ആഴക്കടലിലെ മത്സ്യബന്ധന നിരോധനം വിവാദമാക്കാന്‍ ആസൂത്രിത നീക്കം

Sunday 3 May 2015 10:33 pm IST

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമാകും വിധത്തില്‍ മണ്‍സൂണ്‍ കാലയളവില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം ആഴക്കടലില്‍ 61 ദിവസം മത്സ്യബന്ധനം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമാക്കാന്‍ ആസൂത്രിത നീക്കം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തെ ട്രോളിങ് നിരോധനം നിലവിലുണ്ട്. ഇത് 61 ദിവസമായി വര്‍ദ്ധിപ്പിച്ചതിനൊപ്പം യന്ത്രം ഘടിപ്പിച്ചതും അല്ലാത്തതുമായ എല്ലാത്തരം യാനങ്ങള്‍ക്കും ഈ കാലയളവില്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധന നിരോധനം ബാധകമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ പടിഞ്ഞാറന്‍ മേഖലയിലാണ് ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഏപ്രില്‍ 15 മുതല്‍ തന്നെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ജൂണ്‍ 14 വരെ തുടരുന്ന നിരോധന തീരുമാനത്തിനെതിരെ ഇവിടങ്ങളില്‍ യാതൊരു എതിര്‍പ്പും ഉയര്‍ന്നിട്ടില്ല. സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷവുമുണ്ടാക്കാത്ത തീരുമാനത്തിനെതിരെ കേരളത്തിലാണ് ചില സംഘടനകള്‍ ബോധപൂര്‍വം ആശങ്ക സൃഷ്ടിക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള തീരക്കടലില്‍ നിരോധനം ബാധകമല്ലെന്നും ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കഴിഞ്ഞ ഏപ്രില്‍ 10ന് കേന്ദ്ര കൃഷിമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2007ല്‍ നിയമസഭ പാസാക്കിയ കേരള വര്‍ഷകാല മത്സ്യബന്ധന സംരക്ഷണ നിയമം നിലവിലുള്ള സാഹചര്യത്തില്‍ കേരളത്തിലെ സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. വിദേശ കപ്പലുകളും ട്രോളറുകളും ഉള്‍പ്പെടെ എല്ലാത്തരം മത്സ്യബന്ധനത്തിനും 61 ദിവസത്തെ നിരോധനം ആഴക്കടലില്‍ ഏര്‍പ്പെടുത്തുന്നത് മത്സ്യങ്ങളുടെ ഉത്പാദന വര്‍ദ്ധനവിന് ഏറെ ഗുണകരമാകും. ഇതിന്റെ ആത്യന്തിക നേട്ടം മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. നിലവിലെ ട്രോളിങ് നിരോധന കാലത്ത് ബോട്ടുകളിലേതിനേക്കാള്‍ ദോഷകരമായാണ് വലിയ യന്ത്രവത്കൃത വള്ളങ്ങളും മറ്റും മത്സ്യബന്ധനം നടത്തുന്നതെന്ന ആക്ഷേപം നിലവിലുണ്ട്. നടപ്പാക്കാത്ത മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രക്ഷോഭം നടത്തി പരിഹാസ്യരായവരാണ് ഇപ്പോള്‍ മത്സ്യബന്ധന നിരോധനത്തിന്റെ പേരിലും കുപ്രചാരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.