ആക്രമിക്കില്ല; പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും: സിങ്

Thursday 30 April 2015 9:17 pm IST

ന്യൂദല്‍ഹി: അതിര്‍ത്തിരാജ്യത്തെ ഭാരതം അങ്ങോട്ട് ആദ്യം ആക്രമിക്കുകയോ അവര്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കാതിരിക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് വെടി ഉതിര്‍ത്താല്‍ തക്ക മറുപടികൊടുക്കാന്‍ നമ്മുടെ സേന ശക്തമാണെന്നും സിങ് വ്യക്തമാക്കി. അതിര്‍ത്തിരക്ഷാ സേനയുടെ സുവര്‍ണ്ണ ജൂബിലി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് സുരക്ഷിതമായ അതിര്‍ത്തികള്‍ അവശ്യമാണ്. അതിര്‍ത്തിരക്ഷാ സേന ഭാരതത്തിന്റെ കരയിലെ അതിരു മാത്രമല്ല, ഗുജറാത്തിലും ബംഗ്ലാദേശുമായുമുള്ള കടല്‍-നദീതീര സംരക്ഷണമെന്ന മികച്ച കര്‍ത്തവ്യവും കൃത്യമായി പാലിക്കുന്നുണ്ടെന്ന് സിങ് ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ആറ് ഒഴുകിനടക്കുന്ന സുരക്ഷാ ഔട് പോസ്റ്റുകളും ഗുജറാത്തില്‍ മൂന്നെണ്ണവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു. അതിര്‍ത്തി സംരക്ഷിക്കുന്ന സേനയ്ക്ക് ഏറ്റവും പുതിയ ആയുധക്കോപ്പുകള്‍ ലഭ്യമാക്കുമെന്നുറപ്പുകൊടുത്ത മന്ത്രി ആയുധമേന്താന്‍ മാത്രമല്ല, അതിര്‍ത്തിയിലെ ജനങ്ങളുടെ ജീവിത ക്ഷേമപ്രവര്‍ത്തനങ്ങളും നോക്കുന്ന സേനാംഗങ്ങള്‍ ഏറെ പ്രശംസാര്‍ഹരാണെന്നു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.