ന്യൂദല്‍ഹി: വാഹനം ഇടിച്ചു വഴിയാത്രക്കാരനെ കൊന്ന കേസില്‍ ബോളിവുഡ് താരം സല്മാന് ഖാനെതിരെയുള്ള വിധി പ്രസാതാവന ഇന്ന്. പതിമൂന്നു വര്‍ഷത്തെ വിചാരണയ്ക്കുശേഷമാണ് കേസില്‍ വിധിപറയാനൊരുങ്ങുന്നത്.
ഇതിനെതുടര്‍ന്ന് ദല്‍ഹി സെഷന്‍സ് കോടതിയിക്കു സമീപത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സല്‍മാന്റെ ആരാധകര്‍ കോടതി പരിസരത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിധിപ്രസ്താവന വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും വക്കീലന്മാര്ക്കും മാത്രമാണ് കോടതി വളപ്പില്‍ പ്രവേശിക്കാന്‍ അനുമതി.
കഴിഞ്ഞമാസം അവസാനം വിചാരണ പൂര്‍ത്തിയായ കേസില്‍ മെയ് ആറിന് വിധി പ്രസാതാവന നടത്തുമെന്ന് സെഷന്‍സ് ജഡ്ജി ഡി. ഡബ്ലിയൂ. ദേശ്പാണ്ഡെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് (11.45) കോടതിയില്‍ ഹാജരാകാനും സല്‍മാനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ സല്‍മാനെതിരെ ചുമത്തിയിട്ടുള്ളതിനാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനിടെ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് താന്‍ അല്ലെന്നും തന്റെ ഡ്രൈവര്‍ അശോക് സിംങ്ങാണെന്നും സല്മാന് വിചാരണവേളയില്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സാക്ഷിപ്പട്ടികയില്‍ സിങ്ങിന്റെ പേരും എഴുതിച്ചേര്‍ത്തു. സല്‍മാന്റെ ബോഡിഗാര്‍ഡ് രവീന്ദ്ര പാട്ടീല്‍, സുഹൃത്തും ഗായകനുമായ കമാല്ഖാന് എന്നിവരാണ് കേസിലെ മറ്റ് സാക്ഷികള്‍.
മദ്യലഹരിയില്‍ ബാന്ദ്രയിലെ ബേക്കറിയിലേക്ക് തന്റെ സ്പോര്‍ട് യുട്ടിലിറ്റി കാര്‍ ഇടിച്ചു കയറ്റി ഒരാളെ കൊന്നതാണ് സല്‍മാനെതിരെയുള്ള കേസ്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: