സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദിയാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

Monday 4 May 2015 7:24 pm IST

തിരുവനന്തപുരം: ചിന്മയാമിഷന്‍ സ്ഥാപകനും ആഗോളഭഗവദ്ഗീതാ പ്രചാരകനുമായിരുന്ന സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദിയാഘോഷങ്ങള്‍ക്ക് എറണാകുളത്ത് നാളെ തുടക്കമാകും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വൈകീട്ട് 6ന് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദിയാഘോഷങ്ങള്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഉദ്ഘാടനം ചെയ്യും. സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ചിന്മയാമിഷന്‍ ആവിഷ്‌കരിച്ചിരിക്കുന്ന വീടില്ലാത്തവര്‍ക്ക് ചിന്മയവീട് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. നാളെ രാവിലെ ഗണപതിഹോമത്തോടെയാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദിയാഘോഷങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ലക്ഷ്മീനാരായണപൂജ നടക്കും. 7ന് രാവിലെ ഗായത്രി ഹോമം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 3ന് ആചാര്യസംഗമത്തില്‍ യതിപൂജ നടക്കും. വൈകീട്ട് 4ന് സ്വാമി ചിന്മയാനന്ദന്റെ ജീവിതം വരച്ചുകാട്ടുന്ന ചലച്ചിത്രം ഓണ്‍ എ ക്വസ്റ്റ് പ്രദര്‍ശിപ്പിക്കും. രാത്രി 7.30ന് പൂനെ കേന്ദ്രമാക്കിയുള്ള ചിന്മയനാദബന്ധു അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. 8ന് രാവിലെ രാജോപചാരത്തോടെ ഗുരുപാദപൂജ നടക്കും. ഉച്ചയ്ക്ക് 3ന് പതിനായിരം പേര്‍ അണിനിരക്കുന്ന ഭഗവദ്ഗീതാ മന്ത്രാലാപനം അരങ്ങേറും. വൈകീട്ട് 6ന് ചിന്മയാമിഷന്‍ ആഗോളപ്രസിഡന്റ് സ്വാമി തേജോമയാനന്ദ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ചിന്മയജന്മശതാബ്ദിയാഘോഷങ്ങള്‍ക്ക് ചിന്മയജ്യോതി തെളിക്കും. തുടര്‍ന്ന് ചിന്മയസന്ദേശം പ്രചരിപ്പിക്കുന്ന ചിന്മയ സന്ദേശവാഹിനി രഥയാത്രയ്ക്കും അദ്ദേഹം ഫ്‌ളാഗ്ഓഫ് ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.