കെജ്‌രിവാള്‍ മാപ്പ് പറഞ്ഞതുകൊണ്ട് തന്റെ മകന്‍ തിരിച്ചു വരില്ലെന്ന് ഗജേന്ദ്രയുടെ അച്ഛന്‍

Friday 24 April 2015 12:38 pm IST

ഗജേന്ദ്ര

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞതുകൊണ്ട് മരിച്ചു പോയ തന്റെ മകന്‍ തിരിച്ചുവരുമോയെന്ന് ആം ആദ്മി നടത്തിയ കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്രയുടെ അച്ഛന്‍. എല്ലാം നാടകമാണ്. വലിയൊരു സംഭവം നടന്നിട്ട് അതിന് ക്ഷമാപണം നടത്തുക. ഇങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് ഈ സര്‍ക്കാരിനെ മുന്നോട്ട് നയിക്കുകയെന്നും ഗജേന്ദ്രയുടെ അച്ചന്‍ ബെന്നെ സിങ് ചോദിക്കുന്നു.

കെജ്‌രിവാളിന്റെ മാപ്പപേക്ഷയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകന് ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാനും പോയി മാപ്പ് പറയും. എന്നാല്‍ മാപ്പപേക്ഷ കൊണ്ട് മകനെ തിരിച്ചു കിട്ടുമോ. മൂന്ന് ചെറിയ കുട്ടികളെയും ഉപേക്ഷിച്ചാണ് എന്റെ മകന്‍ പോയത്. ഇനി അവരെ ആര് സംരക്ഷിക്കുമെന്നും ബെന്നെ സിങ് ചോദിക്കുന്നു.

ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന ഗജേന്ദ്ര മരത്തില്‍ കയറി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ എന്തു കൊണ്ട് അത് തടയാന്‍ കെജ്‌രിവാളിന് കഴിഞ്ഞില്ലെന്ന് ഗജേന്ദ്രയുടെ അമ്മാവനും പറഞ്ഞു. ബാനറുകള്‍ കെട്ടിയിരുന്നതിനാല്‍ ഗജേന്ദ്ര മരത്തില്‍ കയറുന്നത് കണ്ടില്ലെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. തുടര്‍ന്ന് മാപ്പപേക്ഷിക്കുക. ഇതില്‍ നിന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി നടത്തിയ കര്‍ഷക റാലിക്കിടെയാണ് കര്‍ഷകനായ ഗജേന്ദ്ര ആത്മഹത്യചെയ്തത്. സംഭവത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞിരുന്നു. വേദിക്ക് കുറച്ചകലെയായിരുന്നു മരം നിന്നിരുന്നത്. അതിനാല്‍ തന്നെ എന്താണ് സംഭവിച്ചത് എന്ന് വേദിയിലിരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. മരത്തിന് കീഴെ ആം ആദ്മി പ്രവര്‍ത്തകരും ചില അധ്യാപകരും ഉണ്ടായിരുന്നു. എന്നാല്‍ ഗജേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് അവര്‍ ആരും തന്നെ കരുതിയിരുന്നില്ലെന്ന് കേജ്‌രിവാള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.