അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

Tuesday 23 August 2016 3:32 pm IST

ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത.് ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചു. ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കര്‍ണാനന്ദകരമായ ഓടക്കുഴല്‍ഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാല്‍ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാര്‍ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യം. അമ്പലപ്പുഴയുടെ പഴയ പേര് ചെമ്പകശ്ശേരി എന്നാണ്. ചമ്പകശ്ശേരിയില്‍ എത്തിയ വില്വമംഗലം സ്വാമിയാര്‍ ആലില്‍ ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണനെ കണ്ട് ദേവചൈതന്യം നിലനിര്‍ത്താനായി ദേവനാരായണരാജാവിനോടു ക്ഷേത്രം പണിയുവാനായി നിര്‍ദ്ദേശിച്ചു. നാറാണത്തുഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയതായി കഥയുണ്ട്. അമ്പലപ്പുഴയില്‍ പ്രസിദ്ധമായ ഐതിഹ്യമാണു നാറാണത്തുഭ്രാന്തന്‍ നടത്തിയ പ്രതിഷ്ഠ. പ്രതിഷ്ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാര്‍ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോള്‍ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീന്‍ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാന്‍ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ക്ഷേത്രക്കുളവും തന്ത്രിമാരെപ്പറ്റിയും ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തില്‍ കടികക്കോല്‍ മഠത്തിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. പ്രതിഷ്ഠിക്കാനായി തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്നു പുതുമന തിരുമേനി പറഞ്ഞതിനെ കടികക്കോല്‍ നമ്പൂതിരി എതിര്‍ത്തു. തെളിയിക്കാന്‍ ആവശ്യപ്പെടുകയും തെളിയിച്ചാല്‍ പാതി തന്ത്രം കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടന്‍ വിഗ്രഹം ഉടക്കുകയും അതില്‍ നിന്നും അഴുക്കു വെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തില്‍ ഉണ്ടെന്നു പുതുമന പറഞ്ഞതനുസരിച്ച് മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം. ഉത്തര കേരളത്തില്‍ നിന്നും തോറ്റോടിവന്ന ഒരുകൂട്ടം ഭടന്മാര്‍ ആഹാരത്തിനായി കുടമാളൂര്‍ ദേശത്തുവരുകയുണ്ടായി. ഇവര്‍ ആഹാരത്തിനായി അവിടെ പല വീടുകളിലും പോയങ്കിലും, ആഹാരം കിട്ടാതെ അലയുകയുണ്ടായി. ഇതു മനസ്സിലാക്കിയ ചില ബാലന്മാര്‍ അടുത്തുള്ള ദരിദ്ര ഇല്ലത്തിലേക്ക് ഇവരെ അയച്ചു. ആ ഇല്ലത്തിലെ നമ്പൂതിരി ബാലനെ കളിയാക്കാനായി അവന്റെ കൂട്ടുകാര്‍ മനപൂര്‍വ്വം ചെയ്തതായിരുന്നു ഇത്. എന്നാല്‍ ദരിദ്രനായ ആ ഉണ്ണി ആ പരിഹാസം മനസ്സിലാക്കി അവര്‍ക്ക് തന്റെ സ്വര്‍ണ്ണ മോതിരം ഊരി നല്‍കി ഭക്ഷണം കഴിച്ചു വരുവാന്‍ നിര്‍ദ്ദേശിച്ചു. ആ പടയാളികള്‍ തങ്ങളുടെ നന്ദി പ്രകാശിപ്പിക്കുവാനായി, പരിഹസിക്കാന്‍ വന്നവരുടെ കുടുംബം കൊള്ളയടിച്ച് നമ്പൂതിരി ഉണ്ണിക്ക് സമ്മാനിച്ചു. തുടര്‍ന്ന് ആ ഭാഗം മുഴുവനും പിടിച്ചെടുക്കുകയും ഒരു രാജ്യമായി വികസിപ്പിച്ചു അതിന്റെ രാജാവായി ആ ബാലനെ തന്നെ അധികാരസ്ഥാനം നല്‍കി ആദരിക്കുകയും ചെയ്തു. ആ രാജ്യത്തിന് ചെമ്പകശ്ശേരി എന്ന പേരു നല്‍കുകയും ചെയ്തു. ഒരു പക്ഷേ കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ രാജാവിന്റെ രാജ്യമാകാം അത്. ഒരു ക്ഷാമകാലത്ത്, ചെമ്പകശ്ശേരി രാജാവു ഒരു പരദേശിയായ തമിഴ് ബ്രാഹ്മണ പ്രഭുവില്‍ നിന്നും കുറച്ചു ധനം വായ്പ വാങ്ങുകയുണ്ടായി. എന്നാല്‍ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ ആ ബ്രാഹ്മണന്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുതു എന്നു. അതു കേട്ട ഖിന്നനായ രാജാവു തന്റെ മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവന്‍ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ കൊണ്ടു ചൊരിഞ്ഞു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുന്‍പായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാല്‍ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാന്‍ കൂട്ടാക്കിയില്ല. ചുരുക്കത്തില്‍ ആ ബ്രാഹ്മണന്‍ ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമര്‍പ്പിച്ച് പറഞ്ഞു ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും ഉച്ചപ്പൂജക്കു പാല്പായസം നല്‍കു എന്നു. അന്നു മുതലാണു ഇപ്പോള്‍ നാം കാണുന്ന പാല്പായസം തുടങ്ങിയത്. കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളില്‍ ഒന്നാണ്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാല്‍,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീര്‍ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വര്‍ണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങള്‍ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാര്‍ ഒരിക്കല്‍ ക്ഷേത്രദര്‍ശനത്തിനായി നാലമ്പലത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാര്‍ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയില്‍ ക്ഷേത്രജീവനക്കാര്‍ക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാര്‍, ബാലന്റെ വേഷത്തില്‍ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാല്‍ ഭഗവാനെയാണ് കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാര്‍ ഓടിയടുത്തെങ്കിലും ഭഗവാന്‍ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാര്‍ക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിര്‍ത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോള്‍ ഭഗവാന്‍ മണിക്കിണറിനു മുകളില്‍ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം. നാലുകൂട്ടം പ്രഥമന്‍, നാലുകൂട്ടം ഉപ്പേരി, അവിയല്‍, തോരന്‍, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാര്‍, കാളന്‍, പാല്, പഞ്ചസാര, കല്‍ക്കണ്ടം തുടങ്ങിയ വിഭവങ്ങളാണ് സദ്യക്കുള്ളത്. നാടകശാലയില്‍ വരിവരിയായിട്ട തൂശനിലകളില്‍ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തര്‍ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തന്‍കുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികള്‍ ക്ഷേത്രസന്നിധിയില്‍ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. ക്ഷേത്രക്കുളത്തില്‍ മുങ്ങി ദര്‍ശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകള്‍ പൂര്‍ത്തിയാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.