ഇടുക്കി: വാഗമണ്ണിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി അഡ്വഞ്ചര്‍ ടൂറിസം പദ്ധതി വരുന്നു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും വാഗമണ്‍ ഡെസ്റ്റിനേഷന്‍ കമ്മറ്റിയും സംയുക്തമായാണ് സാഹസിക ഇനങ്ങള്വാഗമണ്ണിലൊരുക്കുന്നത്. ബര്‍മ ബ്രിഡ്ജ്, സിബ് ലൈനര്‍, റാഫ്റ്റിങ്, സോര്‍ബിങ്, ഹെലികോപ്റ്റര്‍ ലാഡര്‍ തുടങ്ങിയ സാഹസിക ഇനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
കുന്നുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന റോപ്പില്‍ കൂടി 50 മീറ്റര്‍ ഉയരത്തില്‍ കൂടി നടന്നുപോകാവുന്ന സാഹസിക ഇനമാണ് ബര്‍മ ബ്രിഡ്ജ്. റബറൈസ്ഡ് ബോട്ടില്‍ കൂടി തടാകത്തിലൂടെ തുഴഞ്ഞ് നടക്കാം റാഫ്റ്റിങ് കായിക വിനോദത്തിലൂടെ. വായുകടത്തിയ ബലൂണിനുള്ളില്‍ കയറി ജലാശയത്തിലെ വെള്ളത്തിനുമുകളിലൂടെ നടന്ന് ആനന്ദിക്കാന്‍ അവസരമാണ് സോര്‍ബിങ്.
25 അടി ഉയരത്തിലായി തൂക്കിയിട്ടിരിക്കുന്ന ഏണിയില്‍ സാഹസികമായി കയറാന്‍ കഴിയുന്നതാണ് ഹെലിക്കോപ്റ്റര്‍ ലാഡര്‍. വാഗമണ്ണിലെ ഒരു കുന്നില്‍ നിന്ന് മറ്റൊരുകുന്നിലേക്ക് ഇരുമ്പ് വടത്തില്‍ കൂടി ഊര്‍ന്ന് സഞ്ചരിക്കാവുന്ന സാഹസിക ഇനമാണ് സിബ് ലൈനര്‍. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി തോമസ് അധ്യക്ഷനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: