ഹൃദയകവാടങ്ങളുടെ തമ്പുരാന്‍

Saturday 5 November 2011 7:06 pm IST

ജീവനറ്റ തവളകളെ കീറിമുറിക്കുമ്പോള്‍, അസുഖം ബാധിച്ച മൃഗങ്ങളെ പരിപാലിക്കുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്റെ മനസില്‍ ഒരു സര്‍ജനാകാനുള്ള മോഹം ഉണര്‍ന്നുകിടന്നിരുന്നു. പിന്നീടെപ്പോഴോ അക്കാര്യം മറവിയിലാണ്ടു. രണ്ട്‌ തലമുറകളിലായി തുടര്‍ന്നുപോന്ന വൈദ്യമേഖലയിലെ ശക്തമായ പാരമ്പര്യത്തിന്റെ അടിത്തറയില്‍ നിന്നും ചരിത്രനിയോഗമായി ഡോ. എം.എസ്‌. വല്യത്താന്‍ എന്ന ഹൃദയശസ്ത്രക്രിയാ രംഗത്തെ മഹാപ്രതിഭ പിറന്നുവീഴുകയായിരുന്നു.
******
ശ്രീചിത്ര സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ്‌ എന്ന കെട്ടിടത്തെ ആരോഗ്യമേഖലയിലെ ഗവേഷണകേന്ദ്രമായും മികവിന്റെ കേന്ദ്രവുമായി വളര്‍ത്തിയെടുക്കാന്‍ നടത്തുന്ന പരിശ്രമത്തിനിടയിലാണ്‌ തന്റെ മുറിക്ക്‌ പുറത്ത്‌ കാത്തുകിടക്കുന്ന ഹൃദ്രോഗികളുടെ നീണ്ട നിര അദ്ദേഹത്തിന്റെ ഹൃദയത്തെ ഉലച്ചത്‌. 20 രോഗികളെ ഒരു ദിവസം ശസ്ത്രക്രിയക്ക്‌ വിധേയമാക്കുമ്പോള്‍ പുറത്ത്‌ 200 പേര്‍ കാത്തുനില്‍ക്കുന്നു. സ്വന്തമായി ഹൃദയവാല്വ്‌ വികസിപ്പിച്ചെടുത്താല്‍ ഈ ദുഃസ്ഥിതിക്കൊരു പരിഹാരമാവുമെന്ന്‌ തിരിച്ചറിഞ്ഞ ആ ഭിഷഗ്വരന്റെ പ്രയത്നത്തില്‍ നിന്നാണ്‌ പ്രശസ്തമായ ചിത്ര-ടി.ടി.കെ. വാല്വ്‌ ഉണ്ടാകുന്നത്‌. അറുപതിനായിരത്തില്‍പ്പരം ഹൃദയങ്ങളില്‍ ഇപ്പോഴുള്ളത്‌ ശ്രീചിത്രയുടെ വാല്വ്‌. 1200 ഹൃദയവാല്‍വുകളാണ്‌ ശ്രീചിത്രയില്‍ ഇപ്പോള്‍ പ്രതിമാസം നിര്‍മ്മിക്കപ്പെടുന്നത്‌. വിദേശ രാജ്യങ്ങളിലടക്കം ഹൃദയവാല്‍വുകള്‍ കയറ്റുമതി ചെയ്യാന്‍ ശ്രീചിത്രക്ക്‌ ഇന്ന്‌ കഴിയുന്നു.
******
'ഞാന്‍ ഭാരതത്തെ സ്നേഹിക്കുന്നു. ഭാരതത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു' എന്തുകൊണ്ട്‌ അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും ഒരു വ്യാഴവട്ടക്കാല പ്രവാസജീവിതം ഉപേക്ഷിച്ച്‌ തിരികെ ഭാരതത്തിലേക്കു പോന്നു എന്ന്‌ ചോദിക്കുമ്പോള്‍ ഡോ. വല്യത്താന്‍ പറയും. സുഖകരമായിരുന്നില്ല ആ തിരിച്ചുവരവ്‌. പ്രതിമാസം 200 രൂപയ്ക്ക്‌ ചെന്നൈയിലെ റെയില്‍വെ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടിവന്നു ജോണ്‍ ഹോപ്കിന്‍സ്‌, ജോര്‍ജ്ടൗണ്‍ എന്നീ സര്‍വ്വകലാശാലകളിലെ മഹാരഥന്മാരോടൊപ്പം അനുഭവ സമ്പത്തുണ്ടായിരുന്ന ഈ പ്രതിഭക്ക്‌.
******
മികവിന്റെ കേന്ദ്രമായി 1980ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ശ്രീചിത്ര മെഡിക്കല്‍ സെന്ററിനെ പ്രഖ്യാപിക്കുന്ന തരത്തില്‍ വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക്‌ അതിനെ മാറ്റിയെടുക്കുമ്പോള്‍ വല്യത്താന്‍ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കുകയായിരുന്നു.
1951ല്‍ എംബിബിഎസിന്‌ ചേരുന്ന കാലം മുതല്‍ ദേശത്തും വിദേശത്തുമായുള്ള നീണ്ട ഔദ്യോഗിക ജീവിതത്തിലൊരിക്കലും ആയുര്‍വ്വേദവുമായി അടുത്തിടപഴകാന്‍ ഡോ. വല്യത്താന്‌ അവസരമുണ്ടായില്ല. വിദ്യാര്‍ത്ഥിയായിരിക്കെ മേറ്റ്ല്ലാ എംബിബിഎസ്‌ വിദ്യാര്‍ത്ഥികളെയും പോലെ ആയുര്‍വേദം ശാസ്ത്രീയമല്ലെന്ന ധാരണയായിരുന്നു വല്യത്താനും. അവിടെനിന്നാണ്‌ ആയുര്‍വേദ രംഗത്തെ മൂന്ന്‌ ആചാര്യന്മാരെകുറിച്ച്‌ പഠിച്ച്‌ ബൃഹദ്ഗ്രന്ഥം രചിച്ച ഇന്നത്തെ ഡോ. വല്യത്താനിലെത്തിനില്‍ക്കുന്നത്‌. അതിന്‌ സന്ദര്‍ഭമൊരുങ്ങിയതാകട്ടെ ഒരു ആകസ്മിക സംഭവത്തിലൂടെ. അതാകട്ടെ ശ്രീചിത്രയില്‍ ആയിരിക്കേ 1990 ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വൈദ്യരത്നം പി.എസ്‌. വാരിയരുടെ സ്മാരകപ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെട്ടതും. സുശ്രുതനെക്കുറിച്ച്‌ നടത്തിയ അന്നത്തെ പ്രസംഗത്തിനുവേണ്ടി നടത്തിയ പഠനം, പിന്നീട്‌ ബാംഗ്ലളുരുവിലെ രാമന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ ഗാന്ധിസ്മാരക പ്രഭാഷണത്തിനുള്ള പഠനം എന്നിവയിലൂടെയാണ്‌ ആയുര്‍വേദത്തിന്റെ അപാരതയിലേക്ക്‌ അദ്ദേഹം ആകര്‍ഷിക്കപ്പെടുന്നത്‌. അന്വേഷണങ്ങള്‍...പഠനങ്ങള്‍....
ആയുര്‍വേദരംഗത്തെ കുലപതി രാഘവന്‍ തിരുമുല്‍പാടിന്റെ ശിഷ്യത്വം... ഇതൊക്കെ ഡോ.വല്യത്താന്റെ ജീവിതത്തിലെ ചരിത്ര നിയോഗങ്ങളായി മാറുന്നു. ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരെക്കുറിച്ചുള്ള പ്രൗഢഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്നത്‌ ഈ അറിവിന്റെ ആഴങ്ങളില്‍ നിന്നാണ്‌.
******
ആരോഗ്യമേഖലയെകുറിച്ച്‌ സമഗ്രമായ അറിവാണ്‌ ഡോ.വല്യത്താനെ വ്യത്യസ്തനാക്കുന്നത്‌. കേരളത്തിന്റെ ആരോഗ്യമേഖലയെ സസൂക്ഷ്മം വിലയിരുത്തുകയാണ്‌ അദ്ദേഹം.
ആരോഗ്യരംഗത്തും ഒരു കേരളമാതൃകയുടെ പേരില്‍ നാം അഭിമാനിച്ചിരുന്നുവല്ലോ. എന്നാലിന്ന്‌ ഒരു പകര്‍ച്ചപ്പനിപോലും നേരിടാന്‍ പറ്റാതെ കേരളം മാറിയിരിക്കുന്നു. എന്താണിതിന്റെ സൂചന? നാല്‍പതു വര്‍ഷം മുമ്പാണ്‌ നാം കേരള മാതൃകയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നത്‌. ഇന്ന്‌ കാലം വളരെ മാറിയിരിക്കുന്നു.ശിശുമരണനിരക്ക്‌, മാതൃമരണനിരക്ക്‌ എന്നിവയിലെല്ലാം മികച്ച നേട്ടമുണ്ടായിരുന്ന കേരളത്തില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു. നിര്‍മാര്‍ജ്ജനം ചെയ്തുവെന്ന്‌ അവകാശപ്പെട്ടിരുന്ന മാരകരോഗങ്ങള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു.
മാലിന്യനിര്‍മാര്‍ജനം ആണ്‌ ഇന്ന്‌ നാം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം. മെട്രോനഗരങ്ങള്‍ ചവറു കൂമ്പാരങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. അശാസ്ത്രീയമായ സംവിധാനമാണ്‌ മാലിന്യനിര്‍മാര്‍ജനത്തില്‍ നാം കൈക്കൊള്ളുന്നത്‌. ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങളിലൂടെ മാലിന്യ നിര്‍മാര്‍ജനത്തിന്‌ സ്ഥിരം സംവിധാനമുണ്ടാകണം. വിശദമായ പരിശോധന നടത്താന്‍ ഇന്ന്‌ പര്യാപ്തമായ ലബോറട്ടറികള്‍ കേരളത്തില്‍ ഇല്ല. പൂനെ, ചെന്നൈ, മണിപ്പാല്‍ എന്നീ സ്ഥലങ്ങളെയാണ്‌ ഇപ്പോള്‍ കേരളം ആശ്രയിക്കുന്നത്‌. ഇതിനൊരു മാറ്റംവരണമെങ്കില്‍ കേരളത്തില്‍ ഒരു കേന്ദ്ര ലബോറട്ടറി ഉണ്ടാവണം.
ആരോഗ്യരംഗത്ത്‌ പുതിയ സമീപനങ്ങള്‍ ഉയര്‍ന്നുവരണമെന്നാണോ? എല്ലാവര്‍ക്കും ആരോഗ്യം ഉണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കാന്‍ തയ്യാറാവണം. ആശുപത്രികളില്‍ സോഷ്യല്‍ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ സ്കീം ഉണ്ടാവണം. ബിപിഎല്‍ കുടുംബങ്ങളുടെ ചെലവ്‌ സര്‍ക്കാര്‍ വഹിക്കണം. നമ്മുടെ നാട്ടില്‍ വയോജനങ്ങള്‍ കൂടിവരികയാണ്‌. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന്‌ സംവിധാനങ്ങളില്ല. അണു കുടുംബങ്ങള്‍ മറ്റൊരു സാമൂഹ്യപ്രശ്നമായി മാറുന്നു. മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. വൃദ്ധാശ്രമങ്ങള്‍ പ്രായോഗികമല്ല. പ്രായമായവരുടെ പ്രശ്നങ്ങളില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാവണം. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക്‌ കഴിയണം. വാനപ്രസ്ഥകാലത്ത്‌ ആവശ്യങ്ങള്‍ കുറച്ച്‌ ജീവിക്കാന്‍ കഴിയണം. ലാളിത്യത്തിന്റെ ദിശയില്‍ കേരളം ഒരു പുതിയ മാതൃക സൃഷ്ടിക്കണം. ഗാന്ധിയന്‍ ജീവിതശൈലിയുടെ സംസ്കാരം തിരിച്ചുവരണം. കേരളം ഇങ്ങിനെ പുതിയൊരു മാതൃക ലോകത്തിന്‌ മുമ്പില്‍ സൃഷ്ടിക്കണം.
കേരളത്തിലെ പൊതു ആരോഗ്യരംഗത്തെ തൃത്താല സംവിധാനം കാര്യക്ഷമമെന്ന്‌ പറയാനാവുമോ? കാര്യക്ഷമമെന്ന്‌ പറയാനാവില്ല. തൃത്താലത്തിലെ ഏറ്റവും മുകള്‍ത്തട്ട്‌ ഏറെക്കുറെ നിശ്ചലമാണ്‌. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്ന്‌ റഫര്‍ചെയ്യുന്ന രോഗികളെ ഉള്‍ക്കൊള്ളാന്‍ മെഡിക്കല്‍ കോളേജാശുപത്രികള്‍ക്കാവുന്നില്ല.
ആയുര്‍വേദത്തിന്റെ വര്‍ത്തമാനവും ഭാവിയും എങ്ങിനെ കാണുന്നു.? ആയുര്‍വേദത്തെ തകര്‍ത്തത്‌ ബ്രിട്ടീഷുകാരുടെ അധിനിവേശ വാഴ്ചയാണെന്നത്‌ പൂര്‍ണ്ണമായും ശരിയല്ല. ബ്രിട്ടീഷുകാര്‍ വരുമ്പോള്‍ ഇവിടെ യുനാനി ഉണ്ടായിരുന്നു. പ്രാമുഖ്യത്തിലുള്ളത്‌ ആയുര്‍വേദമായിരുന്നു. യുനാനിക്ക്‌ അന്ന്‌ സംരക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ അന്നുണ്ടായ ദുരന്തങ്ങള്‍ നമുക്ക്‌ എളുപ്പം മറക്കാവുന്നതല്ല. ആയിരക്കണക്കിനാളുകള്‍ പ്ലേഗ്‌ കാരണം മരിച്ചു. ജഗന്നാഥപുരിയില്‍ മാത്രം കോളറ ബാധിച്ച്‌ മരിച്ചത്‌ ആയിരങ്ങളാണ്‌. മലേറിയ ബാധിച്ചും ആയിരങ്ങള്‍ മരിച്ചു. പൊതു ആരോഗ്യരംഗം തകര്‍ച്ചയിലായിരുന്നു. സാമൂഹ്യാവസ്ഥ സങ്കീര്‍ണ്ണമായിരുന്നു. ബ്രിട്ടീഷുകാര്‍ പൊതുജനാരോഗ്യത്തെ ശ്രദ്ധിച്ചു.
വാക്സിനുകള്‍ ഫലപ്രദമായി. അവര്‍ ചെയ്ത നല്ലതിനെ നമുക്ക്‌ അംഗീകരിക്കാം. അന്ന്‌ നടത്തിയ പ്രതിരോധകുത്തിവെപ്പുകള്‍ മരണത്തെ നിയന്ത്രിച്ചു. ബ്രിട്ടീഷുകാര്‍ ആശുപത്രികള്‍ ഉണ്ടാക്കിയത്‌ അവര്‍ക്കും അവരുടെ പട്ടാളക്കാര്‍ക്കും വേണ്ടിയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ അങ്ങോട്ടാവശ്യപ്പെടുകയായിരുന്നു ആശുപത്രികള്‍ അവര്‍ക്കു വേണ്ടിയും സ്ഥാപിക്കാന്‍. പ്രസവമെടുക്കാന്‍ മിഡ്‌വൈഫുമാര്‍ വന്നതോടെ ക്ലേശപൂര്‍ണ്ണമായ പ്രസവങ്ങള്‍ സുഖകരമായി. ദായിസ്‌ (പ്രസവമെടുക്കുന്ന നാടന്‍ സ്ത്രീകള്‍) നടത്തി വന്ന ക്രൂരതകള്‍ സ്ത്രീകള്‍ സഹിക്കാതെയായി. സാമ്പത്തികമായ ചൂഷണവും സാംസ്കാരികമായ അധിനിവേശവും ബ്രിട്ടീഷുകാര്‍ നടത്തിയെന്നത്‌ ശരിയാണ്‌. ആയുര്‍വേദവും അതോടെ തകര്‍ച്ചയിലായി. ഇന്നത്തെ പ്രശ്നം ആയുര്‍വേദത്തെ എങ്ങിനെ പുതിയ കാലത്തിനനുയോജ്യമായി ഉപയോഗിക്കാമെന്നതാണ്‌. നല്ലത്‌ സ്വീകരിക്കുകയും ചീത്ത ഒഴിവാക്കുകയും വേണം. പുതിയ ഗവേഷണങ്ങള്‍ ഉണ്ടാവണം. നമുക്ക്‌ നഷ്ടപ്പെട്ടത്‌ നൂറ്റാണ്ടുകളാണ്‌. ഗുണമേന്മയെ സ്വീകരിച്ച്‌ നമുക്ക്‌ മുന്നോട്ട്‌ പോവാം. അതിന്‌ പുതിയ പരീക്ഷണ ഗവേഷണങ്ങള്‍ ഉണ്ടാവണം.
കേരള സര്‍വ്വകലാശാലയില്‍ നിന്നും 1956ല്‍ എം.ബി.ബി.എസ്‌ ബിരുദവുമായി വൈദ്യപഠന മേഖലയില്‍ പ്രവേശിച്ച ഡോ. എം.എസ്‌. വല്യത്താന്‍ ലണ്ടനില്‍ സര്‍ജിക്കല്‍ ട്രെയിനിംഗും റോയല്‍ കോളേജ്‌ ഓഫ്‌ സര്‍ജനില്‍ നിന്ന്‌ ഫെലോഷിപ്പും ലിവര്‍പൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ എംഎസ്‌ ബിരുദവും ജോണ്‍ഹോപ്കിന്‍സ്‌ ജോര്‍ജ്‌ ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നും ഹൃദയശസ്ത്രക്രിയയില്‍ അനുഭവവും............. അങ്ങിനെ നീളുന്നു ലോകപ്രശസ്തനായ ഡോക്ടര്‍ വല്യത്താന്റെ ഔദ്യോഗിക ജീവിതം. ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ സെന്റര്‍ ഫോര്‍ നാഷണല്‍ ഇംപോര്‍ട്ടന്‍സ്‌ എന്ന നിലയില്‍ മികവിന്റെ കേന്ദ്രമായി മാറ്റിയത്‌ വല്യത്താന്റെ കഠിന പ്രയത്നത്തിലൂടെയാണ്‌.
പിന്നീട്‌ മണിപ്പാല്‍ സര്‍വ്വകലാശാലയിലെ വൈസ്ചാന്‍സലറായി. ദേശവിദേശങ്ങളില്‍ നിന്നുള്ള പുരസ്കാരങ്ങള്‍ കൂടാതെ 1993ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ചരക, സുശ്രുത-വാഗ്ഭടന്മാരെക്കുറിച്ചുള്ള ഗവേഷണ ഗ്രന്ഥങ്ങള്‍ വല്യത്താന്റെ നിസ്തുല സംഭാവനയായി പരിഗണിക്കപ്പെടുന്നു.
എം.ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.