ശബരിമലയില്‍ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തില്‍ ശുചീകരണയജ്ഞം ആരംഭിച്ചു

Saturday 5 November 2011 10:44 pm IST

പത്തനംതിട്ട: ശുചിത്വത്തിന്റെ അമൃതസന്ദേശമുയര്‍ത്തി സന്നിധാനത്ത്‌ മാതാ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം ആരംഭിച്ചു. സന്നിധാനത്തെ 12 മേഖലകളായി തിരിച്ചാണ്‌ ആശ്രമ വാസികളും ബ്രഹ്മചാരികളും ഭക്തരുമടങ്ങുന്ന സംഘം ശുചീകരണം നടത്തുന്നത്‌.
നടപ്പന്തല്‍, പാണ്ടിത്താവളം, ഭസ്മക്കുളം, അരവണ പ്ലാന്റ്‌, കൊപ്രാക്കളം, ഇന്‍സിനറേറ്റര്‍ പരിസരം, വിരിത്തറ പരിസരം, അടുക്കള, തുടങ്ങിയ സന്നിധാനത്തെ മുക്കും മൂലയുമെല്ലാം ശുചീകരിക്കുന്നുണ്ട്‌. തമിഴ്‌നാട്‌, കര്‍ണ്ണാടകം, കേരളം, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്മയുടെ ഭക്തരും ബ്രഹ്മചാരികളും ആശ്രമവാസികളുമടക്കം ആയിരക്കണക്കിനാളുകളാണ്‌ സന്നിധാനത്തെ മാലിന്യമുക്തമാക്കാന്‍ പ്രയത്നിക്കുന്നത്‌. ഇവര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കുപ്പി, പ്ലസ്റ്റിക്ക്‌ കുപ്പി, തുണി, മറ്റ്‌ മാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിക്കുകയും ചെയ്യും. ഇങ്ങനെ സംഭരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കാനാണ്‌ പദ്ധതി.
അമൃതാനന്ദമയീമഠത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അമലഭാരതം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണ്‌ സന്നിധാനവും പമ്പയും ശുചീകരിക്കുന്നത്‌. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്വാമി ജ്ഞാനാമൃതാനന്ദപുരി , ബ്രഹ്മചാരി തപസ്യാമൃതചൈതന്യ, ബ്രഹ്മചാരി ഗുരുദാസ്‌ ചൈതന്യ, എന്നിവര്‍ നേതൃത്വം നല്‍കും.
പമ്പയിലും സന്നിധാനത്തും അമൃതാനന്ദമയീമഠത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുചീകരണത്തിന്‌ ആവശ്യമായ ഉപകരണങ്ങളെല്ലാം മഠംതന്നെയാണ്‌ നല്‍കുന്നത്‌. ശുചീകരണയജ്ഞത്തില്‍ പങ്കെടുക്കുന്നവര്‍ക്കാവശ്യമായ ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. സന്നിധാനത്ത്‌ പലയിടത്തും ഏറെക്കാലമായി വാരിമാറ്റാതെ കിടക്കുന്ന മാലിന്യങ്ങള്‍ പോലും ശുചീകരണ യജ്ഞത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.