യുവമോര്‍ച്ച അബ്ദുറബ്ബിന്റെ കോലം കത്തിച്ചു വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: അഡ്വ പി. സുധീര്‍

Saturday 25 April 2015 9:27 pm IST

തിരുവനന്തപുരം: കേരളത്തിലെ നാലരലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ നിസ്സാരവത്കരിച്ച് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത് എസ്എസ്എല്‍സി ഫലം അട്ടിമറിച്ച വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് രാജിവയ്ക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുവാന്‍ ലീഗിന് യാതൊരുവിധ ധാര്‍മ്മികതയും ഇല്ല. വിദ്യാഭ്യാസവകുപ്പ് ലീഗില്‍ നിന്നും കോണ്‍ഗ്രസ് അടര്‍ത്തിമാറ്റണമെന്നും യുവമോര്‍ച്ചാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പി. സുധീര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവന്റെ ഐഎഎസ് എന്ന് അറിയപ്പെടുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഫലം അപാകതകള്‍ പരിഹരിച്ച് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അബ്ദുറബ്ബിന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ ആര്‍.എസ്. രാജീവ്, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, സംസ്ഥാന സമിതിയംഗങ്ങളായ മണവാരി രതീഷ്, ആര്‍.എസ്. സമ്പത്ത്, നിശാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്. ചന്ദ്രകിരണ്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ രഞ്ജിത്ത് ചന്ദ്രന്‍, വിഭാഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ പൂങ്കുളം സതീഷ്, കരമന പ്രവീണ്‍, സുധീഷ്, പ്രശാന്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.