ഓംബുഡ്‌സ്മാന് ഗ്രാമപഞ്ചായത്ത് മറുപടി നല്‍കി

Thursday 30 April 2015 9:48 pm IST

എരുമേലി; സ്വകാര്യ വ്യക്തി റോഡുപുറമ്പോക്ക് ഭൂമി കയ്യേറിയതായി ചൂണ്ടിക്കാട്ടി വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാന് എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ചന്ദ്രന്‍ മറുപടി നല്‍കി. എരുമേലി തെക്ക് വില്ലേജില്‍ സ്വകാര്യ വ്യക്തിവക സ്ഥലം പഞ്ചായത്ത് പുറമ്പോക്കുഭൂമിയോടു ചേര്‍ന്നു സ്ഥിതിചെയ്യുന്നതിനാല്‍ പഞ്ചായത്ത് പുറമ്പോക്കുഭൂമിയാണെന്ന് കണ്ടെത്തുകയായിരുന്നു എന്നാല്‍ ഈ സ്ഥലം താലൂക് സര്‍വ്വേയര്‍ അളന്ന് തിട്ടപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ 2009-10 വര്‍ഷത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശൗചാലയം നിര്‍മ്മിക്കാനും പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി ഭൂമിയില്‍ കൂടി കടന്നുപോയ 11കെവി വൈദ്യുതിലൈന്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പഞ്ചായത്തുവക 21 സെന്റ് പുറമ്പോക്കു ഭൂമിയില്‍നിന്നും അനധികൃതമായി മണ്ണെടുത്തുമാറ്റിയ സംഭവത്തില്‍ പഞ്ചായത്ത് നല്‍കിയ നോട്ടീസില്‍ സ്വകാര്യ വ്യക്തിയായ വെട്ടിക്കൊമ്പില്‍ രാജേന്ദ്രന്‍ നഷ്ടപരിഹാരമായി പണമടച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയിരുന്നതായും സെക്രട്ടറി പറയുന്നു. എന്നാല്‍ തുടര്‍ന്ന് തര്‍ക്കമുണ്ടായ സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റിനായി അപേക്ഷ നല്‍കിയെങ്കിലും സ്ഥലം വീണ്ടും അളക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയോ സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇല്ലാതെയാണ് ജില്ലാ സര്‍വ്വേയര്‍ ഭൂമി അളന്നുതിരിച്ചതെന്നും പറയുന്നു. സ്വകാര്യ വ്യക്തിയും പഞ്ചായത്തും തമ്മില്‍ തര്‍ക്കമുള്ള സ്ഥലത്ത് കയ്യേറ്റം നടന്നിട്ടില്ലായെന്ന് 2013 ജൂണ്‍ 26ന് ജില്ലാ സര്‍വ്വേയര്‍നല്‍കിയ കത്ത് സ്വീകാര്യമല്ലാത്തതിനാല്‍ ഭരണസമിതിയുടെ നിര്‍ദ്ദേശാനുസരണം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയ സാഹചര്യത്തിലാണ് പെര്‍മിറ്റ് നല്‍കാന്‍ കഴിയാതിരുന്നതെന്നും സെക്രട്ടറി പറയുന്നു. പെര്‍മിറ്റ് തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്‍ നല്‍കിയ കേസില്‍ സംസ്ഥാനത്താദ്യമായി ഭരണ- പ്രതിപക്ഷാംഗങ്ങളെയും ഉദ്യോഗസ്ഥരെയും ഒരുമിച്ച് ഓംബുഡ്‌സ്മാന്‍ കോടതി വിളിപ്പിച്ചതും കഴിഞ്ഞദിവസമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.