മന്‍ കീ ബാത്

Monday 27 April 2015 1:04 am IST

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എല്ലാവര്‍ക്കും നമസ്‌ക്കാരം. ഇന്ന് 'മന്‍ കീ ബാത്' പരിപാടിയില്‍ സംസാരിക്കാനുള്ള മനസ്സുഖം എനിക്ക് ഇല്ല. കാരണം മനസ്സിന് വല്ലാത്ത ഭാരം അനുഭവപ്പെടുന്നു, വേദന അനുഭവപ്പെടുന്നു. നിങ്ങളുടെ നിത്യ ജീവിതപ്രശ്‌നങ്ങളെപ്പറ്റി, അപ്രതീക്ഷിതമായ മഴ, കൃഷിനാശം എന്നിവയെപ്പറ്റിയാണ് കഴിഞ്ഞ പ്രാവശ്യം ഞാന്‍ സംസാരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബീഹാറില്‍ അപ്രതീക്ഷിതമായി ശക്തമായ കാറ്റ് വീശുകയും ഏറെപേര്‍ മരിക്കുകയും ചെയ്തു. കൂടാതെ നാശനഷ്ടങ്ങളും ഉണ്ടായി. ശനിയാഴ്ചത്തെ ഭയാനകമായ ഭൂകമ്പം ലോകത്തെ മുഴുവന്‍ നടുക്കി. പ്രകൃതിക്ഷോഭങ്ങളുടെ തുടര്‍ക്കാലമാണോ ഇതെന്ന് തോന്നുന്നു. നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ അനുരണനം ഭാരതത്തിന്റെ പല സംസ്ഥാനങ്ങളിലും ഉണ്ടായി. ആളുകളുടെ ജീവനും സ്വത്തിനും വന്‍നാശങ്ങളുണ്ടായി. എന്നാല്‍ നേപ്പാളിലുണ്ടായിരിക്കുന്ന നഷ്ടം വളരെ വലുതാണ്. 2001 ജനുവരി 26ന് ഗുജറാത്തിലെ കച്ചില്‍ ഭൂകമ്പ ദുരന്തം എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ദുരന്തം എത്രമാത്രം ഭയാനകമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നേപ്പാളിലെന്താണ് സംഭവിച്ചത്? നേപ്പാളിലെ കുടുംബങ്ങള്‍ക്ക് എന്തെല്ലാം സഹിക്കേണ്ടിവന്നുകാണും. ഇതിനെപ്പറ്റിയെല്ലാം എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. എന്നാല്‍, എന്റെ പ്രിയപ്പെട്ട നേപ്പാളിലെ സഹോദരന്മാരെ, സഹോദരിമാരേ, ഭാരതീയര്‍ നിങ്ങളുടെ ദുഃഖത്തില്‍ നിങ്ങളോടൊപ്പമുണ്ട്. ഭാരതത്തിലെയും നേപ്പാളിലെയും ദുരന്ത പ്രശ്‌നഭരിതമേഖലകളില്‍ അടിയന്തിര സഹായത്തിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും ആദ്യത്തെ ജോലിയാണ്, ജീവന്‍ പണയം വെച്ചുള്ള രക്ഷാപ്രവര്‍ത്തനം. എന്തെന്നാല്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കുറച്ചാളുകള്‍ ജീവന്‍ ഉള്ളവരാണ്. അവരെ ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും പുറത്തേക്ക് കൊണ്ടുവരേണ്ടതാണ്. അതിവിദഗ്ദ്ധന്‍മാരുടെ ഒരു ടീമിനെതന്നെ അതിനായി അയച്ചിട്ടുണ്ട്. മാത്രവുമല്ല, അയച്ചിട്ടുള്ള ഈ ടീം അംഗങ്ങളെല്ലാംതന്നെ വളരെ പ്രത്യേകമായ പരിശീലനം സിദ്ധിച്ചിട്ടുള്ളവരും ആണ്. ഇപ്രകാരം പരിശീലനം നല്‍കിയ, മണം പിടിച്ച രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ കഴിവുള്ള സ്‌നിഫര്‍ നായ്ക്കളെയും അയച്ചിട്ടുണ്ട്. ഈ സ്‌നിഫര്‍ നായ്ക്കള്‍ക്ക് ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് കണ്ടെത്താനാകും. നമ്മുടെ ഏറ്റവും വലിയ പരിശ്രമം പരമാവധി ആളുകളെ ജീവനോടെ രക്ഷപ്പെടുത്തുക എന്നുള്ളതാണ്. അതിന് ശേഷം ദുരിതാശ്വാസപ്രവര്‍ത്തങ്ങളുടെ കാര്യവും ചെയ്യേണ്ടതുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങളും വളരെ വിപുലമായി നടത്തുക. എന്നാല്‍ മനുഷ്യസമൂഹത്തിന് ഇതില്‍ മുഖ്യമായ ഒരു പങ്കുണ്ട്. ഭാരതത്തിലെ 125 കോടി ദേശവാസികളെ സംബന്ധിച്ചിടത്തോളം നേപ്പാള്‍ എന്ന രാജ്യവും ജനങ്ങളും നമ്മുടെ സ്വന്തക്കാരാണ്. നേപ്പാളിലെ ജനങ്ങളുടെ ദുഃഖം നമ്മുടെയും ദുഃഖമാണ്. അവരുടെ ദുഃഖനിവാരണത്തിനായി ഭാരതം പൂര്‍ണ്ണമായും പരിശ്രമിക്കും. ഈ ആപത്‌സന്ധിയില്‍ എല്ലാ നേപ്പാളികളുടെയും കണ്ണീരൊപ്പാന്‍ ഭാരതം കൂടെയുണ്ടാകും. അവരുടെ കൈപിടിച്ച് എന്നും അവരുടെ സുഹൃത്തായിത്തന്നെ കൂടെയുണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ യെമനില്‍ നമ്മുടെ ആയിരക്കണക്കിന് ഭാരതീയ സഹോദരീസഹോദരന്മാരുടെ കണ്ണീര്‍ വീണിട്ടുണ്ട്. യുദ്ധത്തിന്റെ ഭയാനകമായ കെടുതികളില്‍നിന്ന് ബോംബുകളുടെയും ആയുധങ്ങളുടെയും സംഘര്‍ഷഭരിതമായ അവസ്ഥയില്‍നിന്ന് ഭാരതവാസികളുടെ കണ്ണീര്‍ ഒപ്പി അവരെ ജീവനോടെ ഭാരതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് വളരെ കഠിനമായ ഒരു ജോലിയായിരുന്നു. എന്നാല്‍ നമ്മളത് ചെയ്തു. ഇതുമാത്രമല്ല, ഒരാഴ്ചമാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെകൂടി ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. മനുഷ്യശക്തി എത്രമാത്രം വലുതാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. ബോംബ്‌സ്‌ഫോടനവും മരണവും സംഭവിക്കുന്നതിനിടയില്‍ ഒരാഴ്ചമാത്രം പ്രായമായ പെണ്‍കുഞ്ഞിന്റെ ജീവന്‍ തിരികെ ലഭിക്കാന്‍ സാധിച്ചു. അത് നമുക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശപര്യടനവേളയില്‍ ഇക്കാര്യത്തില്‍ ധാരാളം അനുമോദനം ലഭിക്കുകയുണ്ടായി. കാരണം, യെമനില്‍നിന്ന് ഏകദേശം 48 രാജ്യങ്ങളിലെ പൗരന്മാരെ നാം രക്ഷിക്കുകയുണ്ടായി. അത് ഫ്രാന്‍സുകാരാകട്ടെ, ജര്‍മ്മന്‍കാരാകട്ടെ, ജപ്പാന്‍കാരാകട്ടെ എല്ലാ രാജ്യത്തെയും ജനങ്ങളെ നമ്മള്‍ സഹായിച്ചു. ഭാരതത്തിന്റെ ഈ സേവനമനോഭാവം ലോകം തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. വളരെ ഉത്തരവാദിത്വത്തോടെയും ധീരതയോടുംകൂടിത്തന്നെയാണ് നമ്മുടെ വിദേശമന്ത്രാലയവും വായുസേനയും ഈ ദൗത്യം ഏറ്റെടുത്തത്. ഒരിക്കലും മായാത്ത മുദ്രയായി വരുംദിനങ്ങളില്‍ ലോകത്ത് ഇത് അവശേഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും അധികം സന്തോഷിപ്പിച്ചത്, യാതൊരു പ്രയാസവും കൂടാതെ എല്ലാ ആളുകളെയും രക്ഷപ്പെടുത്തിയെന്നതാണ്. ഇതാണ് ഭാരതത്തിന്റെ മഹിമ. കാരണം, ഭാരതസംസ്‌കാരം വളരെയേറെ പുരാതനമാണ്. ഈയിടെ ഞാന്‍ ഫ്രാന്‍സില്‍ പോയിരുന്നു. അവിടെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചിട്ടുള്ള ഒരു സ്മാരകം സന്ദര്‍ശിക്കാനിടയായി. അതിനുള്ള പ്രധാനകാരണം ഒന്നാം ലോകമഹായുദ്ധം നടന്നതിന്റെ ശതാബ്ദി വര്‍ഷമാണിത്. അതോടൊപ്പം ഭാരതത്തിലെ ധീരയോദ്ധാക്കളുടെ പോരാട്ടവീര്യത്തിന്റെയും, ആത്മബലിയുടെയും ശതാബ്ദികൂടിയാണിത്. അതുപോലെ മാതൃരാജ്യത്തിനുവേണ്ടിയുള്ള സേവനമാണ് ജീവിതത്തിന്റെ പരമമായ ധര്‍മ്മം. മഹത്തായ ഭാരതീയ ആദര്‍ശത്തെ മഹനീയമാക്കി മുന്നേറുന്ന ഭാരതത്തിന്റെ ആദര്‍ശപരമായ ഒരു ഉണര്‍വ്വിന്റെയും ഒരു ശതാബ്ദിവര്‍ഷമാണ് ഈ സന്ദര്‍ഭം. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഇക്കാര്യം ഇവിടെ പരാമര്‍ശിക്കുന്നത്. അതെന്തെന്നാല്‍ 1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തില്‍ ഏകദേശം 15 ലക്ഷത്തോളം ഭാരതീയ സൈനികര്‍ ജീവന്‍മരണ പോരാട്ടം നടത്തുകയുണ്ടായി എന്ന സത്യം വളരെ കുറച്ചാളുകള്‍ക്ക് മാത്രം അറിയാവുന്ന ഒരു വസ്തുതയാണ്. ഭാരതത്തിലെ ഈ യോദ്ധാക്കള്‍ തങ്ങള്‍ക്കുവേണ്ടിയോ മറ്റ് ഭൂവിഭാഗങ്ങള്‍ കീഴടക്കാന്‍ വേണ്ടിയോ അല്ല പ്രാണത്യാഗം ചെയ്തത്. അവര്‍ ഹിന്ദുസ്ഥാനത്തെ മറ്റൊരു രാജ്യത്തിനു മുന്നിലും അടിയറവു വച്ചിട്ടില്ല. ഭാരതീയര്‍ക്ക് ആരുടെയും ഭൂമി ആവശ്യമായിരുന്നില്ല. എന്നാല്‍, ഭാരതീയര്‍ അത്ഭുതകരമായ ആക്രമണോത്സുകത കാഴ്ചവയ്ക്കുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തില്‍ ഏകദേശം 74,000 ജവാന്മാര്‍ക്ക് രക്തസാക്ഷികളാകേണ്ടി വന്നു എന്നത് വളരെ കുറച്ചുപേര്‍ക്കുമാത്രമേ അറിയുകയുള്ളൂ. ഇതില്‍തന്നെ 9,200 സൈനികരെ ഗ്യാലണ്ടറി അവാര്‍ഡ് നല്‍കി ആദരിച്ചു എന്നത് വളരെ അഭിമാനം ഉളവാക്കുന്ന കാര്യമാണ്. ഇതിനുപരിയായി 11 പേര്‍ക്ക് സര്‍വ്വശ്രേഷ്ഠ ബഹുമതിയായ വിക്‌ടോറിയക്രോസ്സും ലഭിക്കുകയുണ്ടായി. പ്രത്യേകിച്ച് ഫ്രാന്‍സില്‍ 1915 മാര്‍ച്ചിലെ യുദ്ധത്തില്‍ ഏകദേശം 4,700 ഭാരതീയര്‍ മരിക്കുകയുണ്ടായി. അവരെ ആദരിച്ചുകൊണ്ട് ഫ്രാന്‍സില്‍ ഒരു സ്മാരകം പണിതിട്ടുണ്ട്. അവിടെ പ്രണാമം അര്‍പ്പിക്കാന്‍ കഴിഞ്ഞു. നമ്മുടെ പൂര്‍വ്വികരുടെ ധീരമായ പ്രവൃത്തിയെ ആദരിക്കാനും കഴിഞ്ഞു. ലോകത്ത് ഇന്ന് നടന്നുവരുന്ന പല സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ നമുക്ക് മറ്റുള്ളവരോട് പറയാന്‍ കഴിയും നമ്മുടെ രാജ്യം ലോകശാന്തിക്കും സുഖത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്. ഭാരതം ലോകമംഗളമാണ് കാംക്ഷിക്കുന്നത്. അതിനുവേണ്ടി ചിന്തിക്കുകമാത്രമല്ല ആകാവുന്നത് ചെയ്യുകയുമാണ്. ആവശ്യമെങ്കില്‍ ജീവന്‍ പണയംവെയ്ക്കുവാനും ഒരുക്കമാണ്. ഐക്യരാഷ്ട്രസംഘടനയുടെ സമാധാനസേനയില്‍ ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഭാരതത്തിന്റെ സ്ഥാനം ഒന്നാമതാണ്. ഇത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മഹത്തായ കാര്യം ചെയ്യുവാനുള്ള അവസരം കൈവന്നു. നാം ഭരണഘടനാ ശില്പിയായ ഡോ. ബാബാ സാഹിബ് അംബേദ്കറുടെ 125-ാം ജയന്തി ആഘോഷിക്കുകയാണ്. വര്‍ഷങ്ങളായി മുംബൈയില്‍ അംബേദ്ക്കര്‍ സ്മാരക നിര്‍മ്മാണത്തിനാവശ്യമായ സ്ഥലത്തെ സംബന്ധിച്ച വിവാദം നടക്കുകയായിരുന്നു. എന്നാല്‍, വളരെ സന്തോഷകരമായ ഒരു നടപടിയാണ് ഭാരതസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ആ സ്ഥലത്തുതന്നെ അംബേദ്ക്കറുടെ സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനം ഭാരതസര്‍ക്കാര്‍ കൈക്കൊണ്ടു. ഇതുപോലെ ദല്‍ഹിയിലും ബാബാ സാഹിബ് അംബേദ്ക്കറുടെ പേരില്‍ അന്തര്‍ദേശീയ കേന്ദ്രം ഉയരുകയാണ്. ലോകം മുഴുവനും അംബേദ്ക്കറെയും അദ്ദേഹത്തിന്റെ ചിന്തയും പ്രവൃത്തിയും മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യത്തില്‍ അന്തര്‍ദേശീയ കേന്ദ്രമെന്നത് വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്. സ്മാരകത്തിനു ശിലയിട്ടു. 20 വര്‍ഷംകൊണ്ട് സാധിക്കാത്തത് 20 മാസംകൊണ്ട് നടപ്പിലാക്കണമെന്നാണ് നിശ്ചയം. ഇതോടൊപ്പം തോന്നിയ മറ്റൊന്നുകൂടി പങ്കുവെക്കട്ടെ. ഇന്നും നമ്മുടെ രാജ്യത്തെ കുറച്ചു കുടുംബങ്ങള്‍ക്ക് മനുഷ്യവിസര്‍ജ്ജ്യം തലയിലേറ്റേണ്ടതായി വരുന്ന ദുരിതജീവിതം നയിക്കേണ്ടിവരുന്നു. ഇത് നമ്മുടെ രാജ്യത്തിനുതന്നെ തീരാ കളങ്കമല്ലേ. ബാബാ സാഹിബ് അംബേദ്ക്കറുടെ 125-ാം ജയന്തിവര്‍ഷത്തില്‍ ഈ കളങ്കത്തില്‍നിന്ന് രാജ്യത്തെ മുക്തമാക്കുവാന്‍ ഭാരത സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യത്തെ വളരെ കുറച്ചു കുടുംബങ്ങള്‍ മാത്രമാണ് മനുഷ്യ വിസര്‍ജ്ജ്യം തലയില്‍ ചുമന്നുമാറ്റുന്ന ജോലി ചെയ്യുന്നത്. ഈ അവസ്ഥ നമുക്ക് സഹ്യമല്ല. സമൂഹത്തെ അവര്‍ക്കൊപ്പം നിര്‍ത്താനാവണം. സര്‍ക്കാരിന്റെ ഉത്തരവാദിത്വം നടപ്പില്‍ വരുത്തണം. അതിന് ജനങ്ങളുടെ സഹകരണമാണ് ആവശ്യം. ബാബാ സാഹിബ് അംബേദ്ക്കര്‍ ജീവിതം മുഴുവന്‍ പറഞ്ഞത് വിദ്യാഭ്യാസം നേടുകയെന്നാണ്. ഇന്ന് നമ്മുടെ നാട്ടിലെ വളരെയേറെ ദളിതരും ചൂഷിതരും സാധാരണക്കാരുമായ ജനവിഭാഗത്തിന്റെയിടയില്‍ വിദ്യാഭ്യാസം ശരിയാംവണ്ണം എത്തിയിട്ടില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നത് ഒരു കിട്ടാക്കനിയായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ബാബാ സാഹിബ് അംബേദ്ക്കറുടെ 125-ാം ജയന്തിവര്‍ഷത്തില്‍ നമുക്ക് ഈ തീരുമാനമെടുക്കാം, നമ്മുടെ ഗ്രാമത്തിലോ, പട്ടണത്തിലോ, തെരുവുകളിലോ ആണ്‍കുട്ടികളോ, പെണ്‍കുട്ടികളോ വിദ്യാഭ്യാസമില്ലാത്തവരായി ആരുമുണ്ടാകരുത്. നമ്മുടെ സര്‍ക്കാര്‍ ആ മഹത്തായ കര്‍ത്തവ്യം ഏറ്റെടുക്കുകയാണ്. സമൂഹത്തിന്റെ സഹകരണവും ഇതിനാവശ്യമാണ്. ആ സന്തോഷത്തില്‍ നമുക്കേവര്‍ക്കും പങ്കാളികളാകാം. ഭാരതത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച രണ്ടു പുത്രിമാരുടെ പേരെടുത്തു പറയുന്നതില്‍ എനിക്കഭിമാനമുണ്ട്, അതിലൊരാള്‍ സൈനാ നെഹ്‌വാളാണ്. ബാഡ്മിന്റനില്‍ ലോകത്ത് ഒന്നാം സ്ഥാനമെന്ന നേട്ടത്തിനുടമ. ടെന്നീസ് ഡബിള്‍സില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരിയായ സാനിയ മിര്‍സയാണ് മറ്റൊരാള്‍. ദേശത്തിന്റെ യശസ്സുയര്‍ത്തിയ രണ്ടു പുത്രിമാര്‍ക്കുമൊപ്പം ഭാരതത്തിന്റെ അഭിമാനോജ്ജ്വലങ്ങളായ എല്ലാ പുത്രിമാര്‍ക്കും എന്റെ സ്‌നേഹാശംസകള്‍. നമ്മുടെ അഭിമാനതാരങ്ങളായ നിരവധി പുരുഷന്മാരുമുണ്ട്. അവരുടെ പരിശ്രമങ്ങളില്‍ രാഷ്ട്രം അഭിമാനം കൊള്ളുകയാണ്. എന്നാല്‍, ചില സാഹചര്യങ്ങളില്‍ നാം അത് മറന്നുപോകാറുണ്ട്. ലോകകപ്പ്ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ആസ്‌ട്രേലിയയോട് നാം പരാജയപ്പെട്ടു. എന്നാല്‍, ചിലര്‍ ക്രിക്കറ്റ്ക്കളിക്കാരോട് അരുതാത്ത ചില വാക്കുകള്‍ ഉപയോഗിച്ചുകണ്ടു, അരുതാത്ത പ്രവൃത്തികളും അവരോട് കാണിക്കുകയുണ്ടായി. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, അതു നല്ലതല്ല. എത്ര നന്നായി കളിച്ചാലും ചിലപ്പോള്‍ തോറ്റെന്നുവരാം. ജയാപജയങ്ങള്‍ ജീവിതത്തിന്റെതന്നെ ഭാഗമല്ലേ? ഒരുപക്ഷേ, നമ്മുടെ കളിക്കാര്‍ നമ്മളെക്കാളും സങ്കടത്തില്‍പ്പെടുന്ന സാഹചര്യമാകാമത്. അത്തരത്തിലൊരു സാഹചര്യത്തില്‍ അവര്‍ക്ക് ആവേശവും ധൈര്യവും പകരുകയല്ലേ വേണ്ടത്? പരാജയത്തില്‍ നിന്ന് നമുക്ക് പലതും പഠിക്കാനാവുമെന്നതില്‍ പൂര്‍ണ്ണവിശ്വാസം എനിക്കുണ്ട്. രാഷ്ട്രത്തിന്റെ അഭിമാനത്തോടൊപ്പം ഏതെല്ലാം കാര്യങ്ങളാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒരു നിമിഷത്തിനിടയില്‍ നാം പലതും മറന്ന് നടത്തുന്ന പ്രതികരണം മറ്റാരുടെയും ആത്മവീര്യത്തെ നഷ്ടപ്പെടുത്തുന്നതാകരുത്. ഇക്കാര്യം എന്നെ ഏറെ വേദനിപ്പിക്കുന്നു. ആളുകളുടെ വന്‍തിരക്കിനിടയില്‍ ചില ആകസ്മിക സംഭവങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഒരുവിധത്തിലുമുള്ള അപകടങ്ങള്‍ക്ക് ഇവ ഇടവരുത്തരുത്. ഇത്തരം ചില സംഭവങ്ങള്‍ നാം ടെലിവിഷനില്‍ കണ്ടതാണ്. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കത്തിക്കുന്ന സംഭവങ്ങള്‍പോലും ഉണ്ടായി. ഇത്തരം ആവേശപ്രകടനങ്ങളില്‍ നിന്ന് നാം ഒഴിഞ്ഞുതന്നെ നില്‍ക്കണം. സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. എന്റെ പ്രിയജനങ്ങളേ..., നിങ്ങള്‍ പറഞ്ഞാലും...ഇപ്രകാരമുള്ള ദേഷ്യപ്രകടനങ്ങള്‍ക്ക് വേണ്ടി നമ്മള്‍ വാഹനങ്ങള്‍ കത്തിക്കുന്നു, എന്നാലോ...? മരിച്ചുപോയവര്‍ മടങ്ങിവരില്ല. എന്താ.... നമുക്ക് നമ്മുടെ മനസ്സിലെ ഭാവങ്ങളെ സന്തുലിതമാക്കി നിലനിര്‍ത്തിക്കൊണ്ട് നിയമത്തെ അതിന്റെ വഴിക്ക് വിട്ടുകൂടേ? നമ്മള്‍ ഇപ്രകാരം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഇന്ന് എന്റെ മനസ്സ് ഈ കാരണങ്ങളെല്ലാം കൊംണ്ടുതന്നെ വളരെ വിഷമത്തിലാണ്. വിശേഷിച്ചും പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍. എന്നാല്‍ ഇതിനൊക്കെയിടയിലും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടതുണ്ട്. ഈ രാജ്യത്തിലെ ഏതൊരു വ്യക്തിയുംതന്നെ, ഒരുപക്ഷേ ദളിതനായിരുന്നാലും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആളായിരുന്നാലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആളായിരുന്നാലും ചതിവില്‍പ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയായാലും ആദിവാസി സമൂഹത്തില്‍പ്പെട്ട ആളായാലും ഗ്രാമീണനായാലും ദരിദ്രനായാലും കൃഷിക്കാരനായാലും ചെറുകിട കച്ചവടക്കാരനായിരുന്നാലും...... ഒരുപക്ഷേ, ആരുംതന്നെയായിക്കൊള്ളട്ടെ ഇവര്‍ ഓരോരുത്തരുടെയും ക്ഷേമത്തിനായുള്ള ഈ യുദ്ധത്തില്‍ നമ്മള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുകതന്നെ ചെയ്യും. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദത്തിനും വിരാമമായിതീര്‍ന്നിരിക്കുകയാണ്. വിശേഷിച്ചും 10-ാം ക്ലാസ്സിലെയും 12-ാം ക്ലാസ്സിലെയും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മധ്യവേനല്‍ അവധി ആഘോഷിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. ഞാന്‍, നിങ്ങള്‍ ഓരോരുത്തര്‍ക്കും മംഗളകരമായ ഒരു ഭാവി നേരുന്നു. അതുപോലെ നിങ്ങളുടെ അവധിക്കാലം വളരെ നല്ല ദിനങ്ങളായിത്തീരട്ടേ...... എന്നും ആശംസിക്കുന്നു. ജീവിതത്തില്‍ ഒരുപാടു പുതിയ കാര്യങ്ങള്‍ പഠിക്കുവാനും ഒട്ടനവധി പുതിയ കാര്യങ്ങള്‍ അറിയുവാനും ഉള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കാന്‍ ഇടവരട്ടെ എന്നും ആശംസിക്കുന്നു. അതുപോലെ ഒരു വര്‍ഷം നീണ്ട കഠിനപരിശ്രമത്തിന്‌ശേഷം ഒരു നിമിഷം നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഉത്സാഹത്തോടെയും ഉല്ലാസത്തോടെയും കഴിയാന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്നും ആശംസിക്കുന്നു. ഇതെല്ലാംതന്നെയാണ് നിങ്ങള്‍ക്കായുള്ള എന്റെ മംഗളാശംസകള്‍....... ! നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ നമസ്‌കാരം........ ! നന്ദി.........!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.