നേതൃത്വത്തിന്റെ കണ്ണുരുട്ടല്‍ ഏറ്റില്ല, വിഎസിന് കൈനിറയെ പരിപാടികള്‍

Friday 24 April 2015 7:31 pm IST

ആലപ്പുഴ: സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിന് വേണ്ടാത്ത പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് 'കൈനിറയെ' പൊതുപരിപാടികള്‍. സ്വന്തം ജില്ലയില്‍ അച്യുതാനന്ദന് സിപിഎം ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ വിഎസ് അനുകൂലികള്‍ രംഗത്തെത്തിയത് പിണറായി വിഭാഗത്തിന് തിരിച്ചടിയായി. വിഎസ് പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മുഹമ്മയില്‍ നാളെ രണ്ട് പൊതുപരിപാടികളാണ് വിഎസ് അനുകൂലികള്‍ ഒരുക്കിയിട്ടുള്ളത്. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ.പി. ജയരാജനും എ.കെ. ബാലനും പിണറായി വിജയനെ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അച്യുതാനന്ദനെ പൊതുവേദികളില്‍ എത്തിക്കാതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഔദ്യോഗികപക്ഷം നടത്തുന്നത്. അച്യുതാനന്ദനെ ക്ഷണിച്ച് പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന് നേതൃത്വത്തിന്റെ അനുവാദം വാങ്ങണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടിയിലും വിഎസ് എത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സാങ്കേതികമായി പാര്‍ട്ടിയംഗമാണെങ്കിലും പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ളയാളാണ് അച്യുതാനന്ദനെന്ന് പിണറായി വിജയന്‍ ആലപ്പുഴ സമ്മേളനത്തിന്റെ തലേന്ന് പരസ്യമായി പറഞ്ഞതോടെ വിഎസിന്റെ സ്ഥാനം പാര്‍ട്ടിക്ക് പുറത്തായി കഴിഞ്ഞുവെന്ന നിലയിലാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രവര്‍ത്തനം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ വിഎസിന്റെ ത്യാഗങ്ങളെയും പൂഞ്ഞാറില്‍ പോലീസ് മര്‍ദ്ദനമേറ്റതിനെയും പരസ്യമായി പിണറായി തള്ളിപ്പറയുകയും ചെയ്തതോടെ അണികള്‍ക്കുള്ള സന്ദേശം വ്യക്തമായിരുന്നു. സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി പൊതുപരിപാടിക്കെത്തിയ കോടിയേരി ബാലകൃഷ്ണനും വിഎസിനെ ലക്ഷ്യമാക്കി ആക്ഷേപമുന്നയിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അച്യുതാനന്ദന് തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ പൊതുപരിപാടികള്‍ കൂടുതല്‍ ലഭ്യമാക്കുക എന്ന തന്ത്രമാണ് വിഎസ് അനുകൂലികള്‍ പയറ്റുന്നത്. കഴിഞ്ഞമാസം 29ന് മാന്നാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പ്രാദേശിക നേതാക്കള്‍ക്കടക്കം ആയിരങ്ങള്‍ വിഎസിന്റെ പരിപാടിയില്‍ പങ്കെടുത്തത് അവര്‍ക്ക് ആവേശം പകരുന്നുണ്ട്. പരിപാടി സംഘടിപ്പിച്ച പ്രാദേശിക നേതാക്കള്‍ക്കെതിരെ തിടുക്കത്തില്‍ അച്ചടക്ക നടപടിയെടുത്തെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നടപടി പിന്‍വലിച്ച് ഔദ്യോഗിക പക്ഷം മുഖംരക്ഷിക്കുകയായിരുന്നു. പാര്‍ട്ടിക്ക് ബദലമായി അച്യുതാനന്ദനെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തുന്നവര്‍ പാര്‍ട്ടി വിരുദ്ധരാണെന്ന് ജി. സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും വിഎസ് പക്ഷം പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മുഹമ്മയിലെ നാളത്തെ പരിപാടികള്‍. മാന്നാറിലെ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടികള്‍ക്ക് പരസ്യ വിലക്കേര്‍പ്പെടുത്താന്‍ സിപിഎം നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗം ബഹിഷ്‌കരിക്കുന്ന അച്യുതാനന്ദന്‍ സ്വന്തം പക്ഷക്കാര്‍ സംഘടിപ്പിക്കുന്ന വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലും മറ്റും പങ്കെടുക്കുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ വ്യാപകമായി പൊതുപരിപാടികള്‍ സംഘടിപ്പിച്ച് വിഎസിന്റെ ജനകീയത നിലനിര്‍ത്താനാണ് വിഎസ് അനുകൂലികളുടെ പരിശ്രമം. പാര്‍ട്ടിക്കൊടിക്ക് മുകളില്‍ പറക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുന്ന നേതൃത്വത്തെ പാര്‍ട്ടിക്ക് പുറത്തും ജനങ്ങളുണ്ടെന്ന് ഇതുവഴി ബോദ്ധ്യപ്പെടുത്താനും സമ്മര്‍ദ്ദം ചെലുത്താനും കഴിയുമെന്നാണ് വിഎസ് അനുകൂലികളുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.