കൊച്ചി: ഇടപ്പള്ളി വടക്കേ കുന്നുംപുറത്തുള്ള ബ്രഹ്മസ്ഥാനക്ഷേത്രത്തിന്റെ ‘വാര്‍ഷിക മഹോത്സവം 29, 30 തീയതികളില്‍ മാതാ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുമെന്ന് സ്വാമി അനഘാമൃത ചൈതന്യ പറഞ്ഞു. വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി മാതാഅമൃതാനന്ദമയി 28 ന് കൊച്ചിയിലെത്തിച്ചേരും.
ഉദയാസ്തമന ലളിതാസഹസ്രനാമാര്‍ച്ചന, മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനാമൃതം, ധ്യാനം, അമ്മയുടെ ദിവ്യദര്‍ശനം എന്നിവ പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
29 ന് രാവിലെ 11 ന് നടക്കുന്ന സമ്മേളനത്തില്‍ മഠത്തിന്റെ സമൂഹ്യക്ഷേമ പദ്ധതികളായ വിദ്യാമൃതം (വിദ്യാഭ്യാസ സഹായനിധി), അമൃതനിധി (അഗതി, വിധവ പെന്ഷന്) എന്നിവയിലെ പുതിയ ഗുണഭോക്താക്കള്‍ക്കുള്ള സഹായ വിതരണം നടക്കും. 29 ന് രാവിലെ 7 ന് രാഹുദോഷ നിവാരണ പൂജയും, 30 ന് ശനിദോഷ നിവാരണ പൂജയും നടക്കും. രാവിലെ 11.30 ന് ബ്രഹ്മസ്ഥാനാ ക്ഷേത്രവാര്ഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള സുവനീര്‍ ‘അമൃതവര്‍ഷിണി 2015’’പ്രകാശനം ചെയ്യും.
ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ നടത്തേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനം ഉണ്ടായിരിക്കും. 5000 പേര്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കലൂര്‍, ആലുവ, പറവൂര്‍, തൃപ്പൂണിത്തുറ എന്നീ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04842800682, 9188237999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് . പത്രസമ്മേളനത്തില്‍ അമൃത സ്കൂള്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡയറക്ടര്‍ ഡോ.യു. കൃഷ്ണകുമാര്‍, മീഡിയ കോര്‍ഡിനേറ്റര്‍ പ്രകാശ് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: