ടൂറിന്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ സെമി ഫൈനലില്‍ ഇന്ന് ഇറ്റാലിയന്‍ ടീം യുവന്റസിനെ നേരിടുന്ന സ്പാനിഷ് ജൈന്റ്സ് റയല്‍ മാഡ്രിഡിന് സ്ട്രൈക്കര്‍ കരീം ബെന്‍സേമയുടെ സേവനം ലഭിക്കില്ല.
കാല്‍മുട്ടിലെ പരിക്ക് ഭേദമാകാത്തതാണ് ഫ്രഞ്ച് താരത്തിന് വിനയായത്. റയല്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. രാത്രി 12.15ന് യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ആദ്യപാദ ക്വാര്ട്ടറിനിടെയായിരുന്നു ബെന്‍സേമയ്ക്ക് പരിക്കേറ്റത്. ഞായറാഴ്ച താരം പരിശീലനം നടത്തിയെങ്കിലും കായികക്ഷമത തെളിയിക്കാന്‍ പറ്റിയില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഗാരെത് ബെയ്ലിനുമൊപ്പം ഫോമിലുള്ള മെക്സിക്കന്‍ സ്ട്രൈക്കര്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് റയലിന്റെ ആക്രമണം നയിച്ചേക്കും. 4-4-2 ശൈലി സ്വീകരിക്കാനാണ് കാര്‍ലോ അന്‍സലോട്ടിയുടെ തീരുമാനമെങ്കില്‍ ഹെര്‍ണാണ്ടസ് കരയ്ക്കിരിക്കും. പകരം ടോണി ക്രൂസ് – ഇസ്കോ- ജെയിംസ് റോഡ്രിഗസ് ത്രയം നിലവിലെ ജേതാക്കളുടെ കളി മെനയാന്‍ നിയോഗിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: