രൂപേഷിന്റെ അറസ്റ്റ്: ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലും ജാഗ്രതാ നിര്‍ദേശം

Tuesday 5 May 2015 11:52 am IST

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കി. രൂപേഷിനെ പിടികൂടിയതിനുള്ള തിരിച്ചടി ഏതു നിമിഷവും പ്രതീക്ഷിക്കാമെന്നാണ് പോലീസ് കരുതുന്നത്. രൂപേഷിന്റെ അറസ്റ്റ് കേരളത്തില്‍ കാലങ്ങളായി നടക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു വിരാമമിടാന്‍ സഹായിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരള, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാ സംസ്ഥാനങ്ങളുടെ സംയുക്ത ശ്രമത്തിന്റെ ഭാഗമായാണു രൂപേഷിനെ അറസ്റ്റ് ചെയ്യാനായതെന്നും കേരളത്തിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം രൂപേഷിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ കമാന്‍ഡോകളായ കോബ്രയാണ് രൂപേഷിനെ പിന്‍തുടര്‍ന്നത്. ഇവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് തമിഴ്നാട് പൊലീസിന് രൂപേഷിനെ പിടികൂടിയത്. മൂന്നു ദിവസം മുന്‍പുതന്നെ രൂപേഷും ഭാര്യയും തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. രണ്ടു ദിവസം ചോദ്യം ചെയ്ത ശേഷമാണ് ആന്ധ്ര കോബ്രയ്ക്ക് കൈമാറിയത്. നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ് രൂപേഷ്. കേരളത്തിലെ വനിതാ ഗറില്ലാ വിഭാഗത്തിന്റെ ചുമതലയുള്ളയാളും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമാണ് ഷൈന. രാമചന്ദ്രന്റെയും സുമയുടെയും മകനായി വാടാനപ്പിള്ളിയില്‍ ജനിച്ച രൂപേഷ് നാട്ടിക എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദവും തുടര്‍ന്ന് നിയമ ബിരുദ യോഗ്യതയും നേടിയിട്ടുണ്ട്. നിയമബിരുദധാരിയായ ഭാര്യ ഷൈന ഹൈക്കോടതി ജീവനക്കാരിയായിരുന്നു. അങ്കമാലിയില്‍ നിന്ന് നക്‌സല്‍ നേതാവ് മല്ലരാജ റെഡ്ഡി അറസ്റ്റിലായതോടെയാണ് രൂപേഷിന്റെ തീവ്ര ഇടതുപക്ഷ ബന്ധത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.