റബ്ബര്‍ ഇറക്കുമതി തീരുവ 25 ശതമാനമാക്കി

Thursday 30 April 2015 10:33 pm IST

ന്യൂദല്‍ഹി/കോട്ടയം: കേന്ദ്രസര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ അഞ്ചു ശതമാനം കൂട്ടി 25 ശതമാനമാക്കി. ലോക്‌സഭയില്‍ ധന ബില്ലിന്‍മേലുള്ള ചര്‍ച്ചക്കുള്ള മറുപടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണിത് അറിയിച്ചത്. സംസ്ഥാനത്തുള്‍പ്പെടെ രാജ്യത്തെ റബര്‍ കര്‍ഷകര്‍ക്കും റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് ഈ തീരുമാനം.  കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതികളില്‍ മറ്റൊരു നിര്‍ണ്ണായക തീരുമാനമാണിത്. റബ്ബറിനെ മേക്ക് ഇന്ത്യ പദ്ധതിയഇല്‍ പെടുത്തി കൃഷിക്കും വ്യവസായത്തിനും സഹായകമായ നടപടികള്‍ കൈക്കൊള്ളുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വിലത്തകര്‍ച്ചയില്‍ വലയുന്ന കേരള കര്‍ഷകരുടെ ആവശ്യം കുടി പരിഗണിച്ച് റബ്ബറിന്റെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ 20 ശതമാനത്തില്‍നിന്ന് 25 ആക്കി വര്‍ധിപ്പിക്കുന്നു എന്നാണ് അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്. മോദി സര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ 20ശതമാനത്തില്‍ നിന്നും 25ശതമാനമാക്കി വര്‍ദ്ധിപ്പിച്ച ഉത്തരവ് റബ്ബര്‍ കര്‍ഷകര്‍ക്ക് പുത്തനുണര്‍വും പ്രത്യാശയും നല്‍കി. കര്‍ഷകരും റബ്ബര്‍ വ്യാപാരികളും ഒരുപോലെ ഈ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ്. യുപിഎ ഭരണ കാലത്തെ വികലമായ ഇറക്കുമതി നയംമൂലം റബ്ബര്‍വില കുത്തനെ ഇടിയുകയും നൂറുകണക്കിന് ചെറുകിട നാമമാത്ര റബ്ബര്‍കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. റബ്ബര്‍ വിലയിലുണ്ടായ ഇടിവ് വാണിജ്യമേഖലയിലാകെ മാന്ദ്യം സൃഷ്ടിക്കുകയും ചെയ്തു. റബ്ബര്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടയിലാണ് റബ്ബര്‍ കര്‍ഷകര്‍ക്കും ടാപ്പിങ് തൊഴിലാളികള്‍ക്കും അടക്കം ആശ്വാസവും ആശയും നല്‍കുന്ന തീരുമാനം നരേന്ദ്രമോദി സര്‍ക്കാരില്‍നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് കര്‍ഷകരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ 11ലക്ഷത്തോളം ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയെന്നാണ് റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പോസിറ്റീവായി കാണുന്നതായി റബ്ബര്‍ ഉത്പാദക സംഘടനകളുടെ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബാബുജോസഫ് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത്  ധനമന്ത്രി ചിദംബരത്തോട്  ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയതെന്ന് കര്‍ഷക കോണ്‍ഗ്രസ്  ജില്ലാ പ്രസിഡന്റുകൂടിയായ  ബാബു ജോസഫ് പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.