നേപ്പാള്‍: 20,000 ഭാരതീയരെ ഒഴിപ്പിച്ചു

Wednesday 29 April 2015 3:10 pm IST

കാഠ്മണ്ഡു: വന്‍നാശം വിതച്ച ഭൂകമ്പം ഉണ്ടായി നാലാം ദിനം പിന്നിടുമ്പോള്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സാവധാനം നേപ്പാളിലെ ഗ്രാമങ്ങളിലേക്കും കടന്നെത്തി. റോഡുകളെല്ലാം തകര്‍ന്നതാണ് രക്ഷാദൗത്യം പൂര്‍ണ്ണതോതില്‍ ഉള്‍നാടുകളില്‍ എത്താതിരുന്നതിനു കാരണം. മരണസംഖ്യ പതിനായിരം കവിയുമെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള പറഞ്ഞതെങ്കിലും അതിലൊന്നുമൊതുങ്ങില്ലെന്നാണ് വിവരം. കുഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടേയുള്ളു. 5,057  മരണം ഇതുവരെ  ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കാഠ്മണ്ഡുവില്‍ പോലും തകര്‍ന്നടിഞ്ഞ ബഹുനിലക്കെട്ടിടങ്ങളുടെ കല്‍ക്കൂമ്പാരങ്ങള്‍ക്കടിയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ട്. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മഴ വല്ലാതെ ബാധിക്കുന്നു. തുറസായ സ്ഥലങ്ങളിലെല്ലാം മൃതദേഹങ്ങള്‍ കൂട്ടമായി ദഹിപ്പിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് നേപ്പാളിലെങ്ങും. ചിതയില്‍ നിന്നുയരുന്ന പുകയാണ് പലയിടങ്ങളിലും. ഭൂചലനം  80 ലക്ഷം പേരെയെങ്കിലും ബാധിച്ചതായി രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള യുഎന്‍ സംയോജകന്‍ ജെയിംസ് മക്‌ഗോള്‍ഡ്രിക് പറഞ്ഞു. പതിനാലു ലക്ഷം പേര്‍ക്കെങ്കിലും അടിന്തരമായി ഭക്ഷണം എത്തിക്കേണ്ടതുണ്ട്. ചില സ്ഥലങ്ങളില്‍ ഒരു നാശവും ഉണ്ടായിട്ടില്ല.  എന്നാല്‍ മറ്റു ചിലയിടങ്ങള്‍ തരിപ്പണമായി. ഹെലിക്കോപ്ടറില്‍ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു. നേപ്പാളില്‍ നിന്ന് ഇതുവരെ  ഇരുപതിനായിരത്തിലേറെ ഭാരതീയരെ ഒഴിപ്പിച്ചു. 13 പേരാണ് മരിച്ചത്. ഇനിയും നിരവധി ഭാരതീയരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രക്ഷിച്ചവരെ വിമാനങ്ങളിലും ബസുകളിലും റക്‌സോളില്‍ നിന്ന് ട്രെയിനുകളിലും മടക്കിയെത്തിച്ചുകൊണ്ടിരിക്കുകയാണ്. ആസാമില്‍ നിന്നുള്ള ആറുപേരും കേരളത്തില്‍ നിന്നുള്ള രണ്ടു ഡോക്ടര്‍മാരും തെലുങ്കു നടന്‍ വിജയും അടക്കം 13 പേരാണ് നേപ്പാളില്‍ മരിച്ചത്, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നാണ് സൂചനകള്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള 18പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. പതിനഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള 170 പേരെയും ഭാരത ദൗത്യസേന രക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള 250 പേര്‍ ഇപ്പോഴും നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബംഗാളില്‍ നിന്നുള്ള 108 പേരെക്കുറിച്ച് ഒരു വിവരവുമില്ല. 336 ബംഗാളികള്‍ അവിടെ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.