വീണ്ടും പിഴവുകള്‍: എസ്എസ്എല്‍സി പുതുക്കിയ ഫലം വന്നു

Monday 27 April 2015 2:05 am IST

തിരുവനന്തപുരം: പിഴവുപറ്റിയ എസ്എസ്എല്‍സി ഫലം പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ വീണ്ടും പിഴവുകള്‍ വന്നത് നാണക്കേടായി. ഫലം പുതുക്കിയപ്പോള്‍ വിജയ ശതമാനം സര്‍വകാല റെക്കാര്‍ഡിലെത്തി 98.57 ആയി. കഴിഞ്ഞയാഴ്ച 97.99 ശതമാനമായിരുന്നു; 0.58 ശതമാനത്തിന്റെ വര്‍ധന. ഉപരിപഠനത്തിനു അര്‍ഹത നേടിയവരുടെ എണ്ണം 4,61,542 ആയി ഉയര്‍ന്നു. ആദ്യം 4,58,841 ആയിരുന്നു. 41.91 ശതമാനം പേരാണ് പ്രൈവറ്റ് വിഭാഗത്തില്‍ വിജയിച്ചത്. പുതുക്കിയ ഫലം വന്നതോടെ ജില്ലകളുടെ വിജയശതമാനവും കൂടി. കോട്ടയം, കോഴിക്കോട് ജില്ലകളാണു മുന്നില്‍. ആദ്യം കണ്ണൂരായിരുന്നു കൂടുതല്‍ വിജയശതമാനമുള്ള ജില്ല. 91.16 വിജയ ശതമാനമുള്ള പാലക്കാടു ജില്ലയാണ് ഇപ്പോള്‍ ഏറ്റവും പിന്നില്‍. എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. പുതുതായി 3143 പേര്‍ക്ക് കൂടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടി. ഇതോടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 15,430 ആയി. സംസ്ഥാനത്ത് 167 സ്‌കൂളുകള്‍ക്ക് കൂടി നൂറുമേനിയായി. എന്നാല്‍ പുനഃപ്രസിദ്ധീകരിച്ച ഫലത്തെക്കുറിച്ചും പരാതിയുണ്ടായി. ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് കൂട്ടിയില്ല എന്ന പരാതിയാണുയര്‍ന്നത്. ലഭിച്ച പരാതികളില്‍ 257 എണ്ണം ഇനിയും പരിഹരിക്കാനുണ്ട്. ഗ്രേസ് മാര്‍ക്ക് ചേര്‍ത്തപ്പോഴുണ്ടായ സാങ്കേതിക തകരാറാണു നേരത്തെയുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അടിസ്ഥാന വിവരങ്ങളില്‍ യാതൊരു തെറ്റും കണ്ടെത്തിയിട്ടില്ലെന്നും ഡിപിഐ അറിയിച്ചു. പിഴവു വരുത്തിയവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയുണ്ടായേക്കും. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേപരീക്ഷ മെയ് 18 ന് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.