മരണസംഖ്യ 10,000 കവിയും

Wednesday 29 April 2015 12:49 am IST

കാഠ്മണ്ഡു: നേപ്പാളിനെ തകര്‍ത്തെറിഞ്ഞ വിനാശകാരിയായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കണക്കുകൂട്ടപ്പെട്ടതിലേറെയാകും. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു. ഭയാനകമായ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിയുമെന്ന് കൊയ്‌രാള വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഉത്തരവിട്ട അദ്ദേഹം കൂടുതല്‍ അന്താരാഷ്ട്ര സഹായവും അഭ്യര്‍ത്ഥിച്ചു. ഇതുവരെ 5,500 കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. രക്ഷാ, ദുരിതാശ്വാസ ദൗത്യങ്ങള്‍ കാര്യക്ഷമമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് കൊയ്‌രാള പറഞ്ഞു. കിടപ്പാടങ്ങളും മരുന്നുകളുമാണ് നേപ്പാളിന് ആവശ്യം. വീടുകളെല്ലാം നഷ്ടപ്പെട്ടു. അവശേഷിക്കുന്ന കെട്ടിടങ്ങള്‍ക്ക് തുടര്‍ ചലനങ്ങളെ താങ്ങാന്‍ ശേഷിയുമില്ല. മഴയത്തുപോലും ജനങ്ങള്‍ തുറന്ന സ്ഥലത്ത് ഉറങ്ങുന്നു. ഏഴായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരുടെ ചികിത്സയും പുനരധിവാസവും വെല്ലുവിളിയാകുമെന്നും അദ്ദേഹം വിലയിരുത്തി. സ്ഥിതിഗതികള്‍ വഷളായ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവരടക്കമുള്ളവരെ ഉള്‍പ്പെടുത്തി സുശീല്‍ കൊയ്‌രാള അടിയന്തര ഉന്നതതല യോഗം വിളിച്ചുകൂട്ടി. ഭൂകമ്പത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന നേപ്പാളില്‍ ഭാരതത്തിന്റെ നേതൃത്വത്തില്‍ വന്‍ രക്ഷാ, ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. 12ഓളം രാജ്യങ്ങള്‍ ദൗത്യത്തില്‍ പങ്കാളികളായിക്കഴിഞ്ഞു. ഭാരതവ്യോമസേനയുടെ ആറ് ഹെലികോപ്ടറുകളും പത്തോളം ട്രക്കുകളും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുന്നു. നാലു ആശുപത്രികളും ഭാരതസൈന്യം സ്ഥാപിച്ചു. മെഡിക്കല്‍ ടീം ഉള്‍പ്പെടെയുള്ള വിദഗ്ധസംഘത്തെ ചൈനയും നിയോഗിച്ചു. അമേരിക്കന്‍ സൈന്യത്തിലെ ഗ്രീന്‍ ബെരേറ്റ് വിഭാഗവും തിരച്ചില്‍ നടത്തുന്നു. ചെറുരാജ്യമായ ഭൂട്ടാന്‍പോലും നേപ്പാളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, സിംഗപ്പൂര്‍ തുടങ്ങിയവയുടെ ദൗത്യസംഘങ്ങളും വരുംദിവസങ്ങളില്‍ നേപ്പാളിലെത്തും. ഒട്ടനവധി രാജ്യങ്ങളും എണ്ണമറ്റ ഏജന്‍സികളും ഭക്ഷണവും വെള്ളവും മരുന്നുമെല്ലാം എത്തിക്കുന്നുണ്ടെങ്കിലും അവയൊന്നും നേപ്പാളിലെ ദുരിതമകറ്റാന്‍ പര്യാപ്തമാകുന്നില്ല. തിരച്ചില്‍ ഉപകരണങ്ങളും മരുന്നുകളുമായി വിമാനങ്ങള്‍ ഇന്നലെയും നേപ്പാളിലിറങ്ങി. ഭാരത വ്യോമസേനയുടെ എ1 32 വിമാനവും അതില്‍ ഉള്‍പ്പെടുന്നു. രണ്ട് ടണ്‍ ഭക്ഷണവും വെള്ളവും ഭാരത വിമാനത്തിലുണ്ടായിരുന്നു. നാനാഭാഗത്തുനിന്നും സഹായമെത്തിയിട്ടും ആയിരക്കണക്കിനുപേര്‍ ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ ഇപ്പോഴും വലയുകയാണ്. പാര്‍ക്കുകളിലും തെരുവുകളിലും പ്ലാസ്റ്റിക് ടെന്റുകള്‍ കെട്ടി കഴിയുന്നവരില്‍ പകര്‍ച്ചവ്യാധിഭീതിയേറിട്ടുണ്ട്. പ്രതികൂല കാലാവസ്ഥമൂലം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പലയിടങ്ങളിലും ഇതുവരെ എത്തിപ്പെടാനാവാത്തതും പ്രധാനപ്രശ്‌നം. കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധം തീര്‍ക്കുന്നു. അതേസമയം, കാഠ്മണ്ഡു എയര്‍പോര്‍ട്ടിലെ തിരക്കുമൂലം ഭാരതം അടക്കമുള്ള ചില രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് യാത്രമധ്യേ സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. വിമാനങ്ങളുടെ സമയക്രമത്തെയും അതുബാധിച്ചു. മഴയത്തും തുറസായ സ്ഥലങ്ങളിലും ടെന്റുകളിലും കഴിയാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ തങ്ങളുടെ ഉറ്റവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയാനും തുടങ്ങി. ഭരണകൂടവിരുദ്ധ വികാരവും അവര്‍ക്കിടയില്‍ ഉടലെടുത്തുകഴിഞ്ഞു. അതിനിടെ, കാഠ്മണ്ഡുവിലും പരിസര പ്രദേശങ്ങളിലും കൂട്ടശവസംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മണ്‍കൂനകള്‍ക്കടിയില്‍നിന്നും പുറത്തെടുത്ത ശവശരീരങ്ങള്‍ തുറന്ന സ്ഥലങ്ങളിലാണ് സംസ്‌കരിക്കുന്നത്. ബാഗ്മതി നദീ തീരത്തെ മിക്കയിടങ്ങളിലും ചിതകള്‍ ഒരുക്കപ്പെട്ടു. നൂറുകണക്കിന് ഭൗതികശരീരങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കേണ്ട അവസ്ഥയിലാണ് നേപ്പാളി ജനത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.