ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ക്ക് ഗൈനക്കോളജി പരിശീലനം നിഷേധിച്ചു

Sunday 26 April 2015 10:40 pm IST

  കോഴിക്കോട്: ആയുര്‍വ്വേദ, ഹോമിയോ, സിദ്ധ ചികിത്സാ രീതികളില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ഗൈനക്കോളജി വിഭാഗത്തിലെ പരിശീലനം സര്‍ക്കാര്‍ പിന്‍വലിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ തയ്യാറാക്കിയ സിലബസ് പ്രകാരമുള്ള കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് ആയുര്‍വ്വേദ- സിദ്ധ-ഹോമിയോ വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമായിരിക്കുകയാണ്. ജില്ലാ ആശുപത്രികള്‍, എറണാകുളം ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് ഗൈനക്കോളജി വിഭാഗത്തില്‍ ആയുര്‍വ്വേദ സിദ്ധ, ഹോമിയോ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തവിട്ടിരുന്നത്. 1979 ലാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ആദ്യം നടപടി എടുത്തത്. 1982 മുതല്‍ ഇത്തരം പരിശീലനം നല്‍കുകയും ചെയ്തിരുന്നു. 2014 ഡിസംബര്‍ 11 ന് ഇതുസംബന്ധിച്ച് വിശദമായ മറ്റൊരു ഉത്തരവും ഇറക്കി. ഇതിനിടയിലാണ് ഐഎംഎ എതിര്‍പ്പുമായി രംഗത്തു വന്നത്. ഐഎംഎ സംസ്ഥാന സെക്രട്ടറി നല്‍കിയ കത്തിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ സൗകര്യം റദ്ദാക്കിയതായി ഒരു ഉത്തരവിലൂടെ ഗവണ്‍മെന്റ് സെക്രട്ടറി ഡോ.എം. ബിന്ദു അറിയിച്ചിരിക്കുന്നത്. ഇതോടെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തങ്ങളുടെ കോഴ്‌സ് പൂര്‍ത്തിയാകണമെങ്കില്‍ സിലബസ്സനുസരിച്ച് അലോപ്പതി, ഗൈനക്കോളജി വിഭാഗത്തില്‍ 10 പ്രസവക്കേസുകളെങ്കിലും നിരീക്ഷണം ചെയ്തിരിക്കണമെന്ന് ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത ഈ വിവേചനം സംസ്ഥാനത്ത് ആയുര്‍വ്വേദം പോലെയുള്ള ഭാരതീയ ആരോഗ്യ ശാസ്ത്രവിഭാഗങ്ങളെ തകര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം പൂജപ്പുരയിലുള്ള ആയുര്‍വ്വേദ ആശുപത്രിയില്‍ നിലവില്‍ ഗൈനക്കോളജി വിഭാഗം ഉണ്ട്. എന്നാല്‍ ഈ വിഭാഗം പ്രവര്‍ത്തനരഹിതമാണ്. അവിടെയുള്ള അലോപ്പതി ഡോക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഗൈനക്കോളജി പരിശീലനത്തിന് ഇവിടെ സൗകര്യമൊരുക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഫിസ്റ്റുലയടക്കം നിരവധി രോഗങ്ങള്‍ ആയുര്‍വേദത്തിലേക്ക് റഫര്‍ ചെയ്യുന്നുണ്ട്. ക്ഷാരസൂത്ര ചികിത്സ ഇന്ന് ഏറെ വ്യാപകവുമാണ്. അനസ്‌തേഷ്യയടക്കമുള്ള ചികിത്സാരീതികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായിവരികയാണെന്ന് ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സങ്കര വൈദ്യമാണ് ഇതുമൂലമുണ്ടാകുകയെന്ന അലോപ്പതി ഡോക്ടര്‍മാരുടെ ആരോപണം ശരിയല്ലെന്ന് അവര്‍ പറഞ്ഞു. പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി പരിഹാരമുണ്ടാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളും. ആയുര്‍വ്വേദ മെഡിക്കല്‍ അസോസിേയഷന്റെയും വിദ്യാര്‍ത്ഥി പ്രതിനിധികളുടേയും സംയുക്ത യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.