നാണക്കേട്; പുതുക്കിയ ഫലം ഇന്ന് വന്നേക്കും

Friday 24 April 2015 10:43 pm IST

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് നാണക്കേടും വിശ്വാസ്യത്തകര്‍ച്ചയും ഉണ്ടാക്കിയ എസ്എസ്എല്‍സി പരീക്ഷാഫലം അപാകതകള്‍ പരിഹരിച്ച് പുനഃപ്രസിദ്ധീകരിക്കാന്‍ കഴിയാതെ വിദ്യാഭ്യാസവകുപ്പ് വീണ്ടും നാണം കെട്ടു. അപാകതകളും ആശങ്കകളും പരിഹരിച്ച് ഇന്നലെ പുതുക്കിയ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞിരുന്നത്. എന്നാല്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തത് തിരിച്ചടിയായി. ഇത് മൂല്യനിര്‍ണയത്തിലെയും ഫലപ്രഖ്യാപനത്തിലെയും തട്ടിപ്പ് തുറന്ന് കാട്ടുകയാണ്. 54 മൂല്യനിര്‍ണയ ക്യാംപുകളില്‍നിന്ന് അടിയന്തരമായി മാര്‍ക്കുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പരീക്ഷാഭവന്‍ നടത്തിവരുന്നത്. എന്നാല്‍, ചില ക്യാംപുകളില്‍നിന്ന് ഇനിയും വിശദാംശങ്ങള്‍ ലഭിക്കാനുണ്ട്. 3,500 വിദ്യാര്‍ഥികളുടെ ഫലത്തിലാണ് തെറ്റുകള്‍ കടന്നുകൂടിയത്. 3,000 പേരുടെ ഫലത്തിലെ അപാകതകള്‍ പരിഹരിച്ചു. 500 പേരുടെ ഫലത്തിലെ പിഴവുകള്‍കൂടി തിരുത്താനുണ്ട്. ഇതുകൂടി പൂര്‍ത്തിയായാലേ പരിഷ്‌കരിച്ച ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ. ഇന്നലെ വൈകിട്ട് ഇതിനു കഴിയുമെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍നിന്ന് അടിയന്തരമായി മാര്‍ക്കുകള്‍ നല്‍കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, നിശ്ചിതസമയത്ത് വിവരങ്ങള്‍ ലഭിച്ചില്ല. രാത്രിയോടെ വിവരങ്ങള്‍ ലഭിച്ചാല്‍ ഇന്ന് അപാകതകള്‍ പരിഹരിച്ച ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി. പുതുക്കിയ ഫലം ഇന്ന് പുറത്തുവിടുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും അറിയിച്ചു. 54 മൂല്യനിര്‍ണയ ക്യാംപുകളില്‍നിന്ന് ലഭിക്കുന്ന മാര്‍ക്കുകള്‍ ഒരുതവണകൂടി പരീക്ഷാഭവന്‍ ഒത്തുനോക്കിയശേഷമായിരിക്കും അന്തിമ അംഗീകാരം നല്‍കുക. ഇനിയും പിഴവുകള്‍ കടന്നുകൂടുന്നത് തടയുന്നതിനായാണിത്. ഇന്നലെ രാവിലെ മുതല്‍ ലഭിച്ച ഫലം ഒത്തുനോക്കുന്ന തിരക്കിലായിരുന്നു പരീക്ഷാഭവന്‍. മൂല്യനിര്‍ണയ ക്യാംപുകളില്‍നിന്നു ലഭിച്ച രേഖകളും കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയവയുമായി വലിയ വ്യത്യാസമാണുള്ളത്. പല മൂല്യനിര്‍ണയ ക്യാംപുകളില്‍നിന്നും കൈമാറിയ മാര്‍ക്കുകളിലും ഗുരുതരമായ തെറ്റുകള്‍ കടന്നുകൂടി. ഇവയെല്ലാം വിശദമായി പരിശോധിച്ചു ശരിയെന്നുറപ്പാക്കിയശേഷം കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തുന്ന ജോലിയാണു പുരോഗമിക്കുന്നത്. മാര്‍ക്കുകള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നു. നേരത്തെ നടത്തിയ ഡാറ്റാ എന്‍ട്രി പരിശീലന പദ്ധതി പാളിയെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. പുതുക്കിയ ഫലം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെങ്കില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് നാലുമണിക്കൂറെങ്കിലും വേണ്ടിവരും. ഗ്രേസ് മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ത്തതും പരാതികള്‍ പരിഹരിച്ചതുമായ ഫലമാവും ഇന്ന് പുനപ്രസിദ്ധീകരിക്കുക. വിജയശതമാനത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം. അതേസമയം, എസ്എസ്എല്‍സി ഫലത്തിലെ പിഴവുകള്‍ക്ക് കാരണം സോഫ്റ്റ്‌വെയറിലെ തകരാറാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തള്ളി. പരീക്ഷാഫലത്തില്‍ പിഴവ് സംഭവിച്ചത് മൂല്യനിര്‍ണയ ക്യാംപില്‍നിന്നാണെന്ന് ഡിപിഐ ഗോപാലകൃഷ്ണഭട്ട് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.