കള്ളനോട്ട് കേസ്: പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Saturday 25 April 2015 9:39 pm IST

കൊച്ചി: കള്ളനോട്ട് കേസില്‍ 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ എറണാകുളം ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പെരിഞ്ഞം ഞെക്കിളി കരയില്‍ കാനാ വീട്ടില്‍ രാമന്‍ മകന്‍ വിജയകൃഷ്ണനെ(58)യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരുലക്ഷം രൂപയുടെ 100 ന്റെയും 50 ന്റെയും കള്ളനോട്ടുകള്‍ കൈവശംവച്ചു വിതരണം നടത്തിയതിന് 2002 ല്‍ എറണാകുളം വടക്കേക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ജാമ്യം നേടിയ പ്രതി പിന്നീട് ഒളിവില്‍ പോവുകയാണുണ്ടായത്. നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതി വിജയകൃഷ്ണന്‍ കണ്ണൂര്‍ ജില്ലയില്‍ മറ്റു കള്ളനോട്ടു കേസുകളിലും പിടിക്കപ്പെട്ടിട്ടുള്ളയാളാണ്. ഈ കേസ് ഉണ്ടായതിനുശേഷം പ്രതി വിജയകൃഷ്ണന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടന്നുകളയുകയും അവിടെ ഏഴ് വര്‍ഷത്തോളം കഴിഞ്ഞതിനുശേഷം പിന്നീട് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് മിഠായി മൊത്തമായി എടുത്ത് കേരളത്തില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തി പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.