എസ്എസ്എല്‍സി : വിജയ ശതമാനം കൂട്ടിയത് പ്ലസ്ടു സീറ്റ് കച്ചവടത്തിന്

Monday 27 April 2015 12:47 am IST

  കൊച്ചി: പത്താംക്ലാസ്സ് വിജയ ശതമാനം കൃത്രിമമായി ഉയര്‍ത്തിയതിനു പന്നിലെ ലക്ഷ്യം പ്ലസ്ടു സീറ്റ് കച്ചവടം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഈ പ്രവണത ആരംഭിച്ചത്. പത്താം ക്ലാസ്സ് വരെയുള്ള ഉദാര മൂല്യനിര്‍ണ്ണയം ഏര്‍പ്പെടുത്തിയതോടെ കേരള സിലബസ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തിലും വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് ഉപരി പഠന സാധ്യതകളെയും ഇല്ലാതാക്കുന്നു. എസ്എസ്എല്‍സിയുടെ ഉയര്‍ന്ന വിജയ ശതമാനം ചൂണ്ടിക്കാട്ടി കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ പ്ലസ്ടു സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇവയില്‍ 80 ശതമാനവും സ്വാകര്യ മാനേജ്‌മെന്റ് സ്‌കൂളുകളിലാണ്. പുതിയ ബാച്ചുകളില്‍ അധ്യാപക നിയമനത്തിന്റെ പേരില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കോടികളാണ് നേടുന്നത്. സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞു വരികയാണ്. എന്നാല്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ പുതുതായി പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നുണ്ട്. പ്ലസ്ടു പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് നികത്താന്‍ മാനേജ്‌മെന്റുകളും സര്‍ക്കാരും കണ്ടെത്തിയ എളുപ്പ വഴിയാണ് പത്താംക്ലാസ്സില്‍ എല്ലാവരേയും ജയിപ്പിക്കുക എന്നത്. എന്നാല്‍ ഇതുവഴി സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ നിലവാരം കുത്തനെ ഇടിഞ്ഞുവെന്നതാണ് ഫലം. എസ്എസ്എല്‍സിക്ക് 97 ശതമാനം വരെ വിജയമുള്ള സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വിജയം 20ശതമാനം മാത്രമാണ്. ബാക്കി 80 ശതമാനവും ഈ കടമ്പ കടക്കാനാകാതെ പരാജയപ്പെടുന്നു. പത്താംക്ലാസ്സ് വരെ മലയാളം മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥി പ്ലസ്ടുവിന് പഠന മാധ്യമം ഇംഗ്ലീഷ് ആകുന്നതോടെ പകച്ചു നില്‍ക്കുകയാണ്. എസ്എസ്എല്‍സി എന്ന കടമ്പ സി ഗ്രേഡിലോ ഡി പ്ലസ്സിലോ കടക്കുന്നവര്‍ക്ക് പ്ലസ് ടു ബാലികേറാമലയാണ്. സംസ്ഥാന സിലബസിന്റെ നിലവാരവും പരീക്ഷയുടെ നിലവാരവും താഴ്ത്തിയതോടെ കേരള സിലബസ് പഠിച്ച കുട്ടികള്‍ ഉപരി പഠന മേഖലകളില്‍ ദയനീയമായി പരാജയപ്പെടുകയുമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പരീക്ഷകളും സിലബസ്സും ഉദാരമാക്കിയതോടെ പഠന നിലവാരത്തിലും തകര്‍ച്ച സംഭവിച്ചതായി ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എസ്എസ്എല്‍സിക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും മുന്‍പ് നല്‍കിയിരുന്ന ഗൗരവം ഇപ്പോള്‍ നല്‍കുന്നില്ല. ഇത് പഠന നിലവാരത്തെ ബാധിക്കുന്നു. ഭാഷ, ശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന സിലബസ് പഠിക്കുന്ന കുട്ടികളുടെ നിലവാരം പരമ ദയനീയമാണെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. പത്താം ക്ലാസ്സ് വരെ ഉദാര മൂല്യനിര്‍ണ്ണയം വഴി കയറ്റി വിടുന്ന കുട്ടികളില്‍ ഏറിയകൂറും ഹയര്‍ സെക്കണ്ടറി തോല്‍ക്കുന്നതോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയോ സ്വാശ്രയ സ്ഥാപനങ്ങളെ തേടിപ്പോവുകയോ ആണ്. ഹയര്‍ സെക്കണ്ടറി പാസ്സാകുന്നവര്‍ക്കാകട്ടെ മെഡിക്കല്‍, എഞ്ചിനീയറിങ്, മാനേജ്‌മെന്റ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടുന്നത് കുറവുമാണ്. മത്സരക്ഷമതയില്ലായ്മയും ഭാഷാ പരിജ്ഞാനമില്ലായ്മയും കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പടുന്നതിന് ഇടയാക്കുന്നു. സംസ്ഥാനത്ത് സിബിഎസ്ഇ വിദ്യാലയങ്ങലിലെ ഹയര്‍സെക്കണ്ടറി വിജയശതമാനം 95 നും 98 നും ഇടയിലാണ്. ഇവര്‍ക്ക് പൂര്‍ണ്ണമായും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. ഐഐടി എന്‍ട്രന്‍സില്‍ കഴിഞ്ഞ വര്‍ഷം 35 ശതമാനവും സിബിഎസ്ഇ ക്കാര്‍ കൈയടക്കിയപ്പോള്‍ കേരളസിലബസുകാരുടെ വിജയ ശതമാനം 0.7 മാത്രമായിരുന്നു. അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ്, ഐഐഎം എന്‍ട്രന്‍സ് തുടങ്ങിയ മത്സര പരീക്ഷകളിലും ഇതാണ് സ്ഥിതി. അടിസ്ഥാന വിദ്യാഭ്യാസത്തെ തകര്‍ത്തതാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ നിലവാരത്തകര്‍ച്ചക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.