വിദ്യാഭ്യാസം നേര്‍വഴിക്കാവണം

Saturday 25 April 2015 8:50 pm IST

നാടിന് ഉചിതമായ ഒരു ദേശീയ വിദ്യാഭ്യാസ പദ്ധതിക്കുവേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീളുകയാണ്. വിദ്യാഭ്യാസരംഗത്ത് നയരാഹിത്യവും കൊള്ളരുതായ്മകളും പെരുകുന്നു. സരസ്വതി ക്ഷേത്രങ്ങള്‍ രാഷ്ട്രത്തിന്റെ ആത്മാവിനെതന്നെ ക്ഷതപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണം വേണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. 1906 ല്‍ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് തന്നെ വിദ്യാഭ്യാസകാര്യത്തില്‍ മുന്‍കൈ എടുത്ത ചരിത്രമുള്ള നാടാണിത്. ദേശീയ വിദ്യാഭ്യാസ സമിതിക്ക് കോണ്‍ഗ്രസിന്റെ കല്‍ക്കട്ടാ സമ്മേളനം 1906 ല്‍ രൂപം നല്‍കിയിരുന്നുവെങ്കിലും തൊലിപ്പുറത്തുള്ള രോഗചികിത്സക്കപ്പുറം നമ്മുടെ വിദ്യാഭ്യാസ മേഖല തനിമയിലൂന്നിയ കരുത്തു നേടാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കേരളത്തിലിപ്പോള്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫല പ്രഖ്യാപനത്തിന്റെ നാണക്കേടുകൊണ്ട് നാട് തലതാഴ്ത്തുകയും മലയാളി തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലുമാണുള്ളത്. പക്ഷേ ഇതൊന്നും ഗൗരവപൂര്‍വ്വമെടുക്കാത്ത ജനസമൂഹമായി നമ്മള്‍ മാറുകയാണുണ്ടായിട്ടുള്ളത്. ഭാസില്‍രതിയുള്ള നാടാണ് ഭാരതം. വെളിച്ചത്തില്‍ ആഹ്ലാദിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്ത മഹത്തായ പൈതൃകവും ചരിത്രവും നമുക്കു സ്വന്തമാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ ഘട്ടത്തിന് മുന്‍പുതന്നെ സ്വാമി വിവേകാനന്ദന്‍ നാടിനുതകുന്ന വിദ്യാഭ്യാസത്തിനുവേണ്ടി ഉള്‍ത്തുടിപ്പും ഉള്‍ക്കാഴ്ചയും പ്രകടിപ്പിച്ച് പ്രസരിപ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദനും, ദയാനന്ദ സരസ്വതിയും, മഹര്‍ഷി അരവിന്ദനും, ബാലഗംഗാധര തിലകനും, മഹാത്മാഗാന്ധിയുമൊക്കെ ദേശീയ വിദ്യാഭ്യാസ പദ്ധതിക്കുവേണ്ടി മനസും ശരീരവും സമര്‍പ്പിച്ച് പോരാടിയ മഹത്തുക്കളായിരുന്നു. പക്ഷേ അത്തരം ശ്രമങ്ങള്‍ വിവിധ കാരണങ്ങളാല്‍ ഫലപ്രദമാകാതെ പോകയാണുണ്ടായത്. സ്വതന്ത്ര ഇന്ത്യയില്‍ നടപ്പാക്കാനായി ഗാന്ധിജി മുന്നോട്ടുവെച്ച വിദ്യാഭ്യാസ രൂപരേഖയാണ് 'വാര്‍ദ്ധ്വാ വിദ്യാഭ്യാസ' പദ്ധതിയായി അറിയപ്പെടുന്നത്. ദേശീയതയിലൂന്നിയ പ്രസ്തുത പദ്ധതിയെ അട്ടിമറിച്ച കുറ്റത്തിലെ പ്രതികള്‍ നമുക്കിടയിലിപ്പോഴുമുണ്ട്. സക്കീര്‍ ഹുസൈനെ വിളിച്ചുവരുത്തിയാണ് ഗാന്ധിജി തന്റെ പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് രാഷ്ട്രപതിയായ ഡോ: ഹുസൈന്‍ ഗാന്ധിജിയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ ചിലര്‍ അട്ടിമറിക്കുകയോ ചതിക്കുകയോ ചെയ്തുവെന്ന് എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ ആദ്യഘട്ടം മുതല്‍ ആസൂത്രിതമായ രീതിയില്‍ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ അട്ടിമറിക്കുകയോ 'അബോര്‍ട്ട്' ചെയ്യുകയോ ആയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഡോ: രാധാകൃഷ്ണന്‍ കോത്താരി, രാമമൂര്‍ത്തി. കമ്മീഷനുകള്‍, എസ്.ബി.ചവാന്‍ റിപ്പോര്‍ട്ട്, പ്ലാനിങ്ങ് കമ്മീഷന്‍ ശുപാര്‍ശ തുടങ്ങി വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റാനുള്ള എത്രയോ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. അവയൊക്കെ കോള്‍ഡ് സ്റ്റോറേജിലും കെടുകാര്യസ്ഥതയിലും കുടുങ്ങികിടക്കുന്നതിനപ്പുറം വേണ്ട ഗുണപരമായ മാറ്റങ്ങള്‍ ആ രംഗത്തുണ്ടാക്കിയതായി നെഞ്ചില്‍ കൈവെച്ച് ആര്‍ക്കും പറയാനാകില്ല. വിദ്യാഭ്യാസം എന്നാല്‍ ഒരുവനില്‍ അന്തര്‍ലീനമായ സര്‍ഗ്ഗശക്തിയുടെ ബഹിര്‍സ്ഫുരണമാണെന്ന വിവേകാനന്ദ സ്വാമിയുടെ കാഴ്ചപ്പാട് ശാസ്ത്രീയവും ചരിത്രസത്തയുടെയും ധര്‍മ്മാധിഷ്ഠിത കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലുള്ളതുമാണ്. മെക്കാളയുടെ വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി നിഷേധാത്മകമായ ചര്‍ച്ചകളും പ്രചരണങ്ങളും നടത്തിയതുകൊണ്ടുമാത്രം നമ്മുടെ വിദ്യാഭ്യാസം അതിന്റെ അടിസ്ഥാന ലക്ഷ്യം നേടാന്‍ പോകുന്നില്ല. യഥാര്‍ത്ഥ മനുഷ്യ നിര്‍മ്മിതിക്കും പ്രതിഭയിലൂന്നിയ സമാജ സംരചനയ്ക്കും ദേശീയതയിലൂന്നിയ പ്രായോഗിക വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഗമനവും അധികാര വാഴ്ചയും സൃഷ്ടിച്ച കുരുതിക്കളങ്ങളില്‍ ഭാരതീയത പലപ്പോഴും ഹോമിക്കപ്പെട്ടുവെന്ന സത്യം വിസ്മരിച്ചു കൂടാ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ തോളോടുതോളുരുമ്മിനിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരേ പ്രകമ്പനം സൃഷ്ടിച്ച് മുന്നേറിയ ചരിത്രം നമുക്കുണ്ട്. എന്നാല്‍ പിന്നീട് ബംഗാള്‍ വിഭജനവും തുടര്‍ നടപടികളുംവഴി ബോധപൂര്‍വ്വം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികള്‍ സ്വതന്ത്ര ഇന്ത്യയിലും അതേ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം തുടരുന്നു. പാകിസ്ഥാന്‍ വാദംപോലും ന്യായമായ ന്യൂനപക്ഷ അവകാശമാണെന്ന് വ്യാഖ്യാനിച്ച് പിന്തുണച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതേ പാകിസ്ഥാന്‍ ശവക്കുഴിയായിത്തീരുകയാണുണ്ടായത്. പാകിസ്ഥാന്‍ രൂപീകരിച്ച് അഞ്ച് കൊല്ലത്തിനുള്ളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അവിടെ നിരോധിക്കുകയും വേട്ടയാടുകയും ചെയ്തു. അവര്‍ക്കവിടെ പ്രവര്‍ത്തിക്കാനവകാശമില്ല. ഇപ്പോഴും ഇന്ത്യയില്‍ സംസ്‌കാരത്തേയും, ചരിത്രത്തേയും, ദേശീയതയേയും തള്ളിപ്പറഞ്ഞുകൊണ്ടു ന്യൂനപക്ഷ കാപട്യ ശ്രമങ്ങളെ ഇന്ത്യയിലെ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും പിന്താങ്ങുകയാണ്. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ വികൃതമാക്കാനും നിഷ്ഫലമാക്കാനും നടത്തിയ ശ്രമങ്ങളില്‍ മുന്‍പന്തിയിലായിരുന്നു എക്കാലത്തും കമ്യൂണിസത്തിന്റെ സ്ഥാനം. ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസ പദ്ധതികളെ അന്ധമായി എതിര്‍ക്കുന്നതില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് കുറ്റകരമാണ്. വിദ്യാഭ്യാസരംഗത്തെ നയരാഹിത്യം തിരിച്ചടിയായി മാറിയിട്ടുണ്ടെങ്കിലും അക്കാദമിക്ക് തലത്തില്‍ വന്‍ മുന്നേറ്റത്തിന്റെ ചരിത്രമുള്ള രാജ്യമാണ് ഇന്ത്യ. എഴുത്തും വായനയും രാഷ്ട്രീയത്തിലുള്‍പ്പെടെ അന്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇന്ത്യന്‍ ഭരണഘടനയുടെ 45-ാം അനുഛേദത്തില്‍തന്നെ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം നിര്‍ബന്ധമായും നല്‍കണമെന്ന് ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. 2010 ലാണ് വിദ്യാഭ്യാസം ഈ കാറ്റഗറിയില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നത്. 2013-14 ല്‍ പ്രൈമറി സ്‌കൂളുകളില്‍ ഒട്ടാകെ 19.89 കോടി കുട്ടികള്‍ ചേര്‍ന്നതുതന്നെ ഈ നിയമത്തിന്റെ വിജയമാണ്. ഇതില്‍ 12.1 കോടി കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിക്കുന്നത്. 6.7 കോടി കുട്ടികള്‍ പ്രൈവറ്റ് സ്‌കൂളില്‍ പഠിക്കുന്നു. ബാക്കിയുള്ളവര്‍ എയ്ഡഡ് സ്‌കൂളിലും അനധികൃത സ്‌കൂളിലുമായി പഠിക്കുകയാണ്. 11-ാം പദ്ധതിയേക്കാള്‍ കൂടുതല്‍ ഊന്നല്‍ ഈ രംഗത്ത് 12-ാം പദ്ധതി നല്‍കുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. ഇന്ത്യയിലിപ്പോള്‍ പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകുന്നത് ആശ്വാസകരമാണെങ്കിലും ഗുണപരമായ മേന്മ• നമ്മുടെ പാഠ്യപദ്ധതികള്‍വഴി ലഭിക്കുന്നില്ല. 10-ാം ക്ലാസ് പാസായ കുട്ടികളില്‍ എത്രപേര്‍ക്ക് മലയാളം നന്നായി എഴുതാനും വായിക്കാനുമാകുമെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം തീര്‍ച്ചയായും നമ്മേ നിരാശപ്പെടുത്തുന്നതാണ്. 2006 ല്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം മുതല്‍ക്കാണ് മാര്‍ക്ക് ദാനത്തിലൂടെ അനര്‍ഹരായ കുട്ടികളേയും വന്‍തോതില്‍ ജയിപ്പിക്കുന്ന ചെപ്പടിവിദ്യ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കി തുടങ്ങിയത്. എണ്ണമല്ല ഗുണമാണ് പ്രധാനം എന്ന കാഴ്ചപ്പാടിന്റെ നേരെ എതിര്‍ദിശയിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ നീങ്ങിയത്. ഇപ്പോള്‍ യുഡിഎഫിന്റെകീഴില്‍ പരീക്ഷയെഴുതിയ മുഴുവന്‍ പേരും ജിയക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എസ്എസ്എല്‍സി പരീക്ഷയുടെയും ഹയര്‍ സെക്കന്ററി പരീക്ഷയുടേയുമൊക്കെ ഫലപ്രഖ്യാപനം മന്ത്രിമാര്‍ നടത്തുന്നതുതന്നെ തെറ്റാണ്. അഞ്ച് ലക്ഷം കുട്ടികളും അതുമായി ബന്ധപ്പെട്ട രക്ഷിതാക്കളും അദ്ധ്യാപകരുമൊക്കെ അങ്കലാപ്പിലും ആശങ്കയിലും ത്രിശങ്കുവിലുമെന്നതാണ് എസ്എസ്എല്‍സി ഫലം വരച്ചുകാട്ടിയിട്ടുള്ളത്. കെട്ടിയേല്‍പ്പിച്ച കുത്സിത വിജയത്തിന്റപേരില്‍ മേനി നടിക്കുന്നവര്‍ സൗകര്യപൂര്‍വ്വം ഒരു കാര്യം മറക്കുകയാണ്. കേരളത്തിലെ പരീക്ഷാഫലങ്ങളില്‍ കൊട്ടിഘോഷിക്കപ്പെട്ട നേട്ടം നാം ആഘോഷിക്കുമ്പോഴും അഖിലേന്ത്യാ മത്സര പരീക്ഷകളില്‍ കേരളം അതി ദയനീയമാംവിധം പിന്നോട്ടു പോകുന്നു എന്നതാണത്. ഇവിടെ വിദ്യാഭ്യാസം വര്‍ഗ്ഗീയവല്‍ക്കരിച്ചിരിക്കുന്നു. അഴിമതിയുടെ കൂത്തരങ്ങാണ് ആ രംഗം. വിദ്യാഭ്യാസരംഗത്തെ വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ഏറ്റെടുക്കുകയാണുവേണ്ടത്. കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് നമ്മുടെ തനിമയും പ്രതിഭയും സംസ്‌കാരവും വിളിച്ചോതുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനിറങ്ങിപ്പുറപ്പെട്ടിരുന്നു. ആസൂത്രണ കമ്മീഷനും എസ്.ബി.ചവാന്‍ സമിതിയുമൊക്കെ ശുപാര്‍ശ ചെയ്ത ധര്‍മ്മാധിഷ്ടിത മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്കാണ് അന്നത്തെ എച്ച്ആര്‍ഡി മന്ത്രി ഡോ: മുരളി മനോഹര്‍ ജോഷി ശ്രമിച്ചത്. എന്നാല്‍ യാതൊരുവിധ മനസാക്ഷിക്കുത്തുമില്ലാതെ മുന്നോട്ടുവെച്ച 2000 ലെ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയെ കപടമതേതരവാദികള്‍ പിന്നിലും മുന്നിലും നി്ന്ന് കുത്തിമലര്‍ത്തുകയായിരുന്നു. കാവി വല്‍ക്കരണം ആരോപിച്ച് ആ പദ്ധതി അട്ടിമറിക്കപ്പെട്ടു. 2002 സെപ്റ്റംബര്‍ 12 ന് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഈ വിദ്യാഭ്യാസ പദ്ധതി ശരിയായ ഒന്നാണെന്ന് വിധിച്ചുകൊണ്ട് അംഗീകരാം നല്‍കിയെങ്കിലും കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കൂട്ടുകെട്ട് അതിനെ അട്ടിമറിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ആധുനിക വിജ്ഞാനത്തെകൂടി സാംശീകരിച്ചുകൊണ്ടുള്ള ഒരു പ്രായോഗിക വിദ്യാഭ്യാസപദ്ധതിയാണ് വേണ്ടത്. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാക്കി മാറ്റാനുള്ള അശ്രാന്തപരിശ്രമത്തില്‍ വിദ്യാഭ്യാസ നവീകരണ ശ്രമങ്ങള്‍ക്ക് അതിന്റെതായ പങ്കുണ്ട്. അതിനായി ശ്രമിക്കയാണുവേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.