സെക്രട്ടറിയേറ്റിലെ വെട്ടിനിരത്തല്‍: പോരാടാനുറച്ച് വിഎസ് പക്ഷം

Tuesday 28 April 2015 10:21 pm IST

ആലപ്പുഴ: സിപിഎം സ്ഥാപക നേതാക്കളിലൊരാളായ വി.എസ്. അച്യുതാനന്ദനെയും അനുകൂലികളെയും രണ്ടാംകിടക്കാരാക്കി ഔദ്യോഗിക പക്ഷം അവഹേളിക്കുന്നതിനെതിരെ പരസ്യ പോരാട്ടത്തിനൊരുങ്ങി വിഎസ് പക്ഷം. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ പിണറായി വിജയന്‍, അച്യുതാനന്ദനെ പരസ്യമായി അവഹേളിച്ചിട്ടും പ്രതികരിക്കാതെ തലകുമ്പിട്ട് നിന്നവര്‍ പലരും ഒടുവില്‍ പരസ്യ പ്രതികരണത്തിന് തയാറായി എന്നതാണ് പ്രധാന മാറ്റം. പുന്നപ്ര-വയലാര്‍ സമരനായകനെന്ന് പാര്‍ട്ടി കാലങ്ങളായി വാഴ്ത്തുന്ന വിഎസിനെ സ്വന്തം നാട്ടില്‍ ആയിരക്കണക്കിന് സഖാക്കളുടെയും പൊതുജനങ്ങളുടെയും മുന്നില്‍ സ്ഥാനമൊഴിഞ്ഞ സെക്രട്ടറി അവഹേളിച്ചത് സാധാരണ പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. വിഎസ് പക്ഷക്കാരാണെന്ന പേരില്‍ എംഎല്‍എയും എപിയുമായവര്‍ വരെ ഇതിനെതിരെ പ്രതികരിക്കാതിരുന്നതും വിഎസ് അനുകൂലികളെ നിരാശരാക്കിയിരുന്നു. ഒടുവില്‍ അച്യുതാനന്ദന്റെ മാനസപുത്രനെന്ന് പാര്‍ട്ടിയില്‍ അറിയപ്പെടുന്ന സിപിഎം സംസ്ഥാന സമിതിയംഗം സി. കെ. സദാശിവന്‍ എംഎല്‍എ തന്നെ വിഎസ് അനുകൂലികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. കഴിഞ്ഞ സംസ്ഥാന കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പിണറായി വിജയനുമായി നേരിട്ട് ഏറ്റുമുട്ടാന്‍ പോലും സദാശിവന്‍ തയാറായി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഎസ് പക്ഷക്കാരായ ഒരാളെ പോലും ഉള്‍ക്കൊള്ളിക്കാതെ പൂര്‍ണമായും വെട്ടിനിരത്തിയതിനെതിരെ കൈയുയര്‍ത്താന്‍ എട്ടുപേര്‍ തയാറായെന്നതും വിഎസ് വിഭാഗത്തിന്റെ മാറിയ നിലപാടുകളുടെ പ്രതിഫലനമാണ്. അച്യുതാനന്ദന്‍ എത്തുന്ന പൊതുപരിപാടികള്‍ക്കെല്ലാം തന്നെ സംഘടിച്ചെത്തുന്ന വിഎസ് വിഭാഗക്കാര്‍ മറ്റൊരു സിപിഎം നേതാവിനും ലഭിക്കാത്ത സ്വീകരണമാണ് അച്യുതാനന്ദന് നല്‍കുന്നത്. വിഎസ് പക്ഷത്തിന് ഇപ്പോഴും സ്വാധീനമുള്ള ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരാളെ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ആലപ്പുഴ എംഎല്‍എ തോമസ് ഐസക് സെക്രട്ടറിയേറ്റില്‍ ഉണ്ടെങ്കിലും അത് ആലപ്പുഴയില്‍ നിന്നുള്ള പാര്‍ട്ടിയംഗം എന്ന നിലയിലല്ല. 15 അംഗ സെക്രട്ടറിയേറ്റില്‍ അഞ്ചുപേരും കണ്ണൂര്‍ ജില്ലക്കാരാണ്. വിഎസ് വിരോധം മാത്രം മാനദണ്ഡമാക്കി സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോള്‍ 11 പേരും മലബാറുകാരായിരുന്നു. വിഎസ് കേന്ദ്രീകൃതമായ പ്രവര്‍ത്തനം ഒഴിവാക്കി കണ്ണൂര്‍ ലോബിക്കും അവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കും മാത്രമാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്ന സ്ഥിതിവിശേഷമുയര്‍ത്തി പ്രവര്‍ത്തകരില്‍ പ്രചരണം നടത്താനും വിഎസ് പക്ഷം നീക്കം ആരംഭിച്ചു. മലപ്പുറം സമ്മേളനത്തിന് ശേഷം വായടക്കി നിന്നത് നഷ്ടം മാത്രമേ നല്‍കിയുള്ളൂവെന്ന തിരിച്ചറിവാണ് വിഎസ് വിഭാഗത്തിനുള്ളത്. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ കുറ്റവാളിയെന്ന മുദ്രകുത്തി സിപിഎം പുറത്താക്കിയ കേസിലെ ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്യുതാനന്ദന് പൊതുവേദിയില്‍ നിവേദനം നല്‍കിയതും വിഎസ് അത് സ്വീകരിച്ചതും മറ്റൊരു പോരാട്ടത്തിന്റെ തുടക്കമാണ്. പുതുപ്പള്ളി രാഘവന്‍ സ്മാരക അവാര്‍ഡുദാന സമ്മേളനത്തില്‍ അച്യുതാനന്ദനെ സാക്ഷിനിര്‍ത്തി സി.കെ. സദാശിവന്‍, പിണറായിയുടെ വിഎസ് അവഹേളനത്തിന് കൃത്യമായി മറുപടി നല്‍കിയതും മാറ്റത്തിന്റെ ഭാഗമാണ്. എസ്. ശര്‍മ്മയടക്കമുള്ള മുതിര്‍ന്ന വിഎസ് പക്ഷ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനുകളെ ആയുധമാക്കി നിശബ്ദരാക്കാനുള്ള നീക്കമായിരിക്കും ഇതിനെതിരെ ഔദ്യോഗിക പക്ഷം നടത്തുക. പുതിയ ജനറല്‍ സെക്രട്ടറിയായുള്ള യച്ചൂരിയുടെ വരവ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ വിഭാഗീയതയ്ക്ക് ശമനമല്ല, പകരം വിഎസ് പക്ഷത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പിനാണ് കളമൊരുക്കിയിരിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.