പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മാണത്തിലെ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി രംഗത്ത്

Monday 27 April 2015 9:50 pm IST

ചാത്തന്നൂര്‍: പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മ്മാണത്തില്‍ നടന്ന കോടികളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി രംഗത്ത്. വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉത്തരവിടണമെന്ന് ഐക്യവേദി പരവൂര്‍ മുനിസിപ്പല്‍ സമിതി പ്രസിഡന്റ് എസ്.കെ.ഉദയകുമാര്‍, സെക്രട്ടറി ശ്രീലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന ചാത്തന്നൂര്‍-പരവൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായത് ഒരു കിലോമീറ്റര്‍ മാത്രമാണ്. പൂര്‍ത്തിയായ പരവൂര്‍ മേല്‍പാലം മുതല്‍ ദയാബ്ജി വരെയുള്ള ഭാഗം ഏകദേശം പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. കരാര്‍വ്യവസ്ഥ അനുസരിച്ച് ഏഴരമീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മാണം നടത്താനാണ് പദ്ധതി തയാറാക്കിയത്. കരാര്‍ ലംഘനമാണ് റോഡ് നിര്‍മ്മാണത്തില്‍ നടന്നത്. ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുക, കാല്‍നടയാത്രക്ക് റോഡ് സൈഡില്‍ നടപാതകള്‍ നിര്‍മ്മിക്കുക, വെള്ളമൊഴുകി പോകുന്നതിന് ഓടകള്‍ നിര്‍മ്മിക്കുക, വര്‍ഷങ്ങള്‍ പഴക്കംചെന്ന അപകടാവസ്ഥയിലായ കലങ്ങുകള്‍ പുനര്‍നിര്‍മ്മാണം നടത്തുക, ബസ്‌ബേ നിര്‍മ്മാണം നടത്തുക എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ക്കും പ്രത്യേകം തുകകള്‍ വകയിരുത്തിയാണ് കരാര്‍വ്യവസ്ഥകള്‍ എന്നിരിക്കെ എല്ലാ കാരാര്‍ വ്യവസ്ഥകളും കാറ്റില്‍പറത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. യാതൊരുവിധ സന്ദര്‍ശനവും നടത്താതെ കാര്യാലയങ്ങളില്‍ ഇരുന്നു തയാറാക്കിയ കരാര്‍ വ്യവസ്ഥകളുമായി എത്തിയ ഉദ്യോഗസ്ഥര്‍ റോഡിന്റെ നിര്‍മാണം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് വിശദമായ രൂപരേഖ മുന്‍കൂട്ടി തയാറാക്കാത്തതിനാല്‍ തുടക്കത്തില്‍തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകിടംമറിഞ്ഞു. എസ്റ്റിമേറ്റ് അംഗീകരിച്ച് പണി കരാറായതിനുശേഷമാണ് റോഡിന്റെ ചില ഭാഗങ്ങളില്‍ ഉയരക്കൂടുതല്‍ വേണമെന്നുള്ള കാര്യം പൊതുമരാമത്ത് വകുപ്പുകാര്‍ക്ക് ബോധ്യമാകുന്നത്. മഴക്കാലത്ത് വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടാകുന്ന നെടുങ്ങോലം വടക്കേമുക്കില്‍ ഉയരം കൂട്ടാനും പരവൂര്‍ ദയാബ്ജി ജങ്ഷന് സമീപം ചപ്പാത്തുള്ള ഭാഗത്ത് ഉയരം കൂട്ടി ഓട നിര്‍മിക്കാനും പിന്നീടാണ് തീരുമാനിച്ചത്. ഇതിനുവേണ്ടി ഒരു കോടി വകമാറ്റി. ഇത്രയും പണം ചെലവഴിച്ച് നിര്‍മ്മാണം നടത്തിയിട്ടും രണ്ടിടത്തും വെള്ളക്കെട്ടിന് ശമനമുണ്ടായിട്ടില്ല. രണ്ടിടത്തും വെള്ളം ഒലിച്ചുപോകാന്‍ സംവിധാനമില്ലാത്തതാണ് കാരണം. ഓട നിര്‍മ്മിച്ചെങ്കിലും വെള്ളം ഓടയിലേക്ക് ഒലിച്ചിറങ്ങുന്നില്ല. ഇത് കൂടാതെ പിന്നിട് മാറിയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കിനിശ്ചയിക്കേണ്ട സാഹചര്യമുണ്ടായി. ഇതിന്റെ പേരില്‍ മാസങ്ങളോളം നിര്‍മാണം മുടങ്ങി. പിന്നീട് നിലവിലുള്ള തുക ഉപയോഗിച്ച് ചെയ്യാവുന്നത്ര പണി നടത്താന്‍ ധാരണയായി. ഏഴു കിലോമീറ്റര്‍ മൂന്നു ഭാഗങ്ങളാക്കി. പ്രതേക കരാര്‍ വ്യവസ്ഥകളും രണ്ടു കരാറുകാര്‍ക്ക് വീതിച്ചു നല്‍കി. പരവൂര്‍ ജങ്ഷന്‍ മുതല്‍ ദയാബ്ജി ജങ്ഷന് സമീപം വരെ ഒരു കിലോമീറ്റര്‍ ഭാഗം ഒരു കരാറുകാരനും, അവിടം മുതല്‍ മീനാട് ധര്‍മശാസ്താ ക്ഷേത്രം വരെ നാല് കിലോമീറ്റര്‍ ഭാഗം മറ്റൊരു കരാറുകാരനും നല്‍കി. ശേഷിക്കുന്ന തിരുമുക്കുവരെയുള്ള ഭാഗത്തിന് പണം തികയാത്തതിനാല്‍ പുതിയ എസ്റ്റിമേറ്റ് വരുന്ന മുറക്ക് ചെയ്യുന്നതിനായി മാറ്റിവെച്ചു. ഇതില്‍ പരവൂര്‍ ജങ്ഷന്‍ മുതലുള്ള ഒരു കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. മീനാട് ക്ഷേത്രം വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നടത്തിയ അഴിമതി ചോദ്യം ചെയ്തുകൊണ്ട് നാട്ടുകാര്‍ നിരവധിതവണ നിര്‍മ്മാണപ്രവര്‍ത്തനം തടയുകയും ചെയ്തു. ക്വാറിവേസ്റ്റ് ഉപയോഗിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ ചിറക്കരയിലെ ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെയുണ്ടായ ജനകീയ ഇടപെടലിന്റെ പേരില്‍ പലതവണ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്ന മീനാട് ക്ഷേത്രം മുതല്‍ തിരുമുക്ക് വരെയുള്ള റോഡിന്റെ കുഴിയടപ്പ് എന്ന പേരില്‍ ലക്ഷങ്ങളാണ് വര്‍ഷംതോറും ചിലഴിക്കുന്നത്. റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തുകയും കരാറുകാരനും ഉദ്യോഗസ്ഥന്മാര്‍ക്കും ഒത്താശ ചെയ്തു കൊടുത്ത് ഫഌക്‌സ് ബോര്‍ഡ് വച്ച് ജനങ്ങളെ പറ്റിക്കുന്ന എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഇടത്-വലത് രാഷ്ട്രീയക്കാര്‍ക്കുമെതിരെ ജനവികാരം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.