വീട്ടമ്മയെ സിപിഎമ്മുകാര്‍ വീടുകയറി അക്രമിച്ചു

Friday 24 April 2015 5:53 pm IST

ആലപ്പുഴ: വീടിന്റെ പരിസരത്ത് മദ്യപിക്കുന്നതിനെതിരെ പുന്നപ്ര പോലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കേസില്‍ പ്രതിയായ സിപിഎമ്മുകാരനായ പഞ്ചായത്തംഗത്തിന്റെ മകന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ ആക്രമണം. യുവതിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് പാലിയത്തറ വീട്ടില്‍ സീന(32)യുടെ വീടിന് നേരെയാണ് ഒരുസംഘം അക്രമണം നടത്തിയത്. പരിക്കേറ്റ സീനയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സംഘം വീട് അടിച്ചു തകര്‍ത്തു. ഭര്‍ത്താവ് വിദേശത്തായ സീനയും മൂന്നു പെണ്‍കുട്ടികളും വൃദ്ധരായ മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികള്‍ സീനയുടെ ഇടതുകൈ ഇരുമ്പു പൈപ്പിനു അടിച്ച് ഒടിച്ചു. ബോധംകെട്ട് വീണ സീനയെ സമീപ വാസികളാണ്  വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരാഴ്ച മുന്‍പ് പുന്നപ്ര തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് അംഗവും സിപിഎം പുന്നപ്ര എല്‍സി അംഗവുമായ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഈ കുടുംബത്തിനുനേരെ അക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പുന്നപ്ര പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടിയില്ല. പരാതി നല്‍കിയതിന്റെ പേരിലാണ് കഴിഞ്ഞ രാത്രിയില്‍ പഞ്ചായത്തംഗത്തിന്റെ മകന്റെ നേതൃത്വത്തില്‍ കൊലവിളി നടത്തിയത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള ഈ കുടുബത്തിനു നേരെ ഒരാഴ്ചക്കുള്ളില്‍ മൂന്നോളം അക്രമങ്ങളാണ് അരങ്ങേറിയത്. എന്നാല്‍ സിപിഎമ്മുകാരായ ഗുണ്ടകളെ ഭയന്ന് പരിസരവാസികള്‍പോലും ശബ്ദമുയര്‍ത്താറില്ല. ഈ പ്രദേശത്താകെ സിപിഎമ്മുകാര്‍ മദ്യപിച്ച് അഴിഞ്ഞാടുകയാണെന്ന് പരാതി വ്യാപകമാണ്. പ്രദേശത്ത് മദ്യ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം നാട്ടുകാര്‍ക്ക് ഭീഷണിയാണെങ്കിലും പോലീസ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ്  പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.