ഇഎസ്‌ഐ: തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി

Sunday 26 April 2015 10:17 pm IST

കോട്ടയം: ഇഎസ്‌ഐ കോര്‍പ്പറേഷന്‍ അംഗങ്ങളായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി. രാജ്യത്തെ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ ആവിഷ്‌കരിച്ച കോര്‍പ്പറേഷന്‍ ദുരിതമായി മാറുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇഎസ്‌ഐ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലൂടെ നടക്കുന്നത് പകല്‍ക്കൊള്ളയാണെന്നും ആരോപണം ഉയരുന്നു. ഓരോ തൊഴിലാളിയില്‍ നിന്നും ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമയില്‍ നിന്നു 4.75 ശതമാനവും ആണ് ഇഎസ്‌ഐയില്‍ അടക്കുന്നത്. ഇപ്പോള്‍ 15,000 രൂപയില്‍ അധിക ശമ്പളമുള്ള തൊഴിലാളികളെ കോര്‍പ്പറേഷന്‍ ഒഴിവാക്കുകകൂടി ചെയ്തത് തൊഴിലാളികള്‍ക്ക് കനത്തപ്രഹരമായി. കേരളത്തിലെ ഇപ്പോഴത്തെ സേവന വേതന വ്യവസ്ഥപ്രകാരം ബഹുഭൂരിപക്ഷം തൊഴിലാളികളും ഇഎസ്‌ഐ പരിധിക്ക് പുറത്തായി. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് ചികിത്സ തേടേണ്ടിവരുന്ന തൊഴിലാളികളാണ് ഏറെ പ്രയാസം നേരിടുന്നത്. പലപ്പോഴും ഇഎസ്‌ഐ ഹോസ്പിറ്റലുകളിലെ ഡോക്ടര്‍മാര്‍ മരുന്നു കമ്പനികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതെന്ന് തൊഴിലാകള്‍ പറയുന്നു. വില വളരെ കൂടിയ ഇത്തരം മരുന്നുകള്‍ ഇഎസ്‌ഐയുടെ ഫാര്‍മസികളില്‍ പലപ്പോഴും ലഭ്യമാകില്ല. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മരുന്നു വാങ്ങിയാല്‍ റീ ഇംപേഴ്‌സ്‌മെന്റ് കിട്ടുകയുമില്ല. ഫലത്തില്‍ വിലകൂടിയ മരുന്നുകളെ ആശ്രയിക്കേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ നിന്ന് കാര്യമായ പ്രയോജനമില്ലാതാകുന്നു. ഇഎസ്‌ഐ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലെത്തുന്ന തൊഴിലാളികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പ്രോട്ടീന്‍, വൈറ്റമിന്‍, ടോണിക്ക് തുടങ്ങിയവ നല്‍കും. ഇത്തരം മരുന്നുകള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ലഭ്യമല്ല. തൊഴിലാളികള്‍ നേരിട്ട് പണം നല്‍കണം. കൂടാതെ സ്‌കാനിംഗ്, എക്‌സറേ തുടങ്ങിയവയെടുക്കുന്നതും തൊഴിലാളികള്‍ക്ക് വിനയാകുന്നു. കോട്ടയത്തെ ഒരു തുണി വ്യാപാരസ്ഥാപനത്തിലെ തൊഴിലാളിയുടെ ഭാര്യയ്ക്ക് ഗര്‍ഭപരിചരണത്തിനായി കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എട്ടുമാസത്തിനിടെ 16 പ്രാവശ്യമാണ് സ്‌കാനിംഗ് നടത്തിയത്. കൂടാതെ മുറിവാടക അടക്കം ഭീമമായ തുക ഈ തൊഴിലാളി ആശുപത്രിയില്‍ അടക്കേണ്ടിവന്നു. ഇത് സംബന്ധിച്ച് ഇഎസ്‌ഐ ഡയറക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടും പ്രയോജനമില്ലെന്നാണ് പരാതി. തങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച കോര്‍പ്പറേഷന്‍ ഇപ്പോള്‍ ഭാരമായി മാറിയിരിക്കുകയാണെന്ന് തൊഴിലാളികളുടെ പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.