ഓണം ബമ്പര്‍ നറുക്കെടുപ്പിലെ പിഴവ് : നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Saturday 5 November 2011 5:34 pm IST

തിരുവനന്തപുരം: ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് നമ്പര്‍ തെറ്റായി പ്രസിദ്ധീകരിച്ചതിന് ലോട്ടറി വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ലോട്ടറി ഡയറക്ടറോട് ആവശ്യപ്പെട്ടു. പൊന്‍‌കുന്നം മഹാത്മാഗാന്ധി ടൌണ്‍ ഹാളില്‍ വച്ച് സെപ്റ്റംബര്‍ 17നാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പില്‍ ഒരു കോടി രൂപ സമ്മാനത്തുകയുള്ള രണ്ടാം സമ്മാനം ഐ.ആര്‍ 339602 നമ്പര്‍ ടിക്കറ്റിനാണ് കിട്ടിയത്. എന്നാല്‍ ആയിരത്തി അഞ്ഞൂറോളം ആളുകളുടെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം കിട്ടിയ നമ്പര്‍ പത്രങ്ങളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കാന്‍ കൊടുത്തതില്‍ ഗുരുതരമായ വീഴ്ച പറ്റുകയായിരുന്നു. ടി.എച്ച് 339602 നമ്പര്‍ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചതെന്നാണ് പത്രങ്ങളിലും വെബ്സൈറ്റിലും വന്നത്. കട്ടപ്പനയിലെ കാഞ്ചിയാര്‍ സ്വദേശി ജോര്‍ജ് മാമ്മന്‍ ടിക്കറ്റുമായി രണ്ടാം സമ്മാനത്തിനെത്തിയപ്പോഴാണ് ലോട്ടറി വകുപ്പിന് പറ്റിയ ഗുരുതരമായ തെറ്റ് മനസിലാകുന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു തെറ്റ് സംഭവിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വകുപ്പ് നാല് ഉദ്യോഗസ്ഥരെ സസ്‌പ്പെന്റ് ചെയ്യുകയായിരുന്നു. ഒരു കോടി രൂപ സമ്മനം കിട്ടുമെന്ന് കരുതി സമീപിച്ച ജോര്‍ജ് മാമ്മന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോട്ടറി വകുപ്പ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.