എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞോടി ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതി പരത്തി

Saturday 2 May 2015 10:27 pm IST

ചിറ്റൂര്‍: തത്തമംഗലം അങ്ങാടിവേല എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞോടി പ്രദേശത്ത് ഒരു മണിക്കൂറോളം ഭീതിപരത്തി. ഒറ്റപ്പാലം മുകുന്ദന്‍ എന്ന ആനയാണ് ഇന്നലെ ഉച്ചയോടെ ഒന്നിന് ഇടഞ്ഞോടിയത്. വേട്ടക്കറുപ്പന്‍ ക്ഷേത്രത്തിനുസമീപം പരിശോധക സംഘം ആനയുടെ ഉയരം അളക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് ആന ജനവാസകേന്ദ്രമായ രായപ്പന്‍തെരുവിലൂടെ മടുപ്പിക്കാവ് റോഡിലേക്ക് ഓടി. റോഡിനു ഇരുഭാഗത്തും നിന്ന സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിച്ച് ഭയന്നോടിയെങ്കിലും ആന ആരെയും ഉപദ്രവിച്ചില്ല. റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഓടിയ ആനയെ പിറകേ ഒന്നാംപാപ്പാന്‍ ഉണ്ണികൃഷ്ണന്‍, രണ്ടാം പാപ്പാന്‍ വിജയന്‍ എന്നിവരും മറ്റ് ആനകളുടെ പാപ്പാന്മാരും പിന്തുടര്‍ന്നു. പിന്നീട് മടുപ്പിക്കാവ് മെയിന്‍ റോഡിലെത്തിയ ആന വീണ്ടും അരങ്കംവഴി തത്തമംഗലം ടൗണിലേക്ക് പ്രവേശിച്ചു. ഇവിടെ വച്ച് പാപ്പാന്മാര്‍ അനുനയത്തില്‍ കാലില്‍ ചങ്ങലയിട്ടു ആനയെ സമീപത്തെ തെങ്ങില്‍ തളച്ചു. കൊല്ലങ്കോട് വനംവകുപ്പ് അസിസ്റ്റന്റ് ഫോറസ്റ്റര്‍ ഷാജഹാനും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആനയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്കു മാറ്റി തളയ്ക്കാന്‍ നിര്‍ദേശം നല്കി.വെയില്‍ സമയത്ത് പരിശോധിച്ചതും വിശ്രമമില്ലാതെ ഉത്സവങ്ങളില്‍ പങ്കെടുത്തതുമാണ് ആന പ്രകോപിതനാക്കിയതെന്ന ആരോപണം ശക്തമാണ്. ഉത്സവംവേട്ടക്കറുപ്പസ്വാമിക്ക് തമിഴ്, തെലുങ്ക് വിഭാഗത്തിന്റെ നേര്‍ച്ചയാണ് ആന എഴുന്നള്ളിപ്പ്. മുതിര്‍ന്നവര്‍ മുതല്‍ പ്രായം കുറഞ്ഞവര്‍ വരെ ആനപ്പുറത്ത് കയറുന്നത് കീഴ്വഴക്കാചാരച്ചടങ്ങാണ്. എന്നാല്‍ എഴുന്നള്ളത്തുകളില്‍ കാണുന്ന ആലവട്ടവും വെഞ്ചാമരവും ഉണ്ടാകില്ല. എല്ലാ ആനകളും രാവിലെ വേട്ടക്കറുപ്പസ്വാമി സന്നിധിയിലെത്തി ഭഗവാനെ വണങ്ങി നീരാട്ടിനു പോകും. എഴുന്നള്ളിപ്പിന് വിളംബരമായി 101 ആചാരവെടി. നിരനിരയായി ആനകള്‍ വേട്ടപാളയത്ത് എത്തിയശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചേമ്പാടത്തും ഗജസംഗമം നടന്നു. തുടര്‍ന്ന് എഴുന്നള്ളത്ത് വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.ശുകപുരം ദിലീപിന്റെ തായമ്പക, ഗാനമേള, വെടിക്കെട്ട് എന്നിവ നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.