്കേട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. വിജയശതമാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാത്തതിനാലാണ് പ്രഖ്യാപനം ഒഴിവാക്കുന്നതെന്നും വിശദീകരണം. എന്നാല്‍, തെറ്റുകള്‍ തിരുത്തി ഇന്നു ഫലം പുനഃപ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് കിട്ടിയ മാര്‍ക്കും നിലവിലെ മാര്‍ക്ക് ലിസ്റ്റും ഒത്തുനോക്കി പിഴവുകള്‍ തിരുത്തിയാവും വെബ്‌സൈറ്റില്‍ പൂര്‍ണമായ ഫലം ലഭ്യമാക്കുക. ഇതിനുമുന്നോടിയായി പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് നിലവിലെ എസ്എസ്എല്‍സി ഫലം ഇന്നലെ രാവിലെയോടെ നീക്കിയിരുന്നു. ഐടി അറ്റ് സ്‌കൂള്‍, പരീക്ഷാഭവന്‍ വെബ്‌സൈറ്റുകളിലെ ഫലമാണ് പിന്‍വലിച്ചത്. ഗ്രേസ്മാര്‍ക്ക് ചേര്‍ക്കാതെ ഫലം പ്രസിദ്ധീകരിച്ചതാണ് പാളിച്ചകള്‍ക്ക് കാരണം. ആയിരക്കണക്കിന് കുട്ടികളുടെ ഗ്രേസ്മാര്‍ക്കാണ് ചേര്‍ക്കാതെപോയത്. അതേസമയം, മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് മാര്‍ക്കുകള്‍ വീണ്ടും ശേഖരിക്കുന്ന പ്രവര്‍ത്തി തുടരുന്നുണ്ട്. 44 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഫലം പൂര്‍ണമായും ശേഖരിച്ചുകഴിഞ്ഞു. ആകെയുള്ള 54 മൂല്യനിര്‍ണയ ക്യാംപുകളില്‍ ഇനി 10 ഇടങ്ങളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് ലഭിക്കണം. ആയിരത്തിലധികം കുട്ടികളുടെ പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ ക്യാംപുകളില്‍ അധ്യാപകര്‍ മാര്‍ക്ക് ലിസ്റ്റും പേപ്പറും ഒത്തുനോക്കുന്ന തിരക്കിലാണ്. ഇന്ന് ഉച്ചയോടെ പൂര്‍ണമായ ഫലം ഇവിടങ്ങളില്‍ നിന്നുമെത്തും. ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവര്‍ക്ക് അതും കൂടി നല്‍കി വൈകിട്ടോടെ വ്യക്തതയുള്ള പൂര്‍ണഫലം പ്രസിദ്ധീകരിക്കും. അതിനിടെ, ഇന്നലെ ഐടി അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പഴയഫലം വീണ്ടുമിട്ടത് വിവാദമായി. പരീക്ഷാഭവന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനോ തിരുത്ത് നല്‍കാനോ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. തിരുത്തുകള്‍ വിളിച്ച് പറയാന്‍ നല്‍കിയ ഫോണ്‍ നമ്പറുകളും നിശ്ചലമായിരുന്നു. പരീക്ഷാഭവനില്‍ ഫലം ഏകോപിപ്പിക്കേണ്ട എ സെക്ഷനിലെ ജീവനക്കാരുടെ വീഴ്ചയാണു പ്രശ്‌നകാരണമെന്ന് ആക്ഷേപമുണ്ട്. എന്‍ഐസിയുടെ വീഴ്ചയാണു കാര്യങ്ങള്‍ അവതാളത്തിലാക്കിയതെന്നും തങ്ങള്‍ക്കു പൂര്‍ണ ചുമതല നല്‍കിയിരുന്നുവെങ്കില്‍ ഭംഗിയായി ഫലപ്രഖ്യാപനം നടത്തുമായിരുന്നെന്നുമാണ് ഐടി അറ്റ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്. പരീക്ഷാ ഭവനില്‍ നേരിട്ട് ലഭിച്ച 66 പരാതികളില്‍ പൂര്‍ണ പരിഹാരം കണ്ടിട്ടുണ്ട്. അതേസമയം, സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നമാണ് പിഴവുകള്‍ക്ക് കാരണമായതെന്ന ആരോപണത്തിനെതിരെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ രംഗത്തെത്തി. ധൃതിപിടിച്ചുള്ള നടപടികളാണ് വ്യാപകമായ പിഴവുകള്‍ക്ക് കാരണമായതെങ്കിലും പഴി ആരുടെയെങ്കിലും മേല്‍ ചാരാനുള്ള നീക്കം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണ്ട്. ഫലം പുനഃപ്രസിദ്ധീകരിച്ചാലും വിവാദങ്ങള്‍ മാറില്ലെന്നു ചുരുക്കം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.