ഭൂചലനം:കഠ്മണ്ഡു മൂന്ന് മീറ്റര്‍ തെന്നിനീങ്ങിയതായി റിപ്പോര്‍ട്ട്

Tuesday 28 April 2015 4:04 pm IST

സിഡ്‌നി: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ തലസ്ഥാന നഗരമായ കഠ്മണ്ഡു മൂന്ന് മീറ്റര്‍ (പത്ത് അടി) തെക്കോട്ട് തെന്നിനീങ്ങിയതായി റിപ്പോര്‍ട്ട്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ടെക്‌ടോണിക്‌സ് ഗവേഷകന്‍ ജയിംസ് ജാക്‌സണിന്റെ പഠനമാണ് കഠ്മണ്ഡു ഉള്‍പ്പെടുന്ന ഭൂപ്രദേശം തെന്നിനീങ്ങിയതായി വ്യക്തമാക്കുന്നത്. ഭൂമിയുടെ 15 കിലോമീറ്റര്‍ ഉള്‍ഭാഗത്തായാണ് ഈ മാറ്റം സംഭവിച്ചത്. ഇത് ഉപരിതലത്തേയും ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. യൂറോപ്പും ഏഷ്യയുമടങ്ങുന്ന യൂറേഷ്യന്‍ ഫലകവും വടക്കുഭാഗത്തേക്കു ചലിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫലകവും സംഗമിക്കുന്ന ഹിമാലയന്‍ മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിനു ശേഷം ഭൂമിയിലൂടെ കടന്നുപോകുന്ന ശബ്ദതരംഗങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചു ക്രോഡീകരിച്ചത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനു സ്ഥാനമാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും പഠനങ്ങള്‍ പറയുന്നു. ഭൂമിക്കടിയില്‍ മാറ്റങ്ങള്‍ സംഭവിച്ചത് എവറസ്റ്റിന് തൊട്ടുതാഴെയല്ലാത്തതാണ് ഇതിനു കാരണം. ഭൂമിക്കടിയില്‍ ഇന്ത്യന്‍ ഫലകവും യൂറേഷ്യന്‍ഫലകവും വേര്‍തിരിക്കുന്ന ഹിമാലയന്‍ മേഖലയില്‍ ഇരു ഫലകങ്ങളും തമ്മിലുള്ള വിവര്‍ത്തന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇടക്കിടെ ചെറുതും വലുതുമായ ഭൂചനങ്ങളുണ്ടാകാറുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.