ദല്‍ഹിയിലെ പൊതുവീഥിയില്‍ മാലിന്യം കത്തിച്ചാല്‍ 5000 രൂപ പിഴ

Tuesday 28 April 2015 9:54 pm IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ പൊതുനിരത്തുകളില്‍ മാലിന്യം കത്തിച്ച് മലിനീകരണമുണ്ടാക്കുന്നവരില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാന്‍ ദേശീയ ഹരിതട്രൈബ്യൂണല്‍ ഉത്തരവ്. ദല്‍ഹി നഗരത്തിലും, പൊതുനിരത്തുകളിലും പ്ലാസ്റ്റിക്ക്, റബ്ബര്‍ തുടങ്ങിയ വായുമലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ കത്തിയ്ക്കുന്നവരില്‍ നിന്നാണ് പിഴ ഈടാക്കുന്നത്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മറ്റിക്ക്് ഹരിതട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. തലസ്ഥാന നഗരിയിലും പരിസരത്തും മാലിന്യം വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് കുട്ടികളിലും മുതിര്‍ന്നവരിലും സാംക്രമിക രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഈ വിധി. പരിസ്ഥിതി മലിനീകരണം ക്രമാതീതമായി വര്‍ധിച്ചതിനെതുടര്‍ന്ന് പതിനഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി ഹരിത ട്രൈബ്യൂണല്‍ ഈ മാസമാദ്യം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് തലസ്ഥാനത്തെ പച്ചക്കറിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിതരണത്തേയും മാലിന്യനീക്കത്തേയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ആ ഉത്തരവ് മരവിപ്പിക്കാന്‍ ഹരിത ട്രൈബ്യൂണലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം, സംസ്ഥാനത്തെ മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ച്ചവരുത്തിയതില്‍ ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാരുകളെ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചു. മലിനീകരണത്തിനെതിരെ പൊതുജനങ്ങള്‍ക്ക് ഹരിതകോടതിയിലോ, പ്രദേശിക പോലീസ് സ്‌റ്റേഷനിലോ നേരിട്ടെത്തിയോ ഇ-മെയില്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്അപ്പ് എന്നിവവഴിയും പരാതി സമര്‍പ്പിക്കാം. ആരോപണ വിധേയരായവര്‍ക്കെതിരെ പിഴചുമത്താന്‍ മുനിസിപ്പാലിറ്റിക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവിനെ ആരെങ്കിലും മറികടക്കുകയാണെങ്കില്‍ പ്രദേശത്തെ മുനിസിപ്പല്‍ ഉദ്യോഗസ്ഥന്‍ അതിനു മറുപടി പറയണം. കൂടാതെ സംസ്ഥാനത്തെ ഊര്‍ജ്ജോല്‍പ്പന്ന പ്ലാന്റുകള്‍ പുറംന്തള്ളുന്ന മാലിന്യത്തിന്റെ അളവ് കുറച്ചില്ലെങ്കില്‍ അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.