ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളികേര ഉത്പാദനം കുറഞ്ഞതായി സര്‍വ്വേ

Tuesday 28 April 2015 10:03 pm IST

കൊച്ചി: പ്രധാന നാളികേരോത്പാദന സംസ്ഥാനങ്ങളില്‍ നാളികേര ഉത്പാദനവും ഉത്പാദന ക്ഷമതയും നിര്‍ണ്ണയിക്കുന്നതിനായി നാളികേര വികസന ബോര്‍ഡ് നടത്തിയ സര്‍വ്വെയില്‍ ആന്ധ്രാപ്രദേശ്, കേരളം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ നാളികേര ഉത്പാദനത്തില്‍ കുറവ് കാട്ടുകയും തമിഴ്‌നാട്, ഒറീസ്സ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വര്‍ദ്ധനവ് കാണിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രധാന നാളികേര ഉത്പാദക സംസ്ഥാനങ്ങളില്‍ 2014-15 കാര്‍ഷിക വര്‍ഷത്തിലെ ഉത്പാദനം 2013-14 വര്‍ഷത്തെ അപേക്ഷിച്ച് 10% കുറവാണ് കാണിക്കുന്നത്. സര്‍വ്വേപ്രകാരം 2014-15 സാമ്പത്തിക വര്‍ഷം കേരളത്തിലെ നാളികേര ഉത്പാദനം 2013-14 വര്‍ഷത്തെ അപേക്ഷിച്ച് 17.48% കുറവാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം 2013-14 -ലെ ഉത്പാദനം 5921 ദശലക്ഷം ആയിരുന്നു. എന്നാല്‍ 2014-15 കാലയളവില്‍ ഇത് 4886 ദശലക്ഷമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ഹെക്ടറിന് 6042 നാളികേരമാണ് സംസ്ഥാനത്തിന്റെ ഉത്പാദനക്ഷമത. ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളില്‍ ഉത്പാദനം കുറവാണെന്ന് സര്‍വ്വേഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആലപ്പുഴ ജില്ലയിലെ ഉത്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മഴ കുറവായതും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം എന്നിവയാണ് ഉത്പാദനം കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാളികേര ഉത്പാദനം. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.