വാര്യാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം 28 മുതല്‍ 30വരെ

Friday 24 April 2015 11:43 pm IST

കാലടി: വെള്ളാരപ്പിള്ളി എന്ന ഗ്രാമത്തിന്റെ നിത്യചൈതന്യവുമായി പ്രശോഭിക്കുന്ന വാര്യാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 28 മുതല്‍ 30വരെ ആഘോഷിക്കു ക്ഷേത്രത്തിന്റെ വാതില്‍പ്പടിയില്‍ സുബ്രഹ്മണ്യനെ പ്രകീര്‍ത്തിച്ചുകൊണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ച് സ്വന്തം കൈപ്പടയില്‍ കൊത്തിവെച്ചിട്ടുള്ള ശ്ലോകശകലങ്ങള്‍ ഇന്നും കഴിഞ്ഞകാലത്തിന്റെ കൈയൊപ്പായി ശോഭിക്കുന്നു. മാതൃപുത്ര ബന്ധത്തിന്റെ ഉദാത്തഭാവമായി ഷഷ്ഠിദേവിയുടെ അദൃശ്യസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം ഷഷ്ഠി ഊട്ടമ്പലം എന്ന പേരിലും പ്രസിദ്ധമാണ്. താന്ത്രിക വിധി പ്രകാരം ഷഷ്ഠിഊട്ട് വഴിപാട് നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണ്. ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍ ഉന്മൂലനാശം സംഭവിച്ചെന്ന് പറയപ്പെടുന്ന ക്ഷേത്രവും പരിസരവും വളരെക്കാലം വിസ്മൃതിയിലായിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ടെത്തിയ സുബ്രഹ്മണ്യ വിഗ്രഹം വെണ്‍മണി ഇല്ലത്തെ വൈദിക ശ്രേഷ്ഠര്‍ ക്ഷേത്രം നിര്‍മിച്ച് പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു. ഗൃഹസ്ഥാശ്രമ ഭാവത്തിലുള്ള സുബ്രഹ്മണ്യനാണ് പ്രധാന പ്രതിഷ്ഠ. കിരാതമൂര്‍ത്തി ഭാവത്തിലുള്ള മഹാദേവനെക്കൂടാതെ വിഘ്‌നേശ്വരനും നാഗയക്ഷിയും ഹിഡുംബമൂര്‍ത്തിയും പ്രതിഷ്ഠകളായുണ്ട്.മേടമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം. മകരമാസത്തിലെ തൈപ്പൂയം, മാസംതോറുമുള്ള ഷഷ്ഠി ഊട്ട്, പ്രദോഷവ്രതം, മുപ്പട്ട് വെള്ളി എന്നിവയും പ്രധാന ആഘോഷങ്ങളാണ്. പ്രതിഷ്ഠാദിന ഉത്സവത്തില്‍ 28ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടാകും. 29ന് 7.30 മുതല്‍ തിരുവാതിരകളി, 8.30 മുതല്‍ ഗാനമേള. 30ന് ഉച്ചയ്ക്ക് 12ന് മഹാ അന്നദാനം. വൈകീട്ട് 7ന് വിശേഷാല്‍ ദീപാരാധന, 7.30 മുതല്‍ പഞ്ചാരിമേളം, 8ന് കുറത്തിയാട്ടം എന്നിവയാണ് പരിപാടികള്‍. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, മേല്‍ശാന്തി ശ്രീകാന്ത് എന്നിവര്‍ കാര്‍മികരാകും. തിരുനടയില്‍ വേല് സമര്‍പ്പിക്കല്‍, നിവേദ്യം, ഗണപതിക്ക് ഒറ്റയപ്പം, മഹാദേവന് ധാര എന്നിവയാണ് പ്രധാന വഴിപാടുകള്‍. വെണ്‍മണിമനയുടെ ഊരാണ്മയിലുള്ള ക്ഷേത്രത്തിന്റെ ഭരണം നാട്ടുകാരുടെ സംഘടനയായ ക്ഷേത്രസേവാ സമിതി നടത്തുന്നു. ഫോണ്‍: 04842602033, 7034062033.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.