ഹിന്ദുക്കള്‍ കണ്ടുപഠിക്കേണ്ടത്

Friday 1 May 2015 12:09 am IST

നായന്മാര്‍ കേരളത്തിലെ ജനസംഖ്യയുടെ 14.5 ശതമാനം മാത്രമാണ്. ഹിന്ദുക്കള്‍ 50 ശതമാനവും. ഹിന്ദുക്കളുടെ സാമ്പത്തിക ശക്തി വെറും 12 ശതമാനമാണ്. മെഗസ്തനീസ് എന്ന സഞ്ചാരി മലബാറിലെ നായന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത് രണധീരന്മാരായാണ്. കേരളത്തിലെ പടവീരന്മാരായിരുന്നു അവര്‍. ആദ്യം നായന്മാരെ ക്ഷത്രിയരായി കണക്കാക്കായിരുന്നെങ്കിലും ബ്രാഹ്മണരുടെ വരവോടെ അവര്‍ നായര്‍പട മാത്രമായി. അവര്‍ ഒരു ജാതിയല്ല, ഒരു വംശമായിരുന്നു. മരുമക്കത്തായ സമ്പ്രദായം അനുഷ്ഠിച്ചുപോന്ന ഇവരുടെ തറവാട് നാലുകെട്ടുകളായിരുന്നു. വൃത്തിയ്ക്കും ലാളിത്യത്തിനും അവര്‍ കേള്‍വികേട്ടിരുന്നു. പതിന്നാലര ശതമാനം മാത്രമുള്ള നായന്മാര്‍ ന്യൂനപക്ഷമാണ്. പക്ഷേ അവര്‍ ന്യൂനപക്ഷ പദവിക്കര്‍ഹരല്ല. കാരണം അവര്‍ 50 ശതമാനം വരുന്ന ഹിന്ദുസമൂഹത്തിന്റെ ഭാഗമാണ്. അടുത്തയിടെ നടത്തിയ ഒരു സാമ്പിള്‍ സര്‍വേയില്‍ നായന്മാര്‍ക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ 12 ശതമാനം മാത്രമാണുള്ളതെന്ന് കണ്ടെത്തുകയുണ്ടായി. അവരുടെ സാമ്പത്തിക ശക്തി വെറും 12 ശതമാനവും. ഭരണഘടനയുടെ 30(1)അനുഛേദം അനുസരിച്ച് ഭാഷാപരമായും മതപരമായും ന്യൂനപക്ഷമായവര്‍ക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുടങ്ങാന്‍ അവകാശം. മതന്യൂനപക്ഷത്തെ നിര്‍ണയിക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണഘടന അതിനെക്കുറിച്ച് കൃത്യമായി ഒന്നും പറയുന്നതുമില്ല. സിക്കുകാരും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ന്യൂനപക്ഷമായാണ് കണക്കാക്കിപ്പോരുന്നത്. ന്യൂനപക്ഷം എന്നുപറഞ്ഞാല്‍ വിവേചനം അനുഭവിക്കുന്ന സമൂഹം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതുകൊണ്ടാണ് അവര്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഹിന്ദുസമൂഹം ഭൂരിപക്ഷ സമുദായമാണെങ്കിലും ജാതിവിവേചനം രൂക്ഷമായ സമുദായമാണ്. പണ്ട് നായന്മാരില്‍ തന്നെ ഇല്ലക്കാര്‍, കിരിയത്തുനായര്‍ മുതലായ വേര്‍പിരിവുകള്‍ നിലനിന്നിരുന്നു. പരസ്പരം വിവാഹബന്ധത്തില്‍ പോലും ഏര്‍പ്പെട്ടിരുന്നില്ല. ഇതുകൊണ്ടാണ് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുള്ളത് ഹൈന്ദവരില്‍ എല്ലാവരും ന്യൂനപക്ഷക്കാരാണ് എന്ന്. എസ്‌സി, എസ്ടി എന്നിങ്ങനെ നിരവധി വിഭാഗങ്ങളുള്ള സമൂഹമാണ് ഹിന്ദുസമൂഹം. വിദ്യാഭ്യാസം, സാമ്പത്തിക സ്രോതസ്സ്, തൊഴില്‍ മുതലായവും സാമൂഹ്യപദവി നിശ്ചയിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത് 'ഡിവൈഡ് ആന്റ് റൂള്‍' നയത്തിലായിരുന്നല്ലോ. അവര്‍ മതവിഭാഗീയത പ്രോത്സാഹിപ്പിച്ചത് വിഘടിത ജനവിഭാഗങ്ങളെ ഭരിക്കാന്‍ എളുപ്പമാണെന്ന തിരിച്ചറിവിലാണ്. അവരാണ് മുസ്ലിംവിഭാഗത്തിന് വേറെ രാജ്യംപോലും കൊടുത്തത്. പക്ഷേ വളരെയധികം മുസ്ലിങ്ങള്‍ ഭാരതത്തില്‍തന്നെ തങ്ങി; ന്യൂനപക്ഷമായി തീര്‍ന്നു. ആംഗ്ലോ ഇന്ത്യന്‍സും ഇന്ത്യന്‍ ക്രിസ്ത്യാനികളും ന്യൂനപക്ഷമാണ്. എന്നുവച്ചാല്‍ സമൂഹത്തില്‍ 50 ശതമാനത്തില്‍ താഴെയുള്ളവര്‍. കേരളത്തിലെ 29 മെഡിക്കല്‍ കോളേജുകളില്‍ 10 എണ്ണം സര്‍ക്കാരിന്റെയും 16 എണ്ണം അഹിന്ദുക്കളുടെയും ആണെങ്കില്‍ ഹിന്ദുക്കള്‍ക്ക് വെറും മൂന്ന് മെഡിക്കല്‍ കോളേജാണുള്ളത്. മറ്റു മതവിഭാഗങ്ങളുടെ കോളേജുകളില്‍ അതത് സമുദായാംങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്നു. കേരളത്തിലെ 3200 മെഡിക്കല്‍ സീറ്റുകളില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്ക് 27 ശതമാനം മാത്രമാണ് ലഭിക്കുന്നത്. നായന്മാര്‍ക്ക് വെറും അഞ്ചുശതമാനം. മൂന്ന് ദശാബ്ദം കഴിയുമ്പോള്‍ മെഡിക്കല്‍ കമ്യൂണിറ്റി ഹൈന്ദവരല്ലാത്തവരാകും. നായന്മാരുടെ ശോച്യാവസ്ഥ കണ്ടാണ് മന്നത്തു പത്മനാഭന്‍ എന്‍എസ്എസ് രൂപീകരിച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും ഇതേനയം തുടര്‍ന്നു. പക്ഷേ ഇന്ന് പലരും സ്വന്തക്കാരുടെ പദവികള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ഐക്യം എന്നത് നായര്‍ സ്വഭാവമല്ല. പണ്ട് അനാചാരങ്ങളുടെ പേരില്‍ വിഘടിച്ചുനിന്നവര്‍ ഇപ്പോള്‍ അഹംബോധവും (ഈഗോ)വച്ചുപുലര്‍ത്തുന്നു. ഐക്യമില്ലാതെ ഒരു സമൂഹത്തിനും പുരോഗതിയുണ്ടാകില്ല. പണ്ട് മരുമക്കത്തായ സമ്പ്രദായം അനുഷ്ഠിച്ചിരുന്ന നായര്‍ തറവാടുകളില്‍ അധികാരം സ്ത്രീകള്‍ക്കായിരുന്നു. എന്റെ അമ്മയുടെ അമ്മൂമ്മ താക്കോല്‍ കൂട്ടവുമായി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ ആണ്‍മക്കള്‍ക്ക് എന്തിനും ഏതിനും അവരുടെ അനുവാദം വേണ്ടിയിരുന്നു. ഇന്നത്തെ വിവാഹചടങ്ങുകള്‍ അന്നില്ലായിരുന്നു. പെണ്‍കുട്ടികള്‍ക്ക് എട്ടോ ഒന്‍പതോ വയസ്സാകുമ്പോള്‍ അവരെ നിരത്തിയിരുത്തി ഒരു നമ്പൂതിരിയെകൊണ്ട് താലികെട്ടിച്ചിരുന്നു. ഓരോ കെട്ടുകഴിയുമ്പോഴും നമ്പൂതിരി കൈ കഴുകുമായിരുന്നു; തന്റെ ഭര്‍തൃപദവി കഴുകിക്കളയാന്‍. നായര്‍ സ്ത്രീകളുടെ വിവാഹം അന്ന് പുടവകൊടയായിരുന്നു. അനാര്‍ഭാടമായി നടത്തിയിരുന്ന പുടവനല്‍കല്‍ ചടങ്ങാണ് ഭാര്യ-ഭര്‍തൃബന്ധം സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ അതിന് പവിത്രത ഇല്ലായിരുന്നു. ഭര്‍ത്താക്കന്മാര്‍ രാത്രി മാത്രം വരുകയും പുലര്‍ച്ചെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു. വിദ്യാഭ്യാസവും പുരോഗമനവുമാണ് ഈ വ്യവസ്ഥിതിയ്ക്ക് വിരാമമിട്ടത്. സമസ്ത നായര്‍ സമാജം എന്ന സംഘടനരൂപംകൊണ്ടിട്ട് കുറെക്കാലമായി. ഈ സംഘടനയുടെ സംസ്ഥാന സമ്മേളനം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നു. എസ്എന്‍എസ് എന്ന ചുരുക്കപ്പേരുള്ള ഈ സംഘടനയ്ക്ക് വനിതാ വിഭാഗവും ഉണ്ട്. ചട്ടമ്പി സ്വാമികളെ ഗുരുവായി കരുതുന്ന 'സമസ്ത' വിദ്യാധിരാജ സോഷ്യല്‍ ഫൗണ്ടേഷനും നിരാലംബരെ സഹായിക്കാന്‍ രൂപീകരിച്ചിട്ടുണ്ട്. എസ്എന്‍ഡിപി യൂണിയന്‍ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ ഈഴവസമുദായത്തിനുവേണ്ടി വളരെ ക്രിയാത്മകമായ, ഗുണകരമായ നടപടികളാണ് സ്വീകരിക്കുന്നത്. അദ്ദേഹം ആഹ്വാനം ചെയ്യുന്നത് വിശാലഹിന്ദു ഐക്യമാണ്. യഥാര്‍ത്ഥത്തില്‍ അതല്ലേ ഹിന്ദുക്കള്‍ ചെവിക്കൊള്ളേണ്ടത്? നായര്‍, ശ്രീനാരായണീയര്‍, വെളുത്തേടത്തു നായര്‍ മുതലായ വേര്‍തിരിവുകള്‍ മറന്ന് ഹിന്ദുക്കള്‍ എല്ലാവരും ഒറ്റക്കെട്ടായാല്‍ 50 ശതമാനം വരുന്ന ഹിന്ദുക്കള്‍ക്ക് ക്രിയാത്മകമായി പലതും ചെയ്യാന്‍ കഴിയും. ഇന്ന് ഭരണത്തില്‍പോലും നായര്‍ പ്രാതിനിധ്യം കുറവാണ്. മുസ്ലിങ്ങള്‍ മുസ്ലിംലീഗുണ്ടാക്കി, ക്രിസ്ത്യാനികള്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കി. കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസിനും അധികാരം ലഭിക്കുകയും അതവര്‍ സ്വന്തം മതക്കാര്‍ക്കുവേണ്ടി മാത്രം പ്രയോഗിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ വിദ്യാഭ്യാസ നയവും പ്ലസ്ടു സീറ്റ് അനുവാദവും ഇപ്പോഴത്തെ എസ്എസ്എല്‍സി റിസല്‍ട്ട് വിവാദവും എല്ലാം മലപ്പുറം ജില്ലയെ ഉദ്ധരിക്കാനാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ധനമന്ത്രി കെ.എം.മാണി റബര്‍ കര്‍ഷകര്‍ക്കും ക്രിസ്ത്യന്‍ സമുദായത്തിനുംവേണ്ടി നിലനില്‍ക്കുന്നു. (അന്തിമലക്ഷ്യം മകന്റെ സ്ഥാനാരോഹണം ആണെങ്കിലും) ഇതില്‍നിന്നെല്ലാം നായന്മാരും ഹിന്ദുക്കളും പാഠം പഠിപ്പിക്കേണ്ടതുതന്നെ. രണ്ടുനായര്‍ സൊസൈറ്റികളല്ല പരിഹാരം. വെള്ളാപ്പള്ളി നടേശന്‍ പറയുന്നപോലെ ഒരു വിശാലഹിന്ദു ഐക്യമാണ് നാം രൂപപ്പെടുത്തേണ്ടത്. ഹിന്ദുക്കള്‍ അവര്‍ണരെന്നും സവര്‍ണരെന്നുമുള്ള അന്തരം മറന്ന്, നായര്‍-ശ്രീനാരായണീയര്‍ വെളുത്തേടത്തു നായര്‍, വേലന്‍, കണിയാന്‍ എന്നിങ്ങനെ തരംതിരിക്കാതെ ഒരു വിശാലഹിന്ദു ഐക്യം ഉണ്ടാക്കി വിശാലഹിന്ദു മുന്നണി രൂപീകരിച്ചാല്‍ ഒരു സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി ഉയരും. സമസ്തനായര്‍ സമാജം സ്വപ്‌നം കാണുന്നത് തുല്യനീതിയാണ്. ഇന്ന് നായന്മാര്‍ ബഹുവിധ കരയോഗങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും കരയോഗങ്ങള്‍ക്ക് സമുദായത്തില്‍ ഒരു പ്രതികരണം സൃഷ്ടിക്കാന്‍ സാധ്യമായിട്ടില്ല. തിരുവാതിരകളിയും മറ്റും പ്രോത്സാഹിപ്പിക്കേണ്ടതുതന്നെ. പക്ഷേ ഹിന്ദുക്കള്‍ യോജിച്ച് ഒരു ഏകോപിത സമുദായമായി മാറി, സമൂഹത്തിലും രാഷ്ട്രീയത്തിലും ശക്തിയാകാനാണ് പ്രധാനമായും ശ്രമിക്കേണ്ടത്. ഇതിന് വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് ഹിന്ദുക്കള്‍ കൂടുതല്‍ സ്‌കൂളുകള്‍, കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍ മുതലായവ രൂപീകരിച്ച് സമുദായത്തില്‍ ഗണ്യമായ ഒരു ശക്തിയായി മാറണം. ഹിന്ദുക്കള്‍ക്ക് ഒരു സംഘടിത വ്യവസ്ഥിതിയില്ല. അവര്‍ക്ക് ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും ഉണ്ടെങ്കിലും ക്രിസ്ത്യാനികളെപ്പോലെ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി പരസ്പരബന്ധം ശക്തിപ്പെടുത്തുന്ന രീതിയില്ല. ഭൂരിപക്ഷ സമുദായം എന്നുപറയുമ്പോഴും ഇപ്പോള്‍ മാനസികമായി ഓരോ ഹിന്ദുവും ബ്രാഹ്മണനും നായരും ശ്രീനാരായണീയരും എസ്എസ്എസ്ടി വിഭാഗക്കാരും വേലനും വെളുത്തേടത്തു നായരും മറ്റുമാണ്. ആദ്യമായി ഉള്‍ക്കൊള്ളേണ്ടത് നമ്മള്‍ ഹിന്ദുക്കളാണെന്നും ഭൂരിപക്ഷ സമുദായമാണെന്നുമുള്ള ചിന്തയാണ്.  അതിനുവേണ്ടത് വെള്ളാപ്പള്ളി പറയുന്നതുപോലെ ഒരു വിശാലഹിന്ദു ഐക്യമുന്നണി തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.