സെറ്റ് പരീക്ഷ: ജനറല്‍ കാറ്റഗറിയോടുള്ള അനീതി അവസാനിപ്പിക്കണം- എന്‍എസ്എസ്

Monday 27 April 2015 9:29 pm IST

കോട്ടയം: ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനാകാനുള്ള സെറ്റ് പരീക്ഷയില്‍ ജനറല്‍ കാറ്റഗറി വിഭാഗത്തോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെറ്റ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ 5.64 ശതമാനവും ഒബിസി വിഭാഗത്തിലുള്ളവര്‍ 21.49 ശതമാനവും എസ്‌സി എസ്ടി വിഭാഗത്തിലുള്ളവര്‍ 31.50 ശതമാനവും വിഎച്ച്പിഎച്ച് വിഭാഗത്തിലുള്ളവര്‍ 39.35 ശതമാനവും വിജയിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടു പേപ്പറിനുംകൂടി ജയിക്കാന്‍വേണ്ട മാര്‍ക്ക് 50ശതമാനം നിലനിര്‍ത്തുകയും ഓരോ പേപ്പറിനും ജയിക്കാന്‍ വേണ്ട പ്രത്യേക മിനിമം മാര്‍ക്ക് ജനറല്‍ വിഭാഗങ്ങള്‍ക്ക് 40 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചതുമാണ് അവരുടെ വിജയശതമാനം കുറയാന്‍ ഇടയാക്കിയത്.അതേസമയം ഇതരവിഭാഗങ്ങള്‍ക്ക് 35 ശതമാനമാണ് സപ്പറേറ്റ് മിനിമം. രണ്ടുപേപ്പറുകള്‍ക്കുംകൂടി ജയിക്കാനുള്ള മാര്‍ക്ക് 50ശതമാനത്തില്‍ നിന്നും ഒബിസിക്ക് 45 ശതമാനമായും എസ്‌സി എസ്ടി,വിഎച്ച്പിഎച്ച് വിഭാഗങ്ങള്‍ക്ക് 40 ശതമാനമായും കുറച്ചതാണ് അവരുടെ വിജയശതമാനം ഉയരാന്‍ കാരണം. 2015 ലെ സെറ്റ് പരീക്ഷയ്ക്ക് ജനറല്‍ കാറ്റഗറിക്ക് രണ്ട് പേപ്പറുകള്‍ക്കും കൂടി ജയിക്കാന്‍ 48 ശതമാനം മാര്‍ക്ക് മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സപ്പറേറ്റ് മിനിമം 40 ശതമാനം തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. ജനറല്‍ കാറ്റഗറി എന്ന വിഭാഗത്തോട് എന്ത് അനീതി കാണിച്ചാലും ചോദിക്കാനും പറയാനും സര്‍ക്കാരോ ജനപ്രതിനിധികളോ നീതിബോധമുള്ള മാധ്യമങ്ങളോ സാംസ്‌കാരിക നായകന്മാരോ ഇല്ലാത്ത നാടായി കേരളം അധഃപതിച്ചിരിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.