നരസിംഹാവതാരത്തിന്റെ സന്ദേശം

Friday 1 May 2015 12:11 am IST

നാളെ നരസിംഹ ജയന്തി നരസിംഹത്തിന്റെ അലര്‍ച്ച കേട്ടിട്ട് ബ്രഹ്മാവ് പോലും തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഒന്നിളകിപ്പോയി എന്നാണ് നാരായണീയത്തില്‍ നാരായണ ഭട്ടതിരിപ്പാട് പറഞ്ഞിട്ടുള്ളത്.  ധര്‍മ്മത്തിന്റെ സിംഹഗര്‍ജ്ജനം കേട്ട് അധര്‍മ്മമാകുന്ന കുറുനരികള്‍ ഞെട്ടി വിറക്കുന്നു. ഈ കാലഘട്ടത്തില്‍ നരസിംഹാവതാരം ചര്‍ച്ച ചെയ്യപ്പെടുന്നത് വളരെ പ്രസക്തമാണ്. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍ പ്രമുഖമായ നരസിംഹാവതാരം പറയുമ്പോള്‍ ഭാഗവതത്തിലേക്കാള്‍ ഘോരമായ പദങ്ങളും ശബ്ദങ്ങളുമാണ് നാരായണീയത്തില്‍ ഭട്ടതിരിപ്പാട് ഉപയോഗിക്കുന്നത്. നരസിംഹാവതാര ഗാംഭീര്യം നമുക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നത് നാരായണീയത്തിലെ 10 ശ്ലോകങ്ങള്‍ വായിക്കുമ്പോഴാണ്. ഭട്ടതിരിപ്പാടിന്റെ പദങ്ങളും ചമത്കാരങ്ങളും ഉപയോഗിക്കാനുള്ള കഴിവ് ഈ ദശകത്തിലാണ് കൂടുതല്‍ തെളിഞ്ഞുകാണുന്നത്. ശ്രീമത് ഭാഗവതം സപ്തമസ്‌കന്ധത്തില്‍ എട്ടാം അധ്യായത്തിലാണ് നരസിംഹാവതാരം വിവരിക്കുന്നത്. ഭക്തോത്തമനായ പ്രഹ്ലാദനെ അനുഗ്രഹിക്കാനും ഹിരണ്യകശിപുവിന്റെ സംഹാരത്തിനുമാണ് ഭഗവാന്‍ അവതരിക്കുന്നത്. അധാര്‍മ്മികള്‍ക്ക് കുടിലബുദ്ധിയാണ് ഉണ്ടാവുക. ഹിരണ്യകശിപു ബ്രഹ്മാവിനോട് ആവശ്യപ്പെട്ടത് ഇതുവരെ ആരും ചിന്തിക്കാത്ത വരമാണ്. മനുഷ്യനും മൃഗവും കൊല്ലരുത്, രാത്രിയിലും പകലും കൊല്ലരുത്. ആയുധങ്ങളെക്കൊണ്ട് മരിക്കരുത്. അകത്ത് വെച്ചും പുറത്ത് വെച്ചും കൊല്ലരുത്. ആകാശത്ത് വെച്ചും ഭൂമിയില്‍ വെച്ചും എന്നെ ആരും കൊല്ലരുത്. ഇതൊക്കെ ബ്രഹ്മാവ് വരമായി നല്‍കിയപ്പോഴും ഇതിനെയൊക്കെ വെല്ലാനുള്ള ഒരു ശക്തി ഈ പ്രപഞ്ചത്തിലുണ്ട് എന്ന സത്യം ഹിരണ്യകശിപുവിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ധര്‍മ്മം എന്നാല്‍ ഈശ്വരന്‍ തന്നെയാണ്. 'ധര്‍മ്മസ്യ പ്രഭു രച്യുത' എന്ന് പ്രമാണം. ഇരുമ്പ് ചുട്ടുപഴുക്കുമ്പോഴാണ് കൊല്ലന്‍ അതില്‍ ആഞ്ഞടിക്കുന്നത്. അധര്‍മ്മം ഹിരണ്യകശിപുവിന്റെ രൂപത്തില്‍ അരങ്ങ് തകര്‍ക്കുമ്പോഴാണ് നരസിംഹം അവതരിക്കുന്നത്. ഹിരണ്യകശിപുവിന്റെ അക്രമങ്ങള്‍ സഹിക്കവയ്യാഞ്ഞ് ഭഗവാന്റെ അടുത്ത് സങ്കടം പറയുന്ന ദേവന്മാരോട് ഭഗവാന്‍ പറയുന്നുണ്ട്, എന്റെ ഭക്തനായ പ്രഹ്ലാദനോടുള്ള ഉപദ്രവം അതിര്കടക്കുമ്പോള്‍ ഞാന്‍ അവനെ നശിപ്പിക്കുമെന്ന്. മനുഷ്യനായി ജനിച്ചാല്‍ ഓരേയൊരു ലക്ഷ്യമേ പ്രധാനമായി നേടേണ്ടതായുള്ളൂ. ഗോവിന്ദനാല്‍ ഏകാന്ത ഭക്തി. എവിടെയും എപ്പോഴും എല്ലാറ്റിലും ഗോവിന്ദനെ തന്നെ കണ്ടനുഭവിക്കുന്നതാണ് ഏകാന്ത ഭക്തി. ജഗത്തിനെ മുഴുവന്‍ ഗോവിന്ദമയമായി കണ്ടനുഭവിക്കുക. ഇത്തരം ചിന്തകള്‍ പ്രഹ്ലാദന്‍ പ്രചരിപ്പിക്കുന്നത് ഹിരണ്യകശിപുവിന്റെ കാതിലെത്തി. ഈ അക്രമങ്ങളൊക്കെ നിന്നെ പ്രേരിപ്പിക്കുന്ന ശക്തി ഏതാണെന്ന് ഹിരണ്യകശിപു മകനോട് ചോദിച്ചു. പ്രഹ്ലാദന്‍ പറഞ്ഞു. ആ ശക്തി എന്റെ മാത്രമല്ല. അങ്ങയുടേത് കൂടെയാണ്. ബലവാന്മാരുടെ ഒക്കെ ബലമാണ് ബ്രഹ്മാവ് മുതല്‍ പുഴുവരെയുള്ള ചരാചരങ്ങളുടെ ബലമാണ് അത്. അത് തൂണിലും തുരുമ്പിലും നിറഞ്ഞു നില്‍ക്കുന്നു. അങ്ങനെയെങ്കില്‍ നിന്നെ രക്ഷിച്ചു നിര്‍ത്തുന്ന ആ ശക്തി ഈ തൂണില്‍ ഉണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ഹിരണ്യകശിപു ശക്തിയോടെ തന്റെ മുന്നില്‍ കണ്ട തൂണില്‍ ശക്തിയായി ഇടിച്ചു. പെട്ടെന്ന് ഭീഷണമായ ഒരു നാദത്തോടുകൂടി, തൂണ് പിളര്‍ന്നു നരസിംഹം പുറത്ത് വന്നു. ഈ ശബ്ദം കേട്ട് ബ്രഹ്മാവും കുലുങ്ങി. അസുരന്മാര്‍ പേടിച്ച് വിറച്ചു. ചുട്ടു പഴുത്ത സ്വര്‍ണ്ണം പോലെയുള്ള കണ്ണുകള്‍, പ്രകാശിക്കുന്ന ജടകൊണ്ടും കണ്ഠരോമങ്ങള്‍ കൊണ്ടും പൊതിഞ്ഞു തുടുത്ത മുഖം. കത്തിയുടെ മുന പോലെയുള്ള നാക്ക്, മരക്കുറ്റിപോലെ നീണ്ടു നിവര്‍ന്ന ചെവി. പര്‍വ്വതഗുഹപോലെയുള്ള മൂക്ക്. ആകാശം മുട്ടുന്ന ശരീരം, നഖങ്ങളായ ആയുധങ്ങളോടുകൂടിയും- ന മൃഗാത്മകം, ന മനുജാകാരം- മൃഗവുമല്ല, മനുഷ്യനുമല്ലാത്ത ആ ഭീകരരൂപം ഹിരണ്യകശിപുവിനെ ഉമ്മറപ്പടിയില്‍ വെച്ച്, സന്ധ്യാസമയത്ത്, നരസിംഹത്തിന്റെ മടിയില്‍ വെച്ച് തന്റെ നഖങ്ങളെക്കൊണ്ട് വയറ് കീറി കുടല്‍മാല ശരീരത്തില്‍ അണിഞ്ഞ്, ചൂട് ചോര ഊറ്റിക്കുടിച്ച് ആ അസുരനെ കൊന്നു. അധര്‍മ്മത്തിന് മേല്‍ ധര്‍മ്മത്തിന്റെ വിജയം. നരസിംഹാവതാരം നമുക്ക് നല്‍കുന്ന സന്ദേശം, ഭാരതീയ ഈശ്വരവീക്ഷണത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ്. സെമറ്റിക് മതങ്ങള്‍ക്ക് ഈശ്വരന്‍ പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ ഇരിക്കുന്ന ഒരു ശക്തി വിശേഷമാണ്. എന്നാല്‍ ഭാരതീയര്‍ക്ക് ഈശ്വരന്‍ തൂണിലും തുരുമ്പിലും അകത്തും പുറത്തും ജീവസ്സായി നില്‍ക്കുന്ന ഒരു ഊര്‍ജമാണ്. ഈ സത്വമാണ് നരസിംഹാവതാര കഥയില്‍ കൂടി നമുക്ക് മനസ്സിലാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.