പട്ടികജാതി ഫണ്ട്; സംസ്ഥാനം ചിലവഴിച്ചത് പകുതിയില്‍ താഴെ

Friday 24 April 2015 8:29 pm IST

തൃശൂര്‍: പട്ടികജാതി വികസന ഫണ്ട് ചിലവഴിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വരുത്തിയത് കടുത്ത വീഴ്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതിനായി നീക്കിവച്ച തുകയില്‍ പകുതി പോലും ചിലവഴിച്ചില്ല. പട്ടികജാതി വികസനത്തിന് സംസ്ഥാന വിഹിതമായി 1032.42 കോടിയും കേന്ദ്രാവിഷ്‌കൃത വിഹിതമായി 216.65 കോടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്‌സിപി ഫണ്ട് ആയി 927.58 കോടിയും വകയിരുത്തിയിരുന്നു. ഇതില്‍ അമ്പത് ശതമാനം പോലും ചിലവഴിച്ചില്ല. സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ക്ക് ബജറ്റില്‍ നീക്കിവെച്ച 955 കോടിയില്‍ 507 കോടിയും പട്ടികജാതി വികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ 3.44 കോടിയില്‍ 15 ശതമാനവും മാത്രമാണ് ചിലവഴിച്ചത്. അടിസ്ഥാന സൗകര്യം പോലുമില്ലാതെ പട്ടികജാതി വിഭാഗം ദുരിതമനുഭവിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട്. പട്ടികജാതി മേഖലയിലെ വികസന പദ്ധതികളെല്ലാം അനിശ്ചിതാവസ്ഥയിലുമാണ്. പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നതല്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. വീട്, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങളുള്‍പ്പെടെ സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടി വഞ്ചനയാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. ഫണ്ട് ചിലവഴിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇതിനെതിരെ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.