ആര്‍എസ്എസ് നേതൃത്വത്തില്‍ ദുരിതാശ്വാസം: നേപ്പാളിലെ സേവനം പ്രശംസ നേടുന്നു

Thursday 30 April 2015 9:29 pm IST

കാഠ്മണ്ഡു: ആര്‍എസ്എസിന്റെ മാര്‍ഗ്ഗദര്‍ശിത്വത്തില്‍ നേപ്പാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടുന്നു. ഹിന്ദു സ്വയംസേവക സംഘിന്റെ (എച്ച്എസ്എസ്) ആഭിമുഖ്യത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ നേരിട്ടാണ് സേവാ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. കുറഞ്ഞത് 1000 പേര്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തകരായി ഇവിടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം ചെയ്യുന്നു. മെഡിക്കല്‍, സുരക്ഷ, ഭക്ഷണം, പാര്‍പ്പിടം, കുട്ടികളുടെ പരിചരണം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ തിരിച്ച് അവയ്‌ക്കെല്ലാം മേല്‍നോട്ടക്കാരെയും പ്രവര്‍ത്തകരേയും വിന്യസിച്ചിരിക്കുകയാണ്. ആര്‍എസ്എസ് നേപ്പാള്‍ ദുരന്ത ഭൂമിയില്‍ നടത്തുന്ന സേവനങ്ങള്‍ക്ക് വിവിധ രാജ്യങ്ങളും മാധ്യമങ്ങളും പ്രശംസ ചൊരിയുന്നുണ്ട്. ആര്‍എസ്എസിന്റെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതല്‍ സേവനവും സൗകര്യങ്ങളും മികച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭിക്കുന്നുവെന്ന കാരണത്താല്‍ കൂടുതല്‍ പേര്‍ എത്തുന്നുവെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിലും പകലും രാത്രിയും തണുപ്പായതിനാലും പാര്‍പ്പിട സൗകര്യമൊരുക്കാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഇതിനകം 10,000 ടാര്‍പൊളിന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തുകഴിഞ്ഞു. അത്രയുംതന്നെ കമ്പിളിപ്പുതപ്പുകളും ക്യാമ്പുകള്‍ വഴി വിതരണം ചെയ്തു. ഭക്ഷണ വിതരണവും ശ്രദ്ധയോടെയും ചിട്ടയോടെയും നടക്കുന്നുണ്ട്. അമ്പതു ഡോക്ടര്‍മാരുടെ സംഘം വിവിധ ക്യാമ്പുകളില്‍ ആതുര പരിചരണം നടത്തുന്നുണ്ട്. രാഷ്ട്രീയ സേവാ ഭാരതിയും സേവാ ഇന്റര്‍നാഷണലുമാണ് ഈ ചികിത്സാ വിഭാഗത്തിന്റെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ''ഈ ഡോക്ടര്‍മാര്‍ അസ്ഥിരോഗ ചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയവരാണ്. 2001-ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ കാലത്ത് സമാനമായ സ്ഥിതിവിശേഷം കൈകാര്യം ചെയ്ത വൈദഗദ്ധ്യം ഈ ഡോക്ടര്‍മാര്‍ക്കും സംഘ പ്രവര്‍ത്തകര്‍ക്കും ഉണ്ട്. അവര്‍ അത് നേപ്പാളിലെ ക്യാമ്പുകളില്‍ പ്രയോഗിക്കുന്നു. ലഖ്‌നൗ, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഡോക്ടര്‍ സംഘത്തിലെ അംഗങ്ങള്‍, '' ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. നേപ്പാളില്‍ പ്രവര്‍ത്തനം നടത്തുന്നത് എച്ച്എസ്എസ് വഴിയാണ്. അവിടേക്ക് പുറത്തുനിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊണ്ടുചെന്ന് സേവനം നടത്തേണ്ടതില്ല. എട്ടു മേഖലകള്‍ തിരിച്ച് അവിടെ പ്രവര്‍ത്തനം പരമാവധി ജനങ്ങള്‍ക്കു സേവനം എന്ന നിലയില്‍ വ്യാപിപ്പിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. നേപ്പാളിലേതുപോലെ ഭാരത-നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് ബീഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സക്രിയമാണെന്ന് വൈദ്യ വിശദീകരിച്ചു. നേപ്പാളില്‍ ആര്‍എസ്എസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവിടത്തെ സര്‍ക്കാരിന്റെ അറിവോടെ മാത്രമാണ് ചെയ്യുന്നത്. സര്‍ക്കാരുമായുള്ള സഹകരണത്തോടെയാണവ നടപ്പാക്കുന്നത്. ഇത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഇടപാടുമാണ്. മാധ്യമങ്ങള്‍ നേപ്പാളിലേക്ക് വന്‍ തോതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോയിരിക്കുന്നുവെന്നും വളരെ കുറച്ചുപേരേ ഉള്ളുവെന്നുമെല്ലാം വിവിധ തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ പലതും അസത്യമാണ്. അവിടെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതാണ് വാസ്തവം, വൈദ്യ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.