അടുക്കളത്തോട്ടങ്ങള്‍ അന്യസംസ്ഥാന പച്ചക്കറി വില്‍പ്പന കുറച്ചു

Sunday 26 April 2015 10:39 pm IST

  പൊന്‍കുന്നം: അടുക്കളത്തോട്ടങ്ങള്‍ കേരളത്തില്‍ പുതിയ തരംഗമായതോടെ അന്യ സംസ്ഥാന പച്ചക്കറി വില്‍പ്പന കുത്തനെയിടിഞ്ഞു. വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വീടുകളില്‍ കേരളീയര്‍ പച്ചക്കറി കൃഷി ആരംഭിച്ചതോടെയാണ് വില്‍പ്പന കുറഞ്ഞത്. കര്‍ഷകസംഘടനകളും വനിതാ സ്വാശ്രയ സംഘങ്ങളും ക്ലബ്ബുകളും പച്ചക്കറി കൃഷിക്ക് സഹായവുമായി എത്തിയതോടെ ഇത്തരം കൃഷിയോട് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. അന്യസംസ്ഥാന പച്ചക്കറിയില്‍ ഉപയോഗിക്കുന്ന അമിത വിഷ ഉപയോഗം മാരകരോഗങ്ങള്‍ക്ക് കാരണമാക്കുമെന്നുള്ള തിരിച്ചറിവ് കേരളീയരില്‍ ഉണ്ടായി. ഇത് സ്വയം കൃഷിയിലേക്ക് ചിന്തിക്കാന്‍ പ്രധാന കാരണമായി. പച്ചക്കറി ഉത്പാദനം കേരളത്തില്‍ വ്യാപകമായതോടെ വിപണിയില്‍ വിലതാഴ്ന്നതും അടുക്കളതോട്ടത്തിന്റെ വിജയമാണ്. ഇടത്തരം മാര്‍ക്കറ്റുകളില്‍ ആഴ്ചയില്‍ നാലു ലോഡ് പച്ചക്കറി കൊണ്ടുവന്നിരുന്നത് ഇപ്പോള്‍ രണ്ടായി കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു. 25000 രൂപവരെ വിറ്റുവരവുള്ള ഇടത്തരം കടകളില്‍ 12000 രൂപ വരെയായി കച്ചവടം കുറഞ്ഞു. ഗ്രാമീണ മേഖലയിലെ പച്ചക്കറി കടകളില്‍ 5000 രൂപവരെ ഉണ്ടായിരുന്ന വിറ്റുവരവ് ഇപ്പോള്‍ 2000 രൂപയിലേക്ക് താഴ്ന്നതായി വ്യാപാരികള്‍ പറയുന്നു. മഴക്കാലത്ത് കേരളത്തിലെ പച്ചക്കറി കൃഷി കുറയുമ്പോള്‍ പഴയനില കൈവരിക്കുമെന്നാണിവര്‍ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചതുവഴി കൃഷിയിലേക്ക് പുതുതലമുറയെ ആകര്‍ഷിച്ചു. വിദ്യാലയത്തില്‍ പഠിച്ച കൃഷിപാഠം സ്വന്തം ഭവനങ്ങളില്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ ശ്രമിച്ചതും പച്ചക്കറി കൃഷി വ്യാപകമാക്കുവാന്‍ ഇടയാക്കി. കോവല്‍, പാവല്‍, പച്ചമുളക്, ചീര, കോളിഫഌവര്‍, പടവലം, വെണ്ട, വഴുതന എന്നിവ അടുക്കളത്തോട്ടങ്ങളില്‍ സുലഭമായി. കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ മട്ടുപ്പാവില്‍ ഗ്രോബാഗുകളില്‍ വിജയകരമായി പച്ചക്കറികൃഷി ചെയ്യുന്നുമുണ്ട്. കൃഷിയോട് താല്‍പര്യമുള്ളവരെ കണ്ടെത്തി നല്ലയിനം വിത്തിനങ്ങളുമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ട പ്രോത്സാഹനം നല്‍കിയതോടെ അടുക്കളത്തോട്ടങ്ങളുടെ വ്യാപനം വളരെ വേഗത്തിലാക്കി. എട്ടും പത്തും കുടുംബങ്ങള്‍ ചേര്‍ന്ന് സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ച് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിക്കുന്ന രീതി സജീവമായി. ഈ പച്ചക്കറികള്‍ വിറ്റഴിക്കാന്‍ ഗ്രാമങ്ങളില്‍ സ്വാശ്രയ വിപണികളും രൂപംകൊണ്ടതുവഴി ന്യായ വില ലഭിക്കുന്നുമുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന കാര്‍ഷികവിപണികളില്‍ നിന്ന് പച്ചക്കറി വാങ്ങുവാന്‍ ആള്‍ക്കാര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതായി കാര്‍ഷിക വിപണി ഭാരവാഹികള്‍ പറയുന്നു. മലയാളിക്ക് കൃഷിയില്‍ താത്പര്യം ഉയര്‍ന്നതോടെ അന്യസംസ്ഥാന പച്ചക്കറി കച്ചവടക്കാര്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.