കോട്ടയം: കേരളത്തിലെ സ്വര്‍ണ്ണം- വെള്ളി വ്യാപാരികളുടെ സംഘടനയായ ആള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങള്‍ക്ക് കോട്ടയത്ത് 26ന് സമാപനം. എഴുപതാം വാര്‍ഷിക സംസ്ഥാന സമ്മേളനമാണ് നടക്കുന്നതെന്ന്് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പതിനാലു ജില്ലകളില്‍ നിന്നുള്ള എഴുപത് മുതിര്‍ന്ന സ്വര്‍ണ്ണവ്യാപാരികളെ ആദരിക്കും. തെരഞ്ഞെടുക്കപ്പെട്ട എഴുപത് വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ്ദാനം, എഴുപത് സ്വര്ണ്ണത്തൊഴിലാളികള്ക്കുള്ള ധനസഹായ വിതരണം, എഴുപത് യുവതികള്‍ക്ക് തൊഴിലുപകരണ വിതരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വാണിജ്യ നികുതി, പോലീസ് റിക്കവറി, തൊഴിലാളി സെസ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.
ചെറിയാന് പാലത്ര ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് ശ്രീസത്യസായിബാബ ഓര്‍ഫനേജ് ട്രസ്റ്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍. ആനന്ദകുമാറിന് നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര, ജനറല്‍ സെക്രട്ടറി പി.സി. നടേശന്, വര്‍ക്കിങ് ജനറല്‍ സെക്രട്ടറി രാജന് ജെ. തോപ്പില്‍, ജനറല്‍ കണ്‍വീനര്‍ പി.വി. തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: