പഴവങ്ങാടി റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

Saturday 2 May 2015 12:34 pm IST

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി പഴവങ്ങാടി റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. രാവിലെ അഞ്ചു മണിയോടെയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഓടകള്‍ അടച്ച് അനധികൃതമായി കൈയേറിയ കടകളാണ് പൊളിച്ചു നീക്കിയത്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍. കിഴക്കേ കോട്ട, തമ്പാനൂര്‍ ഭാഗങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി ജിജി തോംസന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്ന നടപടികളുടെ ഭാഗമായാണ് പഴവങ്ങാടി ഭാഗത്തെ ഒഴിപ്പിക്കല്‍. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി ഒരു മാസത്തിനുള്ളില്‍ നടപ്പാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. വെള്ളം ഒഴുകിപ്പോകുന്ന തെക്കനിക്കര കനാല്‍ കൈയേറി സ്ഥാപിച്ചിരുന്ന കടകളും ബങ്കുകളും അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ചു മാറ്റി. വ്യാപാരികളുടെ ഭാഗത്തു നിന്ന് കാര്യമായ പ്രതിഷേധം ഒഴിപ്പിക്കലിനെതിരെ ഉണ്ടായില്ല. കളക്ടര്‍, എഡിഎം, സബ് കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടത്തിയത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി കിഴക്കേക്കോട്ടയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താനും ആലോചിക്കുന്നുണ്ട്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രി ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും ആലോചനയുണ്ടത്രേ. പകരം ഇവിടെ ഷോപ്പിംഗ് കോംപ്ലക്സ് സ്ഥാപിച്ച് വ്യാപാരികളെ ഇവിടെ പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.