കലാമണ്ഡലം ഗംഗാധരന്‍ അരങ്ങൊഴിഞ്ഞു

Sunday 26 April 2015 10:47 pm IST

കൊട്ടാരക്കര: കഥകളി സംഗീതത്തിന് രാഗഭാവങ്ങളുടെ പ്രസാദാത്മക മുഖം നല്‍കി കഥകളിപ്പാട്ടിനെ കല്ലുവഴി ചിട്ടയിലൂടെ പ്രശസ്തനാക്കിയ സംഗീതജ്ഞന്‍ വെളിനല്ലൂര്‍ കിഴക്കതില്‍ മേലേവിള വീട്ടില്‍ കലാമണ്ഡലം ഗംഗാധരന്‍ (79) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഥകളി രംഗത്ത് സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ ഒന്നരമാസമായി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1936 ജൂണ്‍ 29ന് കൊട്ടാരക്കര വെളിനല്ലൂര്‍ മണ്ണൂര്‍ വീട്ടില്‍ ശങ്കരപ്പിള്ളയുടെയും പാര്‍വതിയമ്മയുടെയും മൂത്തപുത്രനായി ജനനം. പത്താം വയസുമുതല്‍ കടയ്ക്കാവൂര്‍ വേലുക്കുട്ടി ഭാഗവതരുടെ ശിക്ഷണത്തില്‍ കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു. 17-ാം വയസില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന അദ്ദേഹം 24-ാം വയസില്‍ അവിടെത്തന്നെ അധ്യാപകനായി. നീലകണ്ഠന്‍ നമ്പീശന്‍, മാമ്പുഴ മാധവപ്പണിക്കര്‍, ശിവശങ്കരന്‍ നായര്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍. 1991ല്‍ കലാമണ്ഡലം വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നാണ് വിരമിച്ചത്. വെണ്‍മണി ഹരിദാസ്, കലാമണ്ഡലം ഹൈദരാലി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. കലാമണ്ഡലം ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സതിയമ്മയാണ് ഭാര്യ. മക്കള്‍: ഹരിദാസ്, ബിന്ദു, ശ്രീകുമാര്‍. മരുമക്കള്‍: ദീപ, രാധാകൃഷ്ണപിള്ള, പ്രീതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.